കത്തോലിക്ക വിശ്വാസവുമായി ബന്ധപ്പെട്ട ചില അടയാളങ്ങളെ എമ്പുരാന്‍ സിനിമ അവഹേളിക്കുന്നുണ്ടെന്ന് സീറോ മലബാര്‍ സഭ. മത ചിഹ്നങ്ങളെ അവഹേളിക്കുന്നത് നല്ല പ്രവണതയല്ല.
ഇത് ബോധപൂര്‍വ്വമാണെങ്കില്‍ അംഗീകരിക്കാനാവില്ലെന്നും ഈ കാര്യത്തില്‍ അണിയറ പ്രവര്‍ത്തകര്‍ ജാഗ്രത കാണിക്കണമെന്നും സീറോ മലബാര്‍ സഭാ വക്താവ് ഫാ. ആന്റണി വടക്കേക്കര പറഞ്ഞു. സിനിമയില്‍ പറയുന്ന പിതാവിനും പുത്രനും ഇടയില്‍ വിരിയുന്ന ഇടുട്ടിന്റെ പുഷ്പം എന്ന് വിളിക്കുന്നത് ആരെക്കുറിച്ചാണ് എന്ന് വ്യക്തമാണ്.
മറ്റൊന്നുള്ളത് ദൈവപുത്രന്‍ തന്നെ തെറ്റ് ചെയ്താല്‍ പിശാചിനെയല്ലാതെ മറ്റാരെയാണ് ആശ്രയിക്കേണ്ടി വരിക എന്നൊക്കെയുള്ള പരാമര്‍ശങ്ങള്‍ എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്നുള്ളത് സാധാരണ എല്ലാ മനുഷ്യര്‍ക്കും മനസിലാകുന്ന കാര്യമാണ്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ മതമായ ക്രൈസ്തവ മതത്തെയും അതിന്റെ ചിഹ്നങ്ങളെയും ഇത്തരത്തില്‍ അവഹേളിക്കുന്നത് അംഗീകരിച്ച് കൊടുക്കാനാവില്ലെന്നും അദേഹം പറഞ്ഞു.
സിനിമ വിവാദമായപ്പോള്‍ നായക നടനായ മോഹന്‍ലാല്‍ നടത്തിയ ഖേദ പ്രകടനത്തില്‍ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തില്‍ ചില പ്രശ്‌നങ്ങള്‍ എന്നെ സ്‌നേഹിക്കുന്നവര്‍ക്കുണ്ടായി. അതിനാല്‍ സിനിമയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടിയിരിക്കുന്നു എന്നാണ് പറഞ്ഞിട്ടുള്ളത്.
എന്തുകൊണ്ടാണ് സിനിമയുമായി ബന്ധപ്പെട്ട് ക്രൈസ്തവ വിശ്വാസികള്‍ക്കുണ്ടായ ബുദ്ധിമുട്ടിനെ അദേഹം അഡ്രസ് ചെയ്യാതെ പോയി എന്നുള്ളതും അദേഹം അഭിനയിക്കുന്ന ഈ സിനിമയില്‍ എന്തുകൊണ്ടാണ് ഇത്തരം ഡയലോഗുകളും പശ്ചാത്തലങ്ങളും ഉണ്ടാകുന്നത് എന്നതും ആശങ്കയുളവാക്കുന്ന കാര്യമാണ്.
അതേസമയം ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ വന്ന ലേഖനത്തോട് സഭാ വക്താവ് പ്രതികരിച്ചില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടിനോട് പ്രതികരണമില്ല എന്നാതാണ് ഇക്കാര്യത്തില്‍ സഭയുടെ നിലപാട്.
കഴിഞ്ഞ കുറേ നാളുകളായി കത്തോലിക്ക വിശ്വാസത്തെയും വിശുദ്ധ ബൈബിളിനെയും ചില അടയാളങ്ങളെയുമൊക്കെ ഇകഴ്ത്തി കാണിക്കുന്ന സിനിമകള്‍ ഒന്നിനു പുറകേ മറ്റൊന്നായി ഉണ്ടാകുന്നു എന്നത് വളരെ മോശം പ്രവണതയാണ്.
അത് സമൂഹത്തിന് നല്‍കുന്ന സന്ദേശം എന്താണന്ന് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ചിന്തിക്കേണ്ടതാണ്. ഇതൊന്നും നന്മ ഉളവാക്കുന്നില്ല എന്നതാണ് പ്രധാന കാര്യമെന്നും ഫാ. ആന്റണി വടക്കേക്കര പറഞ്ഞു.
Leave a Reply