വിൽസൺ പുന്നോലിൽ
എക്സിറ്റർ: രണ്ടായിരത്തിൻ്റെ ആരംഭത്തിൽ യുകെ മലയാളിയുടെ രണ്ടാം കുടിയേറ്റം ആരംഭിക്കുന്നത് ആരോഗ്യ മേഘലയിൽ തൊഴിൽ അവസരങ്ങൾ തുറന്നു കിട്ടിയതോടെയാണ്. തുടർന്ന് അവരുടെ ഡിപ്പൻ്റൻ്റുമാരായി വന്നവരിൽ ഭൂരിഭാഗവും ആരോഗ്യ മേഘലയുമായി ബന്ധപ്പെട്ടും മറ്റു ചിലർ റോയൽ മെയിൽ, ടാക്സി, സൂപ്പർമാർക്കറ്റുകൾ തുടങ്ങിയ ഇടങ്ങളിലുമാണ് ഇംഗ്ണ്ടിലെ പ്രവാസ ജീവിതം ആരംഭിക്കുന്നത്.
എന്നാൽ, സാവധാനം മറ്റു തൊഴിൽ മേഖലകളിലേക്ക് മലയാളികൾ ചുവടു മാറുവാൻ ആരംഭിച്ചു. അങ്ങനെയുള്ള മാറ്റത്തിൽ മലയാളികൾ എത്തപ്പെട്ട ഒരു ഇടമാണ് ട്രക് ഡ്രൈവിങ്. ഒരു കാലത്ത് മലയാളികൾ മടിച്ച് നിന്ന ആ തൊഴിൽ മണ്ഡലത്തിലേക്ക് ബ്രിക്സിറ്റ്- കോവിഡാനന്തരം ധാരാളം മലയാളികൾ കടന്നു വരുന്നുണ്ട് എന്നത് നമ്മുടെ സമൂഹത്തെ സംബന്ധി അഭിമാനകരമായ കാര്യം തന്നെ. ഇംഗ്ലണ്ട് ഒരു ഉപഭോക്ത രാജ്യവും ഇവിടെ ഇറക്കുമതി ചെയ്യുന്ന പകുതിയോളം മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ നിന്നാവുകയും അവയുടെ മഹാഭൂരിപക്ഷവും റോഡ് മാർഗ്ഗവും ആകുമ്പോൾ രാജ്യത്തിൻ്റെ മുന്നോട്ടുള്ള യാത്രയിൽ മലയാളികൾക്കും സ്ഥാനമുണ്ട് എന്നുറപ്പ്. കാരണം അവശ്യ സേവന മേഖലയെ ഒരു ദേശത്തിനും മാറ്റി നിറുത്താവാൻ ആകില്ലല്ലോ.
മലയാളി ട്രക്ക് ഡ്രൈവന്മാർക്കായി കഴിഞ്ഞ വർഷം ബ്രിട്ടീഷ് കേരളലൈറ്റ് ട്രെക്കേഴ്സ് അസ്സോസ്സിയേഷൻ (BRIKER Truckers Association) എന്ന പേരിൽ ഒരു കൂട്ടായ്മയും നിലവിൽ വന്നു. കൂട്ടായ്മയുടെ രണ്ടാം വർഷികത്തോട് അനുബന്ധിച്ച് അസ്സോസ്സിയേഷനിലെ അറുപതിൽ പരം കുടംബാംഗങ്ങൾ കഴിഞ്ഞ വാരാന്ത്യം പീക്ക് ഡിസ്ട്രിക്ടിലെ തോര്‍ഗ്ബ്രിഡ്ജ് ഔട്ട്ഡോര്‍ സെന്ററില്‍ ഒത്തു ചേരുകയുണ്ടായി.
യുകെയില്‍ മലയാളികള്‍ തൊഴിലടിസ്ഥാനത്തില്‍ ഒത്തുകൂടിയ ആദ്യ കൂട്ടായ്മയായി ഇതിനെ വിലയിരുത്തുന്നു. ഈ മേഖലയില്‍ പത്തു വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചു വരുന്ന ഡ്രൈവേഴ്‌സിനു ആദരവു അർപ്പിച്ച ശേഷം ദീപം തെളിയിച്ചു കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ഇരുപതു വര്‍ഷത്തോളം അനുഭവ സമ്പത്തുള്ള മുതിര്‍ന്ന ഡ്രൈവര്‍മാരുടെ അനുഭവങ്ങൾ പങ്കുവയ്ക്കല്‍ പുതു തലമുറയ്ക്ക് പ്രചോദനമായി.
അതോടൊപ്പം, ഇതിലെ ബിസിനസ് മേഖലയായ ലോജിസ്റ്റിക്സിലെ സാധ്യതകളെക്കുറിച്ചും പുതുതലമുറയിലെ യുവാക്കളെ എങ്ങനെ ഇതിലേയ്ക്ക് കൊണ്ടുവരാം എന്നതിനെക്കുറിച്ചും ഭാരവാഹികളായ ബിജു തോമസ്, റോയ് തോമസ്, ജെയിന്‍ ജോസഫ്, റ്റോസി സക്കറിയ,രാജീവ് ജോണ്‍ തുടങ്ങിയവർ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ഉള്‍പ്പെടുത്തി സെമിനാറുകള്‍ സംഘടിപ്പിച്ചു. വരും വര്‍ഷങ്ങളില്‍ സംഘടനയെ കൂടുതല്‍ കരുത്തോടും മികവോടെ മുന്നോട്ടു കൊണ്ടുപോകുവാനായി കമ്മറ്റിയിലേക്ക് നിപ്പി ജോസഫ്, ബിജു ജോസഫ് , ജിസ്മോന്‍ മാത്യു എന്നിവരെക്കൂടി ഉള്‍പ്പെടുത്തി.
സംഗമത്തില്‍ വിവിധ കലാ-കായിക പരിപാടികളും വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലമായി പരിപാടി സംഘടിപ്പിക്കാനും കൂട്ടായ്മ്മ തീരുമാനിച്ചു.
Leave a Reply