ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ബ്രിട്ടൻ :- ബ്രിട്ടന്റെ വിധിയെ നിർണ്ണയിക്കുന്ന ജനറൽ ഇലക്ഷൻ ഫലം പുറത്തു വന്നു. കൺസർവേറ്റീവ് പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയം. ഇതുവരെ എണ്ണിയ വോട്ടുകളിൽ, കൺസർവേറ്റീവ് പാർട്ടിക്ക് 326 സീറ്റുകൾ ലഭിച്ചു. ഇനിയും ഫലങ്ങൾ പുറത്ത് വരാനുണ്ട്. ബോറിസ് ജോൺസൺ, 74 എംപിമാരുടെ ഭൂരിപക്ഷത്തോടെ പ്രധാനമന്ത്രിയായി തിരിച്ചുവരുമെന്ന് ബിബിസി അഭിപ്രായപ്പെട്ടു. ഇതോടെ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തു പോകുമെന്നത് ഉറപ്പായി.
ലേബർ പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. ഇനിയൊരു ഇലക്ഷന് താൻ മത്സരിക്കില്ലെന്ന് ലേബർ പാർട്ടി നേതാവ് ജെർമി കോർബിൻ പ്രഖ്യാപിച്ചു. 2016 ൽ ലേബർ പാർട്ടിക്ക് ലഭിച്ച നോർത്തിലെയും, മിഡ്‌ലാൻഡിലെയും മറ്റും പല സീറ്റുകൾ ഇപ്രാവശ്യം അവർക്ക് നഷ്ടമായി.ബ്രെക്സിറ്റ് നടപ്പിലാക്കുക തന്റെ ഉത്തരവാദിത്തമാണെന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി ബോറിസ് ജോൺസൺ വാർത്താ സമ്മേളനത്തിൽ പ്രസ്താവിച്ചു. ലേബർ പാർട്ടി മുന്നോട്ട് വച്ച വാഗ്ദാനങ്ങളെ ജനങ്ങൾ പാടെ തള്ളിക്കളഞ്ഞു. എന്നാൽ സ്കോട്ടിഷ് നാഷണൽ പാർട്ടി പ്രതീക്ഷിച്ചതിൽ അധികം സീറ്റുകൾ നേടി. ബോറിസ് ജോൺസൺ ഭൂരിപക്ഷം കൂടുമ്പോഴും, സ്കോട്‌ലൻഡിന്റെ ഭാഗത്ത് നിന്നുള്ള എതിർപ്പുകൾ ആണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.
ഫലം പുറത്തുവന്നതോടെ ലേബർ പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായഭിന്നതകൾ ഉടലെടുത്തിട്ടുണ്ട്. ജെർമി കോർബിൻ ജനസമ്മതി ഇല്ലായ്മയാണ് പാർട്ടിയെ പരാജയത്തിലേക്ക് നയിച്ചത് എന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. അഞ്ചു വർഷത്തിനുള്ളിൽ നടത്തപ്പെടുന്ന മൂന്നാമത്തെ ജനറൽ ഇലക്ഷൻ ആണ് ഇപ്രാവശ്യം ബ്രിട്ടനിൽ നടന്നത്. അടുത്ത വർഷം ജനുവരി 31 ഓടെ ബ്രെക്സിറ്റ് നടപ്പിലാക്കാനുള്ള എല്ലാ തയ്യാറെടുപ്പിലുമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ.
Leave a Reply