സ്വന്തം ലേഖകൻ
ലണ്ടൻ : ഇംഗ്ലണ്ടിലെ സ്കൂളുകളെല്ലാം സെപ്റ്റംബർ മുതൽ തുറന്നു പ്രവർത്തിക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ ഇന്നലെ അറിയിച്ചിരുന്നു. ഒരു ക്ലാസ്സിൽ സാമൂഹിക അകലം പാലിച്ചുകൊണ്ടുതന്നെ 15 കുട്ടികൾ ആയിരുന്നു പഠനം നടത്തിയിരുന്നത്. എന്നാൽ സെപ്റ്റംബർ മുതൽ ഇതിനും മാറ്റം വരും. ഒരു ക്ലാസ്സിൽ 30 കുട്ടികളെ ഉൾക്കൊള്ളിച്ച് പഠനം നടത്താൻ കഴിയും. എന്നാൽ ഈ അവസ്ഥയിൽ അദ്ധ്യാപകരുടെ എണ്ണവും വർധിപ്പിക്കണമെന്ന് അദ്ധ്യാപക യൂണിയൻ ആവശ്യപ്പെട്ടു. ഒരു ക്ലാസ്സിൽ മുപ്പതു കുട്ടികൾ ഇരിക്കുന്നത് ഒട്ടും സുരക്ഷിതമല്ലെന്ന് നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ സെക്രട്ടറി കെവിൻ കോർട്ണി മുന്നറിയിപ്പ് നൽകി. അതിനാൽ തന്നെ ക്ലാസ്സുകളുടെ വലുപ്പം കൂട്ടുന്നത് പരിഗണിക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു.
അദ്ധ്യാപകരുടെ എണ്ണം ഇരട്ടിയാക്കുന്നതിനും ക്ലാസ്സ് മുറികളിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുന്നതിനും സർക്കാർ സഹായം ആവശ്യമാണെന്ന് കെവിൻ വ്യക്തമാക്കി. സുരക്ഷിതമാണെങ്കിൽ സെപ്റ്റംബറിൽ എല്ലാ കുട്ടികളും സ്കൂളിൽ തിരിച്ചെത്തണം എന്നത് ഏവരുടെയും ആഗ്രഹമാണെന്ന് കെവിൻ പറഞ്ഞു. സാമൂഹിക അകലം പാലിക്കൽ നിയമത്തിൽ മാറ്റം വന്നാലും ക്ലാസ്സുകൾ പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തുന്നത് പ്രയാസമായിരിക്കും.
നേരത്തെ, ബോറിസ് ജോൺസൺ സെപ്റ്റംബറിൽ സ്കൂളുകൾ പൂർണമായും തുറക്കുമെന്ന് ഉറപ്പുനൽകുകയും രണ്ട് മീറ്റർ നിയമത്തിൽ ഉണ്ടാകുന്ന മാറ്റത്തെക്കുറിച്ച് സൂചന നൽകുകയും ചെയ്തു. എന്നാൽ കൂടുതൽ വിവരങ്ങൾ നൽകാൻ അദ്ദേഹം വിസമ്മതിച്ചു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ സ്കൂളുകൾക്കുള്ള മുഴുവൻ മാർഗ്ഗനിർദ്ദേശവും പ്രസിദ്ധീകരിക്കുമെന്ന് ജോൺസൻ പറഞ്ഞു. കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ സംരക്ഷണ നടപടികൾ ഇനിയും നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Reply