ബ്രെക്സിറ്റിനോടനുബന്ധിച്ചു പാർലമെന്റ് പിരിച്ചുവിടൽ നിയമവിരുദ്ധമെന്ന് സ്കോട്ടിഷ് കോടതിയുടെ കണ്ടെത്തൽ

ബ്രെക്സിറ്റിനോടനുബന്ധിച്ചു പാർലമെന്റ് പിരിച്ചുവിടൽ നിയമവിരുദ്ധമെന്ന് സ്കോട്ടിഷ് കോടതിയുടെ കണ്ടെത്തൽ
September 12 05:20 2019 Print This Article

ബ്രെക്സിറ്റിനോടനുബന്ധിച്ചു പ്രധാനമന്ത്രി ബോറിസ് ജോൺസൺ ബ്രിട്ടനിലെ പാർലമെന്റ് പിരിച്ചുവിട്ടത് നിയമവിരുദ്ധമെന്ന് സ്കോട്ട്‌ലൻഡിലെ ഏറ്റവും ഉയർന്ന നീതിന്യായപീഠം വിലയിരുത്തി. മൂന്നു ജഡ്ജിമാരടങ്ങുന്ന ബെഞ്ചാണ് ഈ വിധി പുറത്തിറക്കിയത്. പ്രധാനമന്ത്രിയുടെ നീക്കത്തെ ചോദ്യം ചെയ്തു ഒരു കൂട്ടം എംപിമാർ നൽകിയ അപ്പീലിനെ തുടർന്നാണ് ഈ വിധി പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ഒരു കോടതിവിധിയിൽ ബോറിസ് ജോൺസൺ നിയമവിരുദ്ധമായി ഒന്നും തന്നെ ചെയ്തിട്ടില്ല എന്നായിരുന്നു കണ്ടെത്തൽ. ആ വിധിക്കു തികച്ചും വിരുദ്ധമായാണ് സ്കോട്ട്‌ലൻഡ് കോടതിയുടെ കണ്ടെത്തൽ. കേസിന്റെ അന്തിമവിധി ലണ്ടനിലെ സുപ്രീംകോടതി അടുത്തയാഴ്ച പ്രഖ്യാപിക്കും.കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് പാർലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിച്ചു വിട്ടിരിക്കുന്നത്. ഒക്ടോബർ പതിനാലാം തീയതി വരെ എംപിമാർ പാർലമെന്റിലേക്ക് മടങ്ങേണ്ടതില്ല എന്നതാണ് പ്രധാനമന്ത്രിയുടെ തീരുമാനം. പതിനാലിന് ബോറിസ് ജോൺസന്റെ ഭാവി തീരുമാനങ്ങളെ പ്രതിപാദിച്ചു രാഞ്ജിയുടെ അഭിസംബോധനയും ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.ഒക്ടോബർ 31 നാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും പൂർണ്ണമായി വിട്ട് പിരിയുന്നത്.

ബ്രെക്സിറ്റിനെ പ്രതികൂലിക്കുന്നവർ ഉടൻതന്നെ പാർലമെന്റ് വിളിച്ചു കൂട്ടണമെന്ന ആവശ്യം ഉയർത്തിയിട്ടുണ്ട്. എന്നാൽ സുപ്രീംകോടതിയുടെ വിധി വരുന്നത് വരെ ഇത് സാധ്യമല്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരിക്കുന്നത്. പാർലമെന്റ് പിരിച്ചുവിടുന്നത് സ്വാഭാവികമാണെന്നും, ജനാധിപത്യത്തെ തകർക്കാൻ താനൊരിക്കലും ശ്രമിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ പ്രവർത്തി തികച്ചും നിയമവിരുദ്ധമാണെന്നും, രാഞ്ജിയെ തെറ്റിദ്ധരിപ്പിച്ചാണ് ഈ തീരുമാനത്തിലേക്ക് നയിച്ചത് എന്നുമാണ് കോടതിയുടെ കണ്ടെത്തൽ.

ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന് ആവശ്യം ഉന്നയിക്കുന്ന എഴുപതോളം എംപിമാർ ചേർന്ന് നൽകിയ പരാതിയിലാണ് സ്കോട്ട്‌ലൻഡ് കോടതിയുടെ വിധി വന്നിരിക്കുന്നത്. രാഞ്ജിയാണ് പിരിച്ചുവിടൽ തീരുമാനം അറിയിച്ചെങ്കിലും പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് അപ്രകാരം ചെയ്തത് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ബ്രെക്സിറ്റിനെ എതിർക്കുന്നവരുടെ ആവശ്യത്തെ പൂർണമായും നിരാകരിക്കുന്ന തീരുമാനമാണ് ബോറിസ് ജോൺസൻ കൈക്കൊണ്ടതെന്ന് ലിബറൽ ഡെമോക്രാറ്റ് എംപി ജോ സ്വിൻസോൺ വിലയിരുത്തി.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles