ഡെബെന്‍ഹാംസിന്റെ നഷ്ടം 500 മില്യന്‍ പൗണ്ടെന്ന് സൂചന. ഇന്ന് ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും. യുകെയിലെ 165 സ്‌റ്റോറുകളില്‍ 50 എണ്ണം അടച്ചുപൂട്ടാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നാണ് വിവരം. ഇത് ആയിരക്കണക്കിനാളുകളുടെ തൊഴിലിനെ ബാധിച്ചേക്കുമെന്നാണ് ആശങ്ക. ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ ചെയിനായ ഡെബെന്‍ഹാമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വാര്‍ഷിക നഷ്ടമാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. വെറും 33 മില്യന്‍ പൗണ്ടിന്റെ ലാഭം മാത്രമാണ് ഈ വര്‍ഷം കമ്പനിക്കുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തില്‍ യുകെയിലെ മൂന്നിലൊന്ന് സ്റ്റോറുകള്‍ അടച്ചുപൂട്ടാനാണ് തീരുമാനം. പത്ത് സ്റ്റോറുകള്‍ മാത്രമേ അടച്ചുപൂട്ടുന്നുള്ളു എന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.

യുകെയില്‍ മാത്രം കമ്പനിക്ക് 27,000 ജീവനക്കാരുണ്ട്. വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ സ്റ്റോറുകളുടെ എണ്ണം കുറയ്ക്കുന്നതോടെ 5000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് കരുതുന്നത്. 2003ല്‍ പ്രൈവറ്റ് ഇക്വിറ്റി കമ്പനികളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് ഏറ്റെടുത്ത 300 മില്യന്‍ പൗണ്ടിന്റെ ഗുഡ് വില്‍ ചാര്‍ജ് അതേപടി നിലനില്‍ക്കുന്നതിനാല്‍ സാമ്പത്തികമായി കമ്പനിക്ക് പ്രശ്‌നങ്ങളൊന്നും നേരിടാന്‍ സാധ്യതയില്ല. ഇതിന്റെ ഡിവിഡന്റുകള്‍ പക്ഷേ റദ്ദാകും. ക്യാപ്പിറ്റല്‍ എക്‌പെന്‍ഡിച്ചറിനായി മാറ്റിവെച്ചിരിക്കുന്ന 70 മില്യന്‍ പൗണ്ടും റദ്ദായേക്കും. സ്റ്റോറുകള്‍ അടച്ചു പൂട്ടാനുള്ള ഡെബെന്‍ഹാംസിന്റെ ശ്രമത്തിനു തിരിച്ചടിയേല്‍ക്കാനുള്ള സാധ്യതകള്‍ ഏറെയാണ്.

സ്റ്റോറുകള്‍ക്കായി രൂപമാറ്റം വരുത്തിയ പ്രോപ്പര്‍ട്ടികള്‍ തിരികെ ഏല്‍പ്പിക്കുമ്പോള്‍ ഉടമസ്ഥരുടെ പ്രതികരണം മോശമാകാന്‍ സാധ്യതയില്ല. ബ്രിട്ടീഷ് ഹൈസ്ട്രീറ്റ് സ്‌റ്റോറുകള്‍ നേരിടുന്ന പ്രതിസന്ധിയുടെ നേര്‍ചിത്രമാണ് ഡെബന്‍ഹാംസ് നേരിടുന്ന നഷ്ടവും നല്‍കുന്നത്. വന്‍കിട ചെയിനുകളായിരുന്ന കാര്‍പ്പറ്റ്‌റൈറ്റ്, മദര്‍കെയര്‍, ന്യൂലുക്ക് എന്നിവ കമ്പനി വോളന്ററി അറേഞ്ച്‌മെന്റിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. നഷ്ടത്തിലായ കമ്പനികള്‍ക്ക് മറ്റു ധാരണകളില്‍ എത്തിച്ചേര്‍ന്ന് നഷ്ടം നികത്താനുള്ള സമയം അനുവദിക്കുന്ന സംവിധാനമാണ് സിവിഎ. എന്നാല്‍ ഈ മാര്‍ഗ്ഗത്തില്‍ നീങ്ങുന്നില്ലെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ ഡെബെന്‍ഹാംസ് വ്യക്തമാക്കിയിരുന്നു.