‘നീ വെറും കാവല്‍ക്കാരനാണ്, നിന്റെ മകളെ വിദേശത്തേക്ക് അയക്കാന്‍ കഴിയില്ല’ എന്ന് പറഞ്ഞവര്‍ക്ക് മധുര പ്രതികാരത്തിലൂടെ മറുപടി നൽകിയ കഥ  സമൂഹ മാധ്യമത്തിൽ പങ്കു വച്ചിരിക്കുയാണ് യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് പ്ലിമത്തിൽ നിന്നും ഡിഗ്രി പഠനം പൂർത്തിയാക്കിയ ധൻശ്രീ ഗെയ്ക്ക് വാദ് . യുകെയില്‍ നിന്നും ബിരുദം നേടിയതിന്റെ വിഡിയോ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ചാണ് വേദനിപ്പിച്ചവർക്ക് ധൻശ്രീ മറുപടി നല്‍കിയത്. വിഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ സോഷ്യൽമീഡിയ ഏറ്റെടുക്കുകയും വൈറലാവുകയും ചെയ്തു. പോസ്റ്റ്‌ ചെയ്ത് ദിവസങ്ങൾക്കുള്ളിൽ 37 ലക്ഷം ലൈക്ക് നേടിയ വിഡീയോ രണ്ടര കോടിയിലേറെ പേരാണ് കണ്ടത്.

യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് പ്ലിമത്തിൽ നിന്നും ഡിഗ്രി പഠനം പൂർത്തിയാക്കിയ ധൻശ്രീ ഗെയ്ക്ക് വാദ് തന്റെ അച്ഛനെ കെട്ടിപിടിച്ച് ‘വിശ്വസിച്ചതിന് നന്ദി’ എന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ പങ്കുവച്ചത്. അച്ഛനും മകളും ആലിംഗനം ചെയ്യുന്നിടത്താണ് വിഡിയോ ആരംഭിക്കുന്നത്. പിന്നാലെ എയര്‍പോട്ടില്‍ മകളെ വിമാനം കയറ്റിവിടാനെത്തിയ അച്ഛനെ കാണാം. തുടര്‍ന്ന് യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് പ്ലിമത്തിലെ ബിരുദ ദാന ചടങ്ങിന്റെ ദൃശ്യങ്ങളും ബിരുദ തൊപ്പി വച്ച ധൻശ്രീയുടെ ചില ചിത്രങ്ങളും വിഡിയോയില്‍ കാണാം. വിഡിയോയില്‍ ‘അവന്‍ എന്റെ ലൈഫ് ഗാര്‍ഡ് ആണ്, അവനത് ചെയ്തു..’ എന്നും ധൻശ്രീ എഴുതി ചേർത്തിട്ടുണ്ട്. ധൻശ്രീയെ അഭിനന്ദിച്ചും വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തും നിരവധി പ്രമുഖരാണ് എത്തിയത്.