റാങ്ക് കിട്ടുന്ന കുട്ടികളോട് പത്രക്കാർ ചോദിക്കുന്ന പതിവു ചോദ്യം, ‘എന്താവാനാണ് ആഗ്രഹം?’ 1965–ൽ പത്താം ക്ലാസിൽ റാങ്ക് നേടിയ ഇരട്ടകളായ വേണുവിനോടും ഗോപിയോടും അന്നും പത്രക്കാർ ചോദിച്ചു –എന്താവാനാണ് ആഗ്രഹം? ‘എനിക്ക് എൻജിനീയർ ആകണം’ – വേണു പറഞ്ഞു. ‘എനിക്ക് ഡോക്ടർ ആവണം ’ – ഗോപി പറഞ്ഞു. ഒന്നിച്ചു പിറന്നതു മുതൽ വേഷത്തിലും നോക്കിലും നടപ്പിലും സ്വഭാവത്തിലും വരെ ഒരേ പോലെയായ ഈ ഇരട്ടകൾ ആദ്യമായി രണ്ടു വഴിക്കു തിരിഞ്ഞു.
അതിനൊരു കാരണമുണ്ട്. വേണുവും ഗോപിയും ഡോക്ടർ ആകണമെന്നാണ് ആഗ്രഹിച്ചത്. കുടുംബത്തിൽ ഡോക്ടർമാർ ധാരാളം. പക്ഷേ, അച്ഛൻ ഡോ. വി. ആർ. മേനോൻ (വള്ളത്തോൾ നാരായണ മേനോന്റെ കുടുംബാംഗം) പറഞ്ഞു– ‘അതു വേണ്ട, രണ്ടുപേരും രണ്ടായിത്തന്നെ നിൽക്കണം. ഒരാൾ എൻജിനീയറിങ് പഠിക്കുക.’ ചേർപ്പ് അമ്പാടിയിൽ ഡോ. വി.ആർ മേനോന്റെ മക്കളാണു വേണുവും ഗോപിയും.
ആര് ഏതു കോഴ്സിനു ചേരണമെന്നത് ഒടുവിൽ ടോസ് ചെയ്യാൻ തീരുമാനിച്ചു. ഗോപി ‘ഹെഡ്’ വിളിച്ചു ടോസ് പാസായി. ഞാൻ ഡോക്ടറാകും. എന്നു പ്രഖ്യാപിച്ചു. അങ്ങനെ വേണു താൽപര്യമില്ലാഞ്ഞിട്ടും എൻജിനീയറിങ് പഠിക്കാൻ തീരുമാനിച്ചു.
65 വർഷത്തിനിപ്പുറം ഇരട്ടകൾ എവിടെ? വേണു എന്ന എ. വേണുഗോപാൽ ടോസിൽ ‘ടെയിൽ’ പറഞ്ഞതുപോലെ തൃശൂർ ഗവ.എൻജിനീയറിങ് കോളജിൽ നിന്നു കെമിക്കൽ എൻജിനീയറിങ് പാസായി. എംടെക് ഗോൾഡ് മെഡൽ നേടി. ഓയിൽ മേഖലയിൽ ആഫ്രിക്ക അടക്കം ഇരുപതോളം രാജ്യങ്ങളിൽ ജോലി ചെയ്തു. വിരമിച്ചു. ഗോപി, ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് പാസായി. കാലിക്കറ്റിൽ നിന്നു പിജിയെടുത്തു. അരനൂറ്റാണ്ടോളമായി ലണ്ടനിൽ ഡോക്ടർ. കഴിഞ്ഞദിവസം ഈ സഹോദരങ്ങൾ തൃശൂരിൽ ഒത്തുകൂടി. 45 വർഷത്തെ പ്രഫഷനൽ ജീവിതത്തിന്റെ ഇടവേളയ്ക്കു ശേഷം ഒരുമിച്ചൊരു ജന്മദിനാഘോഷം.
Leave a Reply