പുതിയ വിസ നിയന്ത്രണങ്ങൾ യുകെയിലേയ്ക്ക് വരാൻ ആഗ്രഹിച്ചിരുന്ന ഒട്ടേറെ മലയാളികളെയാണ് നിരാശരാക്കിയത്. കഴിഞ്ഞ കുറെ വർഷങ്ങളായി വിദ്യാർത്ഥി വിസയിലും കെയർ വിസയിലും യുകെയിലെത്തുന്ന മലയാളികളുടെ കുത്തൊഴുക്കായിരുന്നു. യുകെയിലേയ്ക്ക് വിസ സംഘടിപ്പിച്ചു കൊടുക്കാൻ മാത്രമായി കേരളത്തിന്റെ മുക്കിലും മൂലയിലും ഒട്ടേറെ ഏജൻസികളാണ് മുളച്ചു പൊങ്ങിയത്. വിദ്യാർത്ഥി വിസയിലും കെയർ വിസയിലും യുകെയിൽ എത്തുന്നവർക്ക് ആശ്രിത വിസയിൽ അടുത്ത ബന്ധുക്കളെയും കുടുംബാംഗങ്ങളെയും കൊണ്ടുവരാമെന്നതായിരുന്നു പലരെയും യുകെയിൽ എത്താൻ പ്രേരിപ്പിച്ചിരുന്നത്.
കുത്തഴിഞ്ഞ കുടിയേറ്റത്തിന് കൂച്ചുവിലങ്ങിടാൻ യുകെ സർക്കാർ തീരുമാനിച്ചത് പെട്ടെന്നാണ്. ഇതിന്റെ വെളിച്ചത്തിൽ മാർച്ച് 11 മുതൽ കെയർ ജോലിക്ക് അപേക്ഷിക്കുന്ന ആളുകൾക്ക് ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ സാധിക്കില്ല . സമാനമായ നിയമം വിദ്യാർത്ഥി വിസയിലും നടപ്പിലാക്കി കഴിഞ്ഞു. ഇതിൻറെ അടിസ്ഥാനത്തിൽ ഗവേഷണ വിദ്യാർത്ഥികൾക്ക് മാത്രമെ ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ യുകെയിൽ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. ഈ നിയമങ്ങളെല്ലാം ഏറ്റവും തിരിച്ചടിയായത് മലയാളികൾക്കാണ്. കാരണം വിദ്യാർത്ഥി കെയർ വിസകളിൽ യുകെയിൽ എത്തിയവരിൽ ഭൂരിഭാഗവും മലയാളികൾ ആയിരുന്നു . ആശ്രിത വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരുധി യുകെ സർക്കാർ ഉയർത്തിയതും കുടിയേറ്റം കുറയ്ക്കും എന്ന ലക്ഷ്യം വെച്ച് തന്നെയാണ്.
എന്നാൽ പുതിയ വിസ നയം നേഴ്സുമാരുടെ യുകെയിലേയ്ക്കുള്ള കുടിയേറ്റത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ജോലിയിലുള്ള അർപ്പണ മനോഭാവവും ആത്മാർത്ഥതയും കൈമുതലായുള്ള മലയാളി നേഴ്സുമാർക്ക് എൻഎച്ച്എസിൽ ഏറ്റവും കൂടിയ പരിഗണനയാണ് ലഭിക്കുന്നത് . ആശ്രിത വിസ ലഭിക്കുന്നതിന് ഏർപ്പെടുത്തിയ കുറഞ്ഞ ശമ്പള പരിധിയിൽ നിന്ന് എൻഎച്ച്എസ് ജീവനക്കാരെ ഒഴിവാക്കിയത് ഏറ്റവും കൂടുതൽ നേട്ടമാകുന്നത് മലയാളികൾക്ക് തന്നെയാണ്. തുടർന്നും എൻഎച്ച്എസിൽ ജോലി ചെയ്യുന്ന നേഴ്സുമാർക്ക് ഭർത്താവിനെയോ കുട്ടികളെയോ വിദേശത്തേയ്ക്ക് കൊണ്ടുപോകുന്നതിന് യാതൊരു തടസ്സവുമില്ല. യുകെയിലേയ്ക്കുള്ള മലയാളി കുടിയേറ്റത്തിൻ്റെ ഗതി 2000- ത്തിന്റെ ആരംഭത്തിലേയ്ക്ക് തിരിച്ചു പോയതായാണ് പലരും അഭിപ്രായപ്പെടുന്നത്. അതായത് എൻഎച്ച്എസ്സിലേയ്ക്കുള്ള യുകെ മലയാളി നേഴ്സുമാരുടെ ഒഴുക്ക് തുടരുക തന്നെ ചെയ്യും.
Leave a Reply