ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : 12 വയസ്സിനു മുകളിലുള്ള അപകടസാധ്യതയുള്ള കുട്ടികൾക്കോ, അപകട സാധ്യതയുള്ളവരോടൊത്ത് കഴിയുന്ന കുട്ടികൾക്കോ മാത്രം വാക്സീൻ നൽകിയാൽ മതിയെന്ന് ആഴ്ചകൾക്ക് മുമ്പ് വാക്സിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷൻ ജോയിന്റ് കമ്മിറ്റി നിർദേശിച്ചിരുന്നു. എന്നാൽ ഇപ്പോൾ 16 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകാനുള്ള തീരുമാനം ജെസിവിഐ കൈകൊണ്ടിട്ടുണ്ട്. കോവിഡ് കാരണം കുട്ടികൾ ഗുരുതരമായ ബുദ്ധിമുട്ടുകൾ നേരിടുന്നില്ലെങ്കിലും ന്യൂറോ ഡിസബിലിറ്റികൾ, ഡൗൺസ് സിൻഡ്രോം തുടങ്ങിയ അവസ്ഥയിലുള്ളവർക്ക് കോവിഡ് പിടിപ്പെട്ടാൽ അത് ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ ഒരു സർവ്വേയിൽ, ഇംഗ്ലണ്ടിലെ 90% രക്ഷിതാക്കളും തങ്ങളുടെ കുട്ടികൾക്ക് വാക്സിൻ നൽകാനുള്ള തീരുമാനത്തെ അനുകൂലിക്കുമെന്ന് കണ്ടെത്തിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദുർബലരായ കുട്ടികളിൽ കോവിഡിൽ നിന്നുള്ള ഉയർന്ന അപകടസാധ്യത കണക്കിലെടുത്ത്, ജൂലൈ പകുതിയോടെ അവർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ ജെസിവിഐ ശുപാർശ ചെയ്തിരുന്നെങ്കിലും ആവശ്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. യുഎസ്, ഇസ്രായേൽ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളെല്ലാം 12 വയസ്സിന് മുകളിലുള്ളവർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്. യുകെയിലെ മെഡിസിൻസ് ഏജൻസിയായ എംഎച്ച്ആർഎ, ജൂൺ ആദ്യം 12 വയസ്സിൽ കൂടുതലുള്ളവർക്ക് ഫൈസർ/ബയോഎൻടെക് വാക്സീൻ ഉപയോഗിക്കുന്നതിന് അംഗീകാരം നൽകിയിരുന്നു. എന്നാൽ ഈ വാക്സീൻ സ്വീകരിച്ചവർക്ക് കോശജ്വലന ഹൃദ്രോഗം പോലുള്ള രോഗങ്ങൾ ഉണ്ടാകുന്നുവെന്ന വാർത്ത വന്നതോടെ ജെസിവിഐ മുൻകരുതലുകൾ സ്വീകരിച്ചു.

സെപ്റ്റംബറിൽ സ്കൂൾ തുറക്കുന്നതിന് മുമ്പ് 12 മുതൽ 17 വയസ്സുവരെയുള്ള ഇംഗ്ലണ്ടിലെ 39 ലക്ഷം കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത് കോവിഡിന്റെ അപകടസാധ്യത കണക്കിലെടുത്താൽ നിർണായകമാണെന്ന് ലാൻസെറ്റ് ജേണലിൽ പറയുന്നു. ഇപ്പോൾ, 12 വയസ്സിന് മുകളിലുള്ള ദുർബലരായ കുട്ടികൾക്കും അപകടസാധ്യതയുള്ള മുതിർന്നവർക്കൊപ്പം താമസിക്കുന്നവർക്കും വാക്സിൻ നൽകുന്നു. ഏറ്റവും പുതിയ ജെസിവിഐ ശുപാർശ പ്രകാരം ആരോഗ്യമുള്ള 16- നും 17-നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ ആദ്യ ഡോസ് നൽകാറുണ്ട്. എന്നാൽ രണ്ടാമത്തെ ഡോസ് എപ്പോൾ നൽകണമെന്ന കാര്യം കമ്മിറ്റിയുടെ തീരുമാനത്തിന് കീഴിലാണ്.