ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- മെയ് മാസത്തിൽ കാണാതായ ഹംഗേറിയൻ യുവതിയുടേത് എന്ന് സംശയിക്കുന്ന ശരീരാവശിഷ്ടങ്ങൾ ലണ്ടൻ പോലീസ് കണ്ടെടുത്തു. ആഗ്നേസ് അകോമ് എന്ന ഇരുപതു വയസ്സുകാരിയേയാണ് മെയ് -9ന് കാണാതായത്. ഹംഗറിക്കാരിയായ ഇവർ മൂന്ന് വർഷമായി യുകെയിൽ താമസിക്കുകയായിരുന്നു. ക്രിക്കിൾവുഡ് ബ്രോഡ്വെയിലുള്ള വീട്ടിൽ നിന്നിറങ്ങിയ ഇവരെ പിന്നീട് കാണാതാവുകയായിരുന്നു. യുവതിയുടെ തിരോധാനത്തിനോടനുബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി അറുപത്തിമൂന്നുകാരനായ നെകുലെയ് പൈസെൻ എന്നയാളെ മെയ്‌ 23 ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നോർത്ത് വെസ്റ്റ് ലണ്ടനിലെ ക്രിക്കിൾവുഡിലുള്ള നിയസ്ഡെൻ റിക്രിയേഷൻ പാർക്കിൽ നിന്നാണ് ശരീരാവശിഷ്ടങ്ങൾ പോലീസ് കണ്ടെത്തിയത്.


ശരീര അവശിഷ്ടങ്ങളുടെ ഫോറൻസിക് പരിശോധന ഇതുവരെ നടത്തിയിട്ടില്ല. എങ്കിലും യുവതിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും പോലീസ് വിവരം അറിയിച്ചിട്ടുണ്ട്. ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയ പാർക്കിൽ കൂടുതൽ ഫോറൻസിക് പരിശോധനകൾ നടത്തുമെന്ന് ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ നീൽ ജോൺ അറിയിച്ചു. ഇതോടൊപ്പംതന്നെ സഹകരിച്ച പ്രദേശവാസികളോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു. പാർക്കിൽ നിന്നും പോലീസ് അധികൃതർ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയത് വളരെ ഞെട്ടിപ്പിക്കുന്ന സംഭവം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് അദ്ദേഹം ഉറപ്പു നൽകി.