ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- 2017 ജൂൺ 14 ന് വെസ്റ്റ് ലണ്ടനിലുള്ള നോർത്ത് കെൻസിംഗ്ടണിലെ 24 നിലകളുള്ള ഗ്രെൻഫെൽ ടവർ ബ്ലോക്കിലെ ഫ്ലാറ്റുകളിൽ ഉണ്ടായ തീപിടുത്തം യുകെയുടെ ചരിത്രത്തിലെ തന്നെ വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു. സംഭവത്തിൽ 72 പേരായിരുന്നു അന്ന് കൊല്ലപ്പെട്ടത്. ദുരന്തത്തിനുശേഷം സംഭവത്തെ കുറിച്ച് ഏഴുവർഷം നീണ്ടു നടന്ന അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഗ്രെൻഫെൽ ടവറിലെ തീപിടിത്തം സർക്കാരുകളുടെയും സത്യസന്ധതയില്ലാത്ത കമ്പനികളുടെയും അഗ്നിശമനസേനയുടെ കാര്യക്ഷമമല്ലാത്ത പ്രവർത്തനത്തിന്റെയും ഫലമായിരുന്നുവെന്ന് പൊതു അന്വേഷണത്തിൻ്റെ അന്തിമ റിപ്പോർട്ട് ചുണ്ടിക്കാട്ടുന്നു. കൃത്യമായ അഗ്നി സുരക്ഷാസംവിധാനങ്ങൾ ഇല്ലാതെ നിർമ്മിക്കപ്പെടുന്ന കെട്ടിടങ്ങളെ സംബന്ധിച്ച് സർക്കാരുകൾ കണ്ണടച്ചത് ദുരന്തത്തിന് കാരണമായി. തീ പിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ കൊണ്ട് ടവർ ബ്ലോക്ക് പണിതത് നിർമ്മാതാക്കളുടെ വ്യവസ്ഥാപരമായ സത്യസന്ധതയില്ലായ്മയാണെന്ന് റിപ്പോർട്ട്‌ വ്യക്തമാക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

1,700 പേജുള്ള റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുള്ള ശുപാർശകളിൽ, അഗ്നിശമന സേനാംഗങ്ങളുടെ പരിശീലനം മെച്ചപ്പെടുത്തുന്നതിനായി ഒരു കോളേജ് ഓഫ് ഫയർ ആൻഡ് റെസ്‌ക്യൂ ആരംഭിക്കുന്നത് സംബന്ധിച്ചും, അഗ്നി സുരക്ഷയ്ക്കായി മെറ്റീരിയലുകൾ പരീക്ഷിക്കുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തുന്നത് സംബന്ധിച്ചും ഉൾപ്പെടുത്തിയിട്ടുണ്ട്. ടവർ ബ്ലോക്കിൻ്റെ നാലാം നിലയിലെ ഫ്രിഡ്ജിൽ തീ പടർന്നായിരുന്നു ദുരന്തം ഉണ്ടായത്. കെട്ടിടത്തിൻ്റെ വശങ്ങളിലേക്ക് പടരുന്നതിന് മുമ്പ് തന്നെ, ക്ലാഡിംഗിലൂടെ തീ പടർന്നത് അപകടം കൂടുതൽ രൂക്ഷമാക്കി. നിരവധി താമസക്കാർ ഉയർന്ന നിലകളിൽ കുടുങ്ങുകയും, കാർബൺ മോണോക്സൈഡ് പോലുള്ള വാതകങ്ങൾ ശ്വസിച്ച് മരിക്കുകയും ചെയ്തിരുന്നു. 1970-കളിൽ നിർമ്മിച്ച ഗ്രെൻഫെൽ ടവറിൻ്റെ വശങ്ങളിൽ 2016-ൽ നടന്ന പുനരുദ്ധാരണത്തിൽ തീപിടിക്കുന്ന പോളിയെത്തിലീൻ ഉപയോഗിച്ചുള്ള ക്ലാഡിംഗ് നിർമ്മിച്ചതാണ് അപകടത്തെ കൂടുതൽ വഷളാക്കിയത്.


എന്നാൽ ഏഴുവർഷം തങ്ങൾക്ക് നീതി താമസിച്ചു എന്നാണ് സംഭവത്തെ അതിജീവിച്ചവരും, കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും റിപ്പോർട്ടിനോട് പ്രതികരിച്ചത്. അന്ന് പ്രധാനമന്ത്രിയായിരുന്ന തെരേസ മേ ആയിരുന്നു സംഭവത്തെ സംബന്ധിച്ച അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിനിടെ തെളിവ് നൽകുമ്പോൾ സാക്ഷികൾ ചിരിക്കുകയാണെന്നും അത് തങ്ങൾക്കുണ്ടാക്കുന്ന ആഘാതം ഏറെയാണെന്നും അമ്മയെയും സഹോദരിയെയും ഭർത്താവിനെയും അവരുടെ മൂന്ന് പെൺമക്കളെയും നഷ്ടപ്പെട്ട ചൗകെയർ എന്ന വ്യക്തി പറഞ്ഞു. തങ്ങൾക്ക് മേൽ ഈ അന്വേഷണം അടിച്ചേൽപ്പിക്കപ്പെട്ടതാണെന്നും, തങ്ങളുടെ ആവശ്യങ്ങൾ യഥാർത്ഥത്തിൽ സർക്കാരുകൾ മനസ്സിലാക്കുന്നില്ലെന്നും മറ്റൊരാൾ വ്യക്തമാക്കി. റിപ്പോർട്ട് വ്യക്തമായി പഠിച്ച് ഉടൻ തന്നെ നടപടി ഉണ്ടാകുമെന്നാണ് മെട്രോപൊളിറ്റൻ പോലീസ് വ്യക്തമാക്കിയത്. ക്രിമിനൽ പ്രോസിക്യൂഷൻ സംബന്ധിച്ച തീരുമാനങ്ങൾ രണ്ട് വർഷത്തേയ്ക്ക് പ്രതീക്ഷിക്കുന്നില്ലെന്ന് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് പറഞ്ഞു.