ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സെന്റ് ജോൺസ് (ന്യൂഫൗണ്ട്‌ലാൻഡ്, കാനഡ) : വർഷങ്ങൾക്ക് മുമ്പേ അടിത്തട്ടിലേയ്ക്ക് ആഴ്ന്നുപോയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ തേടിയുള്ള യാത്രയ്ക്കിടെ കാണാതായ മുങ്ങിക്കപ്പലിന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതം. അഞ്ച് പേരടങ്ങുന്ന മുങ്ങിക്കപ്പലിൽ ഇനി അവശേഷിക്കുന്നത് 30 മണിക്കൂർ മാത്രം പിടിച്ച് നിൽക്കാനുള്ള ഓക്‌സിജനാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് അഞ്ച് പേരുമായി പോയ ടൈറ്റൻ എന്ന മുങ്ങിക്കപ്പൽ കാണാതാകുന്നത്. ആഴക്കടൽ പര്യവേഷണങ്ങൾ സംഘടിപ്പിക്കുന്ന സ്വകാര്യ കമ്പനിയായ ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലാണ് ടൈറ്റൻ. 21 അടി നീളമുള്ള ടൈറ്റനിൽ രണ്ട് ജീവനക്കാരും മൂന്ന് കോടീശ്വരന്മാരും ഉൾപ്പെടുന്ന അഞ്ചംഗ സംഘമാണ് ഉണ്ടായിരുന്നത്. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിംഗ്, പാകിസ്താനി ടൈക്കൂൺ ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ, മുൻ ഫ്രഞ്ച് നാവികസേനാ മുങ്ങൽ വിദഗ്ധൻ പോൾ-ഹെൻറി നാർസലേ, ഓഷ്യൻഗേറ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റോക്ക്‌ടൺ റഷ് എന്നിവരാണ് ഉള്ളത്.

മുങ്ങിക്കപ്പലിന് പര്യടനം ആരംഭിച്ച് രണ്ട് മണിക്കൂറിനകം തന്നെ മദർ ഷിപ്പുമായുള്ള ആശയവിനിമയം നഷ്ടമായിരുന്നു. കനേഡിയൻ നാവികസേനയ്ക്കൊപ്പം യു എസ് കോസ്റ്റ്ഗാർഡും ഡീപ് എനർജി എന്ന കപ്പലും തിരച്ചിലിൽ പങ്കുചേരുന്നു. കോസ്റ്റ് ഗാർഡിന്റെ രണ്ട് സി 130 വിമാനങ്ങളും നിരീക്ഷണത്തിനുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

7,600 ചതുരശ്ര മൈൽ ( 20,000 ചതുരശ്ര കിലോമീറ്റർ) പരന്ന് കിടക്കുന്ന രണ്ട് മൈലിലേറെ ആഴമുള്ള വടക്കൻ അറ്റലാന്റിക് സമുദ്രത്തിൽ തെരച്ചിൽ നടത്തുക അത്ര എളുപ്പമല്ല. ‘സമുദ്രത്തിന്റെ ആഴങ്ങളിൽ കൂരിരുട്ടാണ്. രക്തമുറയുന്ന തണുപ്പും. മുഖത്തിന് നേരെ കൈ പിടിച്ചാൽ പോലും കാണില്ല’- ടൈറ്റാനിക് വിദഗ്ധൻ ടിം മാൾട്ടിൻ എൻബിസി ന്യൂസിനോട് പറഞ്ഞു. ബഹിരാകാശത്ത് പോകുന്നതിന് സമാനമാണ് സമുദ്രത്തിലെ തെരച്ചിലെന്നും അദ്ദേഹം പറയുന്നു. കരയേക്കാൾ 400 ഇരട്ടി മർദ്ദമാണ് നാല് കിലോമീറ്റർ ആഴത്തിൽ വെള്ളത്തിനടിയിലുണ്ടാവുക. ഈ മർദ്ദം എക്വിപ്‌മെന്റുകളിൽ സമ്മർദ്ദം സൃഷ്ടിക്കുമെന്നും വളരെ കുറച്ച് അന്തർവാഹിനികൾക്ക് മാത്രമേ ഈ മർദ്ദം താങ്ങാനാകൂവെന്നും കീലി സർവകലാശാല പ്രൊഫസർ ജെയ്മി പ്രിംഗ്ലി പറഞ്ഞു.

അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായുള്ള എട്ടു ദിവസത്തെ പര്യവേഷണത്തിൽ സഞ്ചാരികളിൽ നിന്നും ഈടാക്കുന്നത് 2,50,000 ഡോളറുകളാണ്. ടൈറ്റാനിക്കിന് അടുത്തേക്ക് ഒരു തവണ മുങ്ങിപ്പൊങ്ങുന്നതിന് ഏകദേശം എട്ടു മണിക്കൂർ സമയമെടുക്കും. അകത്തു നിന്ന് തുറക്കാനാകാത്ത സമുദ്രപേടകത്തിലുള്ള അഞ്ചു പേരെ രക്ഷിക്കാനുള്ള ശ്രമം അവസാന മണിക്കൂറുകളിലാണ്.. എവിടെയാണ് ടൈറ്റൻ ചോദ്യം ബാക്കിയാവുന്നു.