ന്യൂസ് ഡെസ്ക് , മലയാളം യുകെ
യുകെയും ഇന്ത്യയും ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളും മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കേണ്ടതും ആണ് കൊറോണ വൈറസിന് പ്രതിരോധിക്കാനുള്ള മാർഗ്ഗമായി നിർദ്ദേശിക്കുന്നത്.
ശരിയായ രീതിയിൽ മാസ്ക് ഉപയോഗിക്കാത്തതും, അത് ധരിക്കാതിരിക്കുന്നതും ഏകദേശം ഒരുപോലെയാണ്. സാമൂഹിക അകലം പാലിക്കുന്നതിനെ കുറിച്ച് കൃത്യമായ നിർദേശങ്ങളുണ്ടെന്നിരിക്കെ മുഖം മറയ്ക്കുന്ന രീതിയിലുള്ള ഏതെങ്കിലും വസ്ത്രം പോലും മാസ്ക് ആയി ഉപയോഗിച്ചാൽ മതി എന്ന അവസ്ഥയാണ്. ലോകാരോഗ്യ സംഘടനയുടെ സെന്റർ ഫോർ ഡിസീസ് ആൻഡ് പ്രിവൻഷൻ കൺട്രോൾ നിർദ്ദേശപ്രകാരം മാസ്ക് എങ്ങനെയാണ് ശരിയായി ധരിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, നാം ധരിക്കുന്ന മാസ്ക് നമ്മുടെ വായും മൂക്കും താടിയും മറച്ചാൽ മാത്രമേ ആരോഗ്യപരമായി നമ്മുടെ ലക്ഷ്യം പൂർത്തിയാകൂ. തുണികൊണ്ടുള്ള മാസ്ക് ധരിക്കുന്നതിന് മുൻപ് കൈകൾ ശുദ്ധജലവും സോപ്പും ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കണം. ( കൈകഴുകേണ്ട വിധം:1 പൈപ്പ് തുറന്നു കൈകൾ നനച്ച് സോപ്പ് ആവശ്യത്തിന് കയ്യിലെടുത്ത ശേഷം പൈപ്പ് അടയ്ക്കുക, ശുദ്ധജലം മാത്രം ഉപയോഗിച്ച് കൈകൾ കഴുകുന്നതിനേക്കാൾ വൈറസിനെ അകറ്റാൻ നല്ലത് സോപ്പോ ഹാൻഡ് വാഷോ ഉപയോഗിക്കുന്നതാണ്.
2. വിരലുകൾക്കിടയിലും കൈകളുടെ പിൻഭാഗത്തും നഖങ്ങളിലും ഉൾപ്പെടെ സോപ്പ് നന്നായി പതപ്പിച്ച് വിരൽതുമ്പുകൾ ഉപയോഗിച്ച് ഉരച്ച് കഴുകുക, ഇങ്ങനെ കഴുകുന്നത് കൈകളിലെ അഴുക്കും അണുക്കളും നശിക്കാൻ വേണ്ടിയാണ്.
3. ചുരുങ്ങിയത് 20 സെക്കൻഡ് എങ്കിലും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം, സമയം ഉറപ്പിക്കാനായി രണ്ട് റൗണ്ട് ഹാപ്പി ബർത്ത്ഡേ റ്റു യു എന്ന പാട്ട് മൂളുകയോ ഈണമിടുകയോ ചെയ്യാം.
4. ഇനി പൈപ്പ് തുറന്ന് കൈകൾ വൃത്തിയായി കഴുകാം.
5. ഉടൻതന്നെ കൈകൾ വൃത്തിയുള്ള ടൗവ്വലോ എയർ ഡ്രയറോ ഉപയോഗിച്ച് ഉണക്കണം. കാരണം നനഞ്ഞ കൈകളിലൂടെ അണുക്കൾ അതിവേഗം പ്രജനനം നടത്തുന്നു.
സാനിറ്റൈസറുകളെക്കാൾ മികച്ചത് സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുന്നതാണെന്ന് തെളിഞ്ഞിട്ടുണ്ട്. 20 സെക്കൻഡ് ഒരു മാജിക് നമ്പർ ഒന്നുമല്ല, എങ്കിൽപോലും ചുരുങ്ങിയ സമയം 20 സെക്കൻഡ് ആണെന്ന് ലോകാരോഗ്യസംഘടന ഉൾപ്പെടെ സമ്മതിച്ചു കഴിഞ്ഞു.
ഇനി മാസ്കിന്റെ വള്ളികളിൽ പിടിച്ചു മാസ്ക് ധരിക്കാം. മുഖത്തിന്റെ വശങ്ങളിൽ വായു കടക്കുന്ന രീതിയിലുള്ള ഗ്യാപ്പുകൾ ഉണ്ടാവാൻ പാടില്ല, അതേസമയം ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ വലിച്ചു കെട്ടുകയും അരുത്. മാസ്കിനുള്ളിൽ വയർ ഉണ്ടെകിൽ ആ ഭാഗം മൂക്കിനു മുകളിൽ വെച്ച് അമർത്തി അഡ്ജസ്റ്റ് ചെയ്യുക. മൂക്കും വായും താടിയും കൃത്യമായ രീതിയിൽ മറച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക. മാസ്ക്കിനു മടക്കുകളുണ്ടെങ്കിൽ അവ താഴേക്ക് തുറക്കുന്ന രീതിയിൽ ആയിരിക്കണം ധരിക്കേണ്ടത്. ഒരുപ്രാവശ്യം മാസ്ക് ധരിച്ചാൽ അത് മുഖത്തുനിന്ന് എടുത്ത് മാറ്റുമ്പോൾ അല്ലാതെ ഇടയ്ക്കിടയ്ക്ക് തൊടാൻ പാടില്ല.
തീരെ അയഞ്ഞ മാസ്ക്കുകൾ ധരിക്കാതിരിക്കുക, മൂക്കിനോ വായക്കോ മുഖത്തിന്റെ വശങ്ങളിലോ തുറന്നു കിടക്കുന്ന രീതിയിലാണ് നിങ്ങളുടെ മാസ്ക് എങ്കിൽ അന്തരീക്ഷ വായുവുമായി സമ്പർക്കം ഉണ്ടാവുക വഴി നിങ്ങൾ സ്വന്തം ശരീരത്തിലേക്ക് വൈറസിന് വഴിയുണ്ടാക്കി കൊടുക്കുകയാണ്. മൂക്ക് പുറത്തു കാണുന്ന രീതിയിൽ മാസ്ക് ധരിക്കാതിരിക്കുക, വായുവിലൂടെയാണ് വൈറസ് വ്യാപനം എന്നത് മറക്കാതിരിക്കുക.
ഒരിക്കൽ ധരിച്ചുകഴിഞ്ഞാൽ, നിങ്ങൾ പൊതുസ്ഥലത്ത് ആയിരിക്കുമ്പോൾ മാസ്കിൽ തൊടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക നിങ്ങളുടെ കൈകളിൽ പറ്റിപ്പിടിച്ചേക്കാവുന്ന അണുക്കളെ ശ്വസനവ്യൂഹത്തിലേക്ക് കടത്തി വിടാതിരിക്കുക.
പൊതു സ്ഥലങ്ങളിൽ നിന്നും തിരികെ വീട്ടിൽ എത്തിയാൽ ഉടൻ ഇയർ ലൂപ്പുകൾ അഥവാ വള്ളികളിൽ പിടിച്ചു തന്നെ മാസ്ക് അഴിച്ചെടുക്കുക, മാസ്കിന്റെ മുൻവശത്ത് തൊടാതിരിക്കുക. ഉടൻതന്നെ മാസ്ക് കഴുകി വൃത്തിയാക്കുന്നില്ലെങ്കിൽ അടച്ച് ഭദ്രമാക്കി വെക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ബാഗിനുള്ളിൽ സൂക്ഷിച്ചു വെക്കുക.
മാസ്ക് അഴിച്ച ഉടൻതന്നെ ആദ്യം നിർദ്ദേശിച്ച പ്രകാരം കൈകൾ കഴുകി വൃത്തിയാക്കുക. ഈ രീതി ശരിയായി പിന്തുടർന്നാൽ കൊറോണ വൈറസിനെ അകറ്റി നിർത്താനാവും, ഇത് എല്ലാവരും പാലിച്ചാൽ ചുരുങ്ങിയത് 33,000 പേരുടെ ജീവനെങ്കിലും രക്ഷിക്കാനാവും.
Leave a Reply