സിനി മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
മലയാളി പ്രവാസികളുടെ പറുദീസയാണ് യുകെ. 2000 ആണ്ട് മുതൽ യുകെയിൽ ജോലി തേടിയെത്തുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. മലയാളി നഴ്സുമാർ അടങ്ങുന്ന ഒരു പ്രവാസി സമൂഹം യുകെ യോട് വൈകാരിക ബന്ധം പുലർത്താൻ തുടങ്ങിയിട്ടും നാളുകളായി.
യു കെ യിൽ പ്രധാനമായും മൂന്ന് മാസത്തോളം നീണ്ടു നിൽക്കുന്ന നാല് ഋതുക്കൾ ആണുള്ളത്. മാർച്ചിൽ തുടങ്ങി മെയിൽ അവസാനിക്കുന്ന വസന്തകാലം, ജൂണിൽ തുടങ്ങി ഓഗസ്റ്റിൽ അവസാനിക്കുന്ന വേനൽക്കാലം, സെപ്റ്റംബറിൽ തുടങ്ങി നവംബറിൽ അവസാനിക്കുന്ന ശിശിരകാലം, ഡിസംബറിൽ തുടങ്ങി ഫെബ്രുവരിയിൽ അവസാനിക്കുന്ന ഹേമന്ത കാലം. ഈ മാറ്റം നേരിട്ട് കാണാനും അനുഭവിച്ചറിയാനും യുകെ വാസികൾക്ക് അകലെ ഒന്നും പോകണ്ടതില്ല. ഋതുക്കൾക്ക് അനുസരിച്ചുള്ള പ്രകൃതിയിലുണ്ടാകുന്ന ഓരോ സൂക്ഷ്മമായ മാറ്റങ്ങളും സ്വന്തം വീട്ടുമുറ്റത്തെ വൃക്ഷങ്ങളുടെ വേഷപ്പകർച്ചയിൽ നിന്ന് അറിയാൻ സാധിക്കും.
വസന്തകാലത്തെ പ്രകൃതി ഉടുത്തൊരുങ്ങി നിൽക്കുന്നത് കാണാൻ പ്രത്യേക ഭംഗിയാണ്, കണ്ണെത്തുന്നിടത്തെല്ലാം വിരിഞ്ഞുനിൽക്കുന്ന പൂക്കളും, അവയെ തേടിയെത്തുന്ന വിരുന്നുകാരും, വൃക്ഷങ്ങളും പൂക്കളുമെല്ലാം പരത്തുന്ന നറുമണവും ഒക്കെ ചേർന്ന് ആകെക്കൂടി മനോഹരമാണ് വസന്തകാലം. ഇത് വർഷം മുഴുവൻ നീണ്ടു നിൽക്കുണേ എന്ന് പ്രദേശവാസികൾ ആഗ്രഹിച്ചു പോകും. വേനൽക്കാലത്ത് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് അത്രയധികം ചൂട് അനുഭവപ്പെടാറില്ല എങ്കിലും, ബീച്ചിലും പാർക്കിലും ഒക്കെ കൂടുതൽ സമയം ചെലവിടുന്നവരാണ് യുകെക്കാർ.
ശിശിര കാലത്തിലാണ് പ്രകൃതി ഏറ്റവുമധികം നിറം വാരി ചുറ്റുന്നത്. മരങ്ങളിലെ ഇലകൾ എല്ലാം പൊഴിയാനുള്ള തയ്യാറെടുപ്പിൽ മഞ്ഞയും പച്ചയും ചുവപ്പുമൊക്കെ നിറങ്ങളിലേക്ക് ചമയം നടത്തുന്നത് കൊണ്ട് രാജ്യം മുഴുവൻ ഒരു പ്രത്യേക സൗന്ദര്യത്തിൽ മുങ്ങിക്കുളിച്ചു നിൽക്കും. ഇപ്പോൾ യുകെയിൽ തണുപ്പ് കാലമാണ്. മഞ്ഞുപൊഴിയുന്ന രാവുകളും പകലുകളും വൃക്ഷങ്ങൾക്കും റോഡുകൾക്കും കാറുകൾക്കും എല്ലാം ഒരു ശ്വേത നിറമുള്ള പുതപ്പ് സമ്മാനിക്കും. രാവിലെ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങണമെങ്കിൽ, വീട്ടുമുറ്റത്തെയും കാറിനെയും ഒക്കെ ഐസ് അടർത്തി കളഞ്ഞശേഷം വേണം തുടങ്ങാൻ. നല്ല കാറ്റ് വീശുന്ന തണുത്ത ഈർപ്പമുള്ള കാലാവസ്ഥയാണ് യു കെ യുടേത്. പുറത്ത് പോകുന്നവർ അതിനനുസൃതമായ വേഷ വിധാനമാവും ധരിക്കാറുള്ളത്. സാന്റായെ വരവേൽക്കാൻ മഞ്ഞിൽ കുളിച്ചു നിൽക്കയാവും പ്രകൃതി. പക്ഷേ ഇക്കുറി, മഞ്ഞുവീഴ്ച തീരെ കുറവായിരുന്നു. ഒന്നോ രണ്ടോ ദിവസങ്ങളിൽ മാത്രമാണ് മഞ്ഞുവീഴ്ച ഉണ്ടായിരുന്നത്, എന്നുമാത്രമല്ല താപനില താരതമ്യേന കൂടുതലും ആയിരുന്നു. പ്രവാസികളെ സംബന്ധിച്ചെടുത്തോളം യുകെയുടെ ചരിത്രത്തിലാദ്യമായാണ് ഇങ്ങനെ.
മെട്രൊജിക്കൽ, ആസ്‌ട്രോളജിക്കൽ, ഫിനോളജിക്കൽ എന്നീ 3 കാരണങ്ങൾ മൂലമാണ് യു കെ യിലെ ഈ കാലാവസ്ഥമാറ്റം ഉണ്ടാവുന്നതെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Leave a Reply