ജൂലൈ മൂന്ന് മുതൽ ഒരു കുർബാനയെങ്കിലും ഏകീകൃത രീതിയിൽ അർപ്പിക്കാത്ത വൈദികർക്കെതിരെ കനത്ത നടപടിയുണ്ടാകുമെന്ന് സിറോ മലബാർ സഭ. ജൂൺ ഒമ്പതിലെ സർക്കുലർ നിലനിൽക്കും. ഏകീകൃത കുർബാന രീതി എല്ലാവർക്കും പരിചയമായ ശേഷം ജനാഭിമുഖ കുർബാന പൂർണമായും ഒഴിവാക്കും. മെത്രാന്മാർ പള്ളികളിൽ എത്തുമ്പോൾ ഏകീകൃത കുർബാനയ്ക്ക് വേണ്ട സൗകര്യങ്ങൾ അതാത് ഇടവകകൾ ഒരുക്കി നൽകണമെന്നും സിറോ മലബാർ സഭ അറിയിച്ചു.
സിനഡാനന്തര അറിയിപ്പിന്റെ പൂർണ്ണരൂപം
എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരെ, സമർപ്പിതരെ, അല്മായ സഹോദരിസഹോദരന്മാരെ, മുപ്പത്തിരണ്ടാമത് സീറോമലബാർ മെത്രാൻ സിനഡിന്റെ പ്രത്യേക ഓൺലൈൻ സമ്മേളനം 2024 ജൂൺ 14, 19 എന്നീ തീയതികളിൽ പൂർത്തിയായി. സഭയുടെ ഏകീകൃത കുർബാനയർപ്പണ രീതിയുമായി ബന്ധപ്പെട്ട് എറണാകുളം – അങ്കമാലി അതിരൂപതയിൽ നിലനില്ക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരമായി 2024 മെയ് മാസം 15-ാം തീയതി റോമിലെ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിൽ ചേർന്ന ഉന്നതാധികാര സമിതി നല്കിയ അന്തിമ തീരുമാനങ്ങൾ അറിയിക്കുന്നതിനും അവ നടപ്പിലാക്കാൻ ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും വേണ്ടിയാണ് ഈ സമ്മേളനം ചേർന്നത്. ഉന്നതാധികാരസമിതിയുടെ തീരുമാനങ്ങൾ 2024 ജൂൺ 9 ന് സർക്കുലർ (സർക്കുലർ 4/2024) വഴി നിങ്ങളെ അറിയിച്ചിരുന്നല്ലോ.
എറണാകുളം – അങ്കമാലി അതിരൂപതയിൽനിന്നുള്ള അഭിവന്ദ്യപിതാക്കന്മാരും അവർ വഴി നിരവധി വൈദികരും ചില അഭിപ്രായങ്ങളും പ്രായോഗികനിർദേശങ്ങളും സിനഡിനു സമർപ്പിക്കുകയുണ്ടായി. പ്രസ്തുത നിർദേശങ്ങളിൽ പ്രധാനങ്ങളായതു താഴെപ്പറയുന്നവയാണ്:
ഏകീകൃത കുർബാനയർപ്പണം നടപ്പിലാക്കണം എന്ന പരിശുദ്ധ പിതാവിന്റെ ഉദ്ബോധനം അനുസരിക്കുന്നതിന്റെ ഭാഗമായി 2024 ജൂലൈ 3-ാം തീയതി എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും സമർപ്പിത ഭവനങ്ങളിലും വൈദിക സമർപ്പിത പരിശീലനകേന്ദ്രങ്ങളിലും ഏകീകൃതരീതിയിൽ കുർബാനയർപ്പിക്കുക, അന്നുമുതൽ ഏകീകൃത കുർബാനയർപ്പണരീതി പരിചയപ്പെടുന്നതിന്റെ ഭാഗമായി (catechetical purpose) എല്ലാ ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു വി. കുർബാനയെങ്കിലും ഏകീകൃതരീതിയിൽ അതിരൂപതയിലെ എല്ലാ പള്ളികളിലും അർപ്പിച്ചു തുടങ്ങുക, വചനവേദി (ബേമ്മ) ഉപയോഗിച്ച് എല്ലാ ദൈവാലയങ്ങളിലും വി. കുർബാനയർപ്പിക്കുക, മെത്രാന്മാരും വൈദികരും അജപാലന ആവശ്യങ്ങൾക്കായി ഇടവക സന്ദർശിക്കുമ്പോൾ ഏകീകൃതരീതിയിൽ വി. കുർബാനയർപ്പിക്കുക എന്നിവയാണ്.
പ്രസ്തുത നിർദേശങ്ങളെ പൈതൃകമായ സ്നേഹത്തോടെ സിനഡുപിതാക്കന്മാർ ചർച്ചചെയ്യുകയും വിലയിരുത്തുകയും ചെയ്തു. തത്ഫലമായി ഉരുത്തിരിഞ്ഞ തീരുമാനങ്ങൾ എറണാകുളം-അങ്കമാലി അതിരൂപതാംഗങ്ങളെ അറിയിക്കുന്നു:
1. റോമിലെ ഉന്നതാധികാരസമിതിയുടെ നിർദേശപ്രകാരം 2024 ജൂൺ 9 ന് നല്കിയ സർക്കുലർ സാധുവായി നിലനില്ക്കുന്നതാണ്. അതിനാൽ ജൂലൈ 3 മുതൽ സീറോമലബാർ കുർബാനയർപ്പിക്കുന്ന എല്ലാ വൈദികരും 2021 നവംബർ 28ാം തീയതി പ്രാബല്യത്തിൽ വന്ന തക്സയിൽ നിർദേശിച്ചിരിക്കുന്നത് പോലെ ഏകീകൃത രീതിയിൽ മാത്രം വിശുദ്ധ കുർബാന അർപ്പിക്കേണ്ടതാണ്.
2. എന്നാൽ 2024 ജൂലൈ 3 മുതൽ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു കുർബാനയെങ്കിലും സിനഡു നിർദേശിച്ച ഏകീകൃതരീതിയിൽ അർപ്പിച്ചുതുടങ്ങുന്ന വൈദികർക്കെതിരെ 2024 ജൂൺ 9 ന് നല്കിയ സർക്കുലറിൽ അറിയിച്ച പ്രകാരമുള്ള കാനോനികമായ ശിക്ഷാനടപടികൾ ആരംഭിക്കുന്നതല്ല. അജപാലനപരമായ ആവശ്യങ്ങൾ പരിഗണിച്ച് ഏകീകൃത കുർബാനയർപ്പണരീതി പരിചയപ്പെടുന്നതിനും ബോധവല്ക്കരണത്തിനുമുള്ള സമയം (catechetical purpose) അനുവദിക്കാമെന്നു പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ 2022 മാർച്ച് 25 ന് നമ്മുടെ അതിരൂപതയ്ക്കു നൽകിയ കത്തിൽ അറിയിച്ചകാര്യം നിങ്ങൾക്കറിയാമല്ലോ. ഈ കാലഘട്ടം പൂർത്തിയായി ഏകീകൃതരീതിയിലുള്ള വി. കുർബാനയർപ്പണം മാത്രം അനുവദനീയമാകുന്ന സമയക്രമം തുടർന്നു വരുന്ന സിനഡിൽ തീരുമാനിച്ചറിയിക്കുന്നതാണ്.
3. 2024 ജൂലൈ മൂന്നിന് ശേഷം എല്ലാ ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു കുർബാനയെങ്കിലും ഏകീകൃതരീതിയിൽ അർപ്പിക്കപ്പെടാത്ത ഇടവകകളിലും സ്ഥാപനങ്ങളിലും അതിനു വിസമ്മതിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്ന വൈദികർക്കെതിരെ 2024 ജൂൺ ഒമ്പതിലെ സർക്കുലറിൽ നിർദേശിച്ചപ്രകാരമുള്ള കാനോനികമായ ശിക്ഷാനടപടികൾ സ്വീകരിക്കുന്നതാണ്. സഭയെ സംബന്ധിച്ചിടത്തോളം ഏറെ വേദനാജനകമായ ഈ സാഹചര്യം ഒഴിവാക്കാൻ എല്ലാ വൈദികരോടും ദൈവനാമത്തിൽ ഞങ്ങൾ ആവശ്യപ്പെടുന്നു.
4. ഏകീകൃതരീതിയിൽ മാത്രം ഇപ്പോൾ വി. കുർബാനയർപ്പിക്കുന്നവർക്കും 2024 ജൂൺ ഒമ്പതിലെ സർക്കുലർ പ്രകാരം 2024 ജൂലൈ 3 മുതൽ ഏകീകൃതരീതിയിൽ വി. കുർബാന അർപ്പിക്കാൻ ആഗ്രഹിക്കുന്ന വൈദികർക്കും യാതൊരുവിധപ്രതിബന്ധമോ പ്രതിസന്ധിയോ സൃഷ്ടിക്കാതിരിക്കാൻ എല്ലാവരും ബോധപൂർവം ശ്രദ്ധിക്കണം.
5. സമർപ്പിത ഭവനങ്ങളിലും വൈദിക സമർപ്പിത പരിശീലനകേന്ദ്രങ്ങളിലും 2021 നവംബർ 28ാം തീയതി പ്രാബല്യത്തിൽ വന്ന തക്സയിൽ നിർദ്ദേശിച്ചിരിക്കുന്നതുപോലെ ഏകീകൃതരീതിയിൽ 2024 ജൂലൈ മൂന്ന് മുതൽ വിശുദ്ധ കുർബാന അർപ്പിക്കേണ്ടതാണ്.
6. അതിരൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും സമർപ്പിതഭവനങ്ങളിലും എല്ലാ വി. കുർബാനയർപ്പണത്തിനും വചനവേദി (ബേമ്മ) ഉപയോഗിക്കേണ്ടതാണ്.
7. സീറോമലബാർ സഭയിലെ മെത്രാന്മാരും വൈദികരും അജപാലന ആവശ്യങ്ങൾക്കായി അതിരൂപതയിലെ പള്ളികളിൽ വരുമ്പോൾ ഏകീകൃതരീതിയിൽ വി. കുർബാന അർപ്പിക്കാനുള്ള ക്രമീകരണം ചെയ്യേണ്ടതാണ്.
8. സഭയുടെ കൂട്ടായ്മയ്ക്കു ഭംഗം വരുത്തുന്ന രീതിയിലുള്ള പരസ്യപ്രസ്താവനകളിൽനിന്ന് എല്ലാ വൈദികരും സമർപ്പിതരും അല്മായരും വിട്ടുനില്ക്കേണ്ടതാണ്. വിഭാഗീയതയുടെയും വിഭജനത്തിന്റെയും സ്വരം സഭയെ സ്നേഹിക്കുന്നവർക്കു ഭൂഷണമല്ല. ഇക്കാര്യത്തിൽ വീഴ്ചവരുത്തുന്നവർക്കെതിരേ തക്കതായ നടപടികൾ സ്വീകരിക്കും. പ്രതിസന്ധികളുടെ ഈ കാലഘട്ടത്തിൽ അച്ചടക്കവും ജാഗ്രതയും പാലിക്കാൻ എല്ലാവരും ബോധപൂർവം ശ്രദ്ധിക്കണം.
എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രതിസന്ധികൾ പരിഹരിച്ചു കൂട്ടായ്മ വർധിപ്പിക്കുന്നതിനുള്ള എല്ലാ നിർദേശങ്ങളെയും സിനഡ് ഭാവാത്മകമായി സ്വാഗതം ചെയ്യുന്നു. മേജർ ആർച്ച് ബിഷപ്പും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും എറണാകുളം – അങ്കമാലി അതിരൂപതയിൽനിന്നുള്ള അഭിവന്ദ്യ പിതാക്കന്മാർ അനുരഞ്ജന പ്രക്രിയകൾ ത്വരിതപ്പെടുത്തുന്നതിനും സഭാഗാത്രത്തിൽ വന്നുപോയ മുറിവുകൾ ഉണക്കുന്നതിനും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കണമെന്നു സിനഡ് പിതാക്കന്മാർ നിർദേശിച്ചിട്ടുണ്ട്.
വിവിധ ചേരികളായിതിരിഞ്ഞ് അതിരൂപതയുടെ മക്കൾ നടത്തുന്ന പ്രകടനങ്ങളും പ്രസ്താവനകളും നിയമവ്യവഹാരങ്ങളും നമ്മുടെ അമ്മയായ സീറോ മലബാർ സഭയെയും പരിശുദ്ധ കത്തോലിക്കാസഭയെയും പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയെയും ഏറെ വേദനിപ്പിച്ചിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞ് ആവശ്യമായ തിരുത്തലുകൾ വരുത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണം. എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരിലും സമർപ്പിതരിലും അല്മായരിലും ഉൾപ്പെട്ട ഒരാൾപോലും കത്തോലിക്കാ കൂട്ടായ്മയിൽ നിന്ന് വേർപെട്ടുപോകരുത് എന്ന തീവ്രമായ ആഗ്രഹവും സ്നേഹപൂർവമായ നിർബന്ധവുമാണ് സിനഡ് പിതാക്കന്മാരെ ഈ വിഷയം ആവർത്തിച്ചു ചർച്ചചെയ്യാൻ പ്രേരിപ്പിക്കുന്നത്.
എറണാകുളം – അങ്കമാലി അതിരൂപതയുടെ നന്മയെ ലക്ഷ്യമാക്കി ഞങ്ങൾ നൽകുന്ന ഈ നിർദേശങ്ങൾ നടപ്പിലാക്കാൻ നിങ്ങളെല്ലാവരും ആത്മാർഥമായി പരിശ്രമിക്കണം.“പരിശുദ്ധ സഭയെ അമ്മയായി സ്വീകരിക്കാത്തവർക്കു ദൈവത്തെ പിതാവായി സ്വീകരിക്കാനാവില്ല”(വി. സിപ്രിയാൻ) എന്ന സത്യം നമുക്കോർക്കാം. നിങ്ങളെ എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
Leave a Reply