സദാചാരബോധം മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാവുകയാണ് സമകാലിക ചുറ്റുപാടില്‍ പലപ്പോഴും. അത്തരത്തില്‍ ഒരു വീട്ടമ്മ നേരിടേണ്ടിവരുന്ന വെല്ലുവിളികളെ ദൃശ്യവല്‍ക്കരിക്കുന്ന ഹ്രസ്വ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. മാധ്യമ പ്രവര്‍ത്തകനായ ലിജിന്‍ കെ. ഈപ്പന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് പാട്ടുപെട്ടി മ്യൂസിക്കല്‍ എന്ന ചാനലിലൂടെ യൂടൂബില്‍ റിലീസ് ചെയ്ത റൂഹാനി ഷോര്‍ട്ട് ഫിലിമാണ് പെണ്ണിന്റെ സ്വാതന്ത്ര്യത്തിന്റെ പുതിയ അധ്യായം കുറിക്കുന്നത്.

കാലവും സംസ്‌കാരവും ജീവിതവും മാറിയെങ്കിലും, എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെടാവുന്ന സുരക്ഷിതമല്ലാത്ത ലോകത്താണ് താനടക്കമുള്ളവര്‍ ജീവിക്കുന്നതെന്നുള്ള ബോധം ഓരോ സ്ത്രീയേയും ഇന്നും വേട്ടയാടുകയാണ്. വാക്കുകളാലും മുഷ്ടി ബലംകൊണ്ടും ഒരു പക്ഷെ പെണ്ണിന്റെ സ്വപ്നത്തെ തകര്‍ക്കാനായേക്കും. പക്ഷെ വീണ്ടുമൊരു ഫീനിക്‌സ് പക്ഷിയെപോല്‍ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ അവളില്‍ ഒരു യുഗത്തിന്റെ സഹനമുണ്ട്.

റൂഹാനിയും സദാചാര ബോധത്തിനാണ് തിരച്ചടി നല്‍കുന്നത്. തന്റെ സ്വാതന്ത്ര്യത്തിന്, സ്വപ്നത്തിന്, മാനത്തിന് നേരെ കൂരമ്പുകളുമായി വരുന്നവര്‍ക്കു നേരെ അവള്‍ പൊട്ടിച്ചിരിക്കുകയാണ്. ഉടയാടകള്‍ വലിച്ചെറിയുന്നത് സദാചാരത്തിന്റെ തീഷ്ണക്കണ്ണുകളുള്ള മുഖത്തേക്കാണ്!

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റൂഹാനിയില്‍ ചിത്ര ബാബു ഷൈന്‍ സുലു എന്ന കേന്ദ്ര കഥാപാത്രത്തേയും സാജിദ് റഹ്മാന്‍ രാജന്‍ പൊതുവാള്‍ എന്ന വില്ലന്‍ കഥാപാത്രത്തേയും അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണവും എഡിറ്റിംഗും വിനീത് ശോഭനും സൗണ്ട് റെക്കോര്‍ഡിംഗും മിക്‌സിംഗും ശ്രീജേഷ് ശ്രീധരനും നിര്‍വഹിച്ചിരിക്കുന്നു. അമേച്ചി എന്റര്‍ടെയ്ന്‍മെന്‍സും ഡ്രീം റീല്‍സ് പ്രൊഡക്ഷന്‍സും ചേര്‍ന്നു നിര്‍മിച്ചിരിക്കുന്ന ചിത്രത്തിനു സജിത്ത് ശങ്കറാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ആശ രാജ്, പ്രദീപ് ഗോപി, ജവിന്‍ കോട്ടൂര്‍, മനോജ് ഉണ്ണി, ഷിജോ പൊന്‍കുന്നം, മഹേഷ് പിള്ള, സിജു സി മാത്യു എന്നിവരാണ് മറ്റു കഥാപാത്രങ്ങളാകുന്നത്.