അടുത്ത തിരഞ്ഞെടുപ്പിലും സി.പി.എമ്മിനെ നയിക്കുക പിണറായി വിജയൻ തന്നെയെന്ന് ഉറപ്പിക്കുന്നു സംസ്ഥാന സമ്മേളനം. നാലുദിവസം നീണ്ടുനിന്ന സമ്മേളനത്തില്‍ ഒരു വിമര്‍ശനശബ്ദം പോലും പിണറായിക്കുനേരെ ഉയര്‍ന്നില്ല. മന്ത്രിമാര്‍ക്കും പാര്‍ട്ടി സെക്രട്ടറിക്കും വരെ വിമര്‍ശനമുയര്‍ന്നിട്ടും മുഖ്യമന്ത്രിക്ക് നേരെ ശബ്ദമുയര്‍ന്നില്ലെന്നുമാത്രമല്ല, കയ്യടികളാണ് തേടിയെത്തിയത്. പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവ് പാര്‍ട്ടിയില്‍ ഒരിക്കല്‍ കൂടി കരുത്തുതെളിയുക്കുന്നുവെന്നതിന്റെ കൃത്യവും വ്യക്തവുമായ സൂചനകളാണ് സമ്മേളനത്തിലുടനീളം കാണാനായത്.
മറ്റൊരു ക്യാപ്റ്റനെ കാട്ടാനില്ലെന്ന പ്രതീതിയാണ് പിണറായിക്ക് ലഭിച്ച തുടര്‍കയ്യടികള്‍ പാര്‍ട്ടിക്ക് നല്‍കുന്നത്. പിണറായിയോളം കരുത്തനായ മറ്റൊരു സി.പി.എം നേതാവിനെ കണ്ടെത്താന്‍ പാര്‍ട്ടിക്ക് അടുത്തകാലത്തൊന്നും സാധിക്കുന്നില്ലെന്ന് വിലയിരുത്തുന്നുണ്ട് രാഷ്ട്രീയകേന്ദ്രങ്ങള്‍. വിമര്‍ശനാതീതമായി പിണറായിക്ക് കിട്ടുന്ന അംഗീകാരം ഇതിന് സാക്ഷ്യവുമാണ്. എണ്‍പതാം വയസിലേക്ക് കടക്കുന്ന പിണറായി തന്നെ നയിക്കണമെന്ന് ഉറപ്പിക്കുകയാണ് സി.പി.എം.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെയുള്ള മന്ത്രിമാരുടെ പ്രകടനം അത്ര പോരെന്നും സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനമുയർന്നു. മാത്രമല്ല മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന സാഹചര്യമുണ്ടായിട്ട് അതിനെ വേണ്ടവിധം മന്ത്രിമാര്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചില്ല എന്നും ചില പ്രതിനിധികളുടെ ഭാഗത്തുനിന്ന് വിമര്‍ശനം വന്നു. കണ്ണൂരുകാര്‍ക്ക് പാര്‍ട്ടിയിലുള്ള അപ്രമാദിത്വം, പ്രത്യേകിച്ച് സ്ഥാനമാനങ്ങളുടെ കാര്യത്തിലുള്ള വിവേചനവും എന്നിവ ചൂണ്ടിക്കാട്ടി ഒരംഗം വിമര്‍ശനം ഉന്നയിക്കുകയുണ്ടായി. ‘മെറിറ്റ് മെറിറ്റ്’ എന്ന് എപ്പോഴും പറയുന്ന സംസ്ഥാന സെക്രട്ടറി എങ്ങനെയാണ് മെറിറ്റ് നിശ്ചയിക്കുന്നതെന്ന്, കണ്ണൂരിനുള്ള ആധിപത്യം ചൂണ്ടിക്കാട്ടി എം.വി ഗോവിന്ദന് നേരെയും വിമർശനമുണ്ടായി.
ജില്ലാസമ്മേളനങ്ങളിൽ പോലീസിനും ആഭ്യന്തരവകുപ്പിനുമെതിരേ ഉയർന്ന കടുത്തവിമർശനം സംസ്ഥാനസമ്മേളനത്തിൽ കണ്ടതേയില്ല. മറിച്ച് മുഖ്യമന്ത്രിയെ പ്രശംസിക്കുന്ന കാഴ്ചയാണ് കൊല്ലത്ത് കണ്ടത്. തുടർഭരണത്തിൽ മുഖ്യമന്ത്രിയൊഴികെ മറ്റൊരുമന്ത്രിയും പ്രതീക്ഷയ്ക്കൊത്തുയർന്നില്ലെന്നും കുറ്റപ്പെടുത്തലുണ്ടായി. അതേസമയം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിമുതൽ പാർട്ടി സെന്ററിലെ ഓഫീസ് സെക്രട്ടറിവരെ കണ്ണൂരിൽനിന്നാണെന്നായിരുന്നു പ്രതിനിധികൾ ഉയർത്തിയ മറ്റൊരു വിമർശം. എതായാലും സര്‍ക്കാരിന്റെ നായകനെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതിനിധികൾ മതിപ്പാണ് രേഖപ്പെടുത്തിയത്. അതാണ് വീണ്ടും ക്യാപ്റ്റനായി പിണറായി എത്തുമെന്ന സൂചന നൽകുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടുതവണ മത്സരിച്ചവരെ ഒഴിവാക്കിയതോടെ കഴിഞ്ഞതവണ വലിയ നേതൃനിരയ്ക്ക് മത്സരരംഗത്തുനിന്ന് മാറിനിൽക്കേണ്ടിവന്നിരുന്നു. മന്ത്രിസ്ഥാനത്തും രണ്ടാംവട്ടം പ്രമുഖ നേതാക്കളാരും പരിഗണിക്കപ്പെട്ടില്ല. എന്നാൽ പിണറായിക്ക് മാത്രം അന്ന് ഇളവ് നൽകി. രണ്ടുതവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ ഇനി മത്സരിക്കേണ്ട എന്ന തീരുമാനം കഴിഞ്ഞ തവണ അവതരിപ്പിച്ചപ്പോള്‍ അടുത്ത തവണ ഇത് തനിക്കും ബാധകമായിരിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേസമയം പി.ബി അംഗമായതിനാല്‍ പിണറായി അടുത്ത തവണ മത്സരിക്കുമോ എന്ന് പാര്‍ട്ടി കോണ്‍ഗ്രസ് ഉത്തരം നല്‍കും.
Leave a Reply