ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹൈ സ്ട്രീറ്റ് കടകളിലെ നിയമവിരുദ്ധ സിഗരറ്റ് വ്യാപാരത്തെ കുറിച്ചുള്ള ബിബിസിയുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. പ്രാദേശിക സ്റ്റോറുകളുടെ അടിയിൽ ആയിരക്കണക്കിന് വ്യാജ സിഗരറ്റുകളും കള്ളക്കടത്തും സൂക്ഷിക്കുന്ന രഹസ്യ അറകളാണ് അധികൃതർ കണ്ടെത്തിയത്. ഇത്തരത്തിൽ നിയമവിരുദ്ധമായി സൂക്ഷിക്കുന്ന ഉത്പന്നങ്ങൾ പലപ്പോഴും ഡോറുകൾക്ക് പിന്നിലും തറയുടെ അടിയിലും ആയി ഒളിപ്പിക്കും. ബ്രാഡ്ഫോർഡ്, കവൻട്രി, നോട്ടിംഗ്ഹാം തുടങ്ങിയ നഗരങ്ങളിലും വ്യാജ സിഗരറ്റ് വിൽക്കുന്ന ക്രിമിനൽ സംഘങ്ങൾ ഉണ്ടെന്നും റിപ്പോർട്ടിലുണ്ട്.
മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത്, നിയമവിരുദ്ധ കുടിയേറ്റം എന്നിവയുൾപ്പെടെയുള്ള മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങളെ ബന്ധിപ്പിക്കുന്ന കണ്ണിയായാണ് നിയമവിരുദ്ധ പുകയില വ്യാപാരത്തെ ഉദ്യോഗസ്ഥർ വിശേഷിപ്പിക്കുന്നത്. ബ്ലാക്ക് മാർക്കറ്റുകളിൽ ഇവ സജീവമാകുന്നതിനോടൊപ്പം ഇത് നിയമപാലകരിലും സർക്കാരിലും പൊതുജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുകയും ചെയ്യുന്നുവെന്ന് ക്രിമിനോളജിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. ഹളിൽ മാത്രം 80 കടകളിൽ ഇത്തരം നിയമവിരുദ്ധ വ്യാപാരം നടക്കുന്നതായി കണ്ടെത്തി.
നിയമവിരുദ്ധമായ ഇത്തരം വ്യാപാരങ്ങൾ പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാണ്. നിയമവിരുദ്ധ സിഗരറ്റുകളിൽ ആസ്ബറ്റോസ്, മനുഷ്യ മാലിന്യങ്ങൾ, ചത്ത പ്രാണികൾ തുടങ്ങിയ ദോഷകരമായ വസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഈ ഉത്പന്നങ്ങൾ വളരെ കുറഞ്ഞ വിലയ്ക്കാണ് വിൽക്കപ്പെടുന്നതും. ജീവിത ചിലവ് വർദ്ധിച്ച് വരുന്ന ഈ കാലത്ത് ഇത്തരം സിഗരറ്റുകളുടെ വിലക്കുറവും ജനങ്ങളെ ആകർഷിക്കുന്നു. നിയമവിരുദ്ധമായി ഇത്തരം സിഗരറ്റുകൾ വിൽക്കുന്നതിൻെറ പിഴകളും ശിക്ഷകളും വർദ്ധിച്ചിട്ടുണ്ടെങ്കിലും, നിർവ്വഹണ സംവിധാനം ഇപ്പോഴും ദുർബലമായി തുടരുന്നു. ഇത്തരം പ്രവർത്തങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത് അഭയാർത്ഥികളോ നിയമവിരുദ്ധ കുടിയേറ്റക്കാരോ ആണ്.
Leave a Reply