ലണ്ടൻ ∙ കോവിഡിന്റെ സാമൂഹ്യ വ്യാപനം തടയാനും പ്രതിരോധിക്കാനും ഏറ്റവും വലിയ പ്രതിസന്ധിയായി നിലനിന്നിരുന്നത് ലക്ഷണം ഇല്ലാത്ത രോഗികളുടെ എണ്ണം ആയിരുന്നു. കോവിഡ് ആന്റിബോഡി പരിശോധനാ പരീക്ഷണങ്ങളുടെ ആദ്യഘട്ടം വിജയിച്ചതിനു പിന്നാലെ ദശലക്ഷക്കണക്കിന് ആളുകളിൽ സൗജന്യ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് യുകെ സർക്കാർ. ഓക്സ്ഫഡ് സർവകലാശാലയും രാജ്യത്തെ പ്രമുഖ ഡയഗ്നോസ്റ്റിക്സ് സ്ഥാപനങ്ങളുമായും ചേർന്ന് യുകെ റാപ്പിഡ് ടെസ്റ്റ് കൺസോർഷ്യമാണ് (യുകെ–ആർടിസി) ആന്റിബോഡി പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്ത്.
കഴിഞ്ഞ മാസം നടത്തിയ പരീക്ഷണങ്ങളിൽ 98.6 ശതമാനം കൃത്യതയാണ് കോവിഡ് കിറ്റ് രേഖപ്പെടുത്തിയത്. കുറഞ്ഞ ചെലവിൽ, 20 മിനിറ്റിൽ ഫലമറിയാൻ സാധിക്കും. ആന്റിബോഡി ടെസ്റ്റിൽ 98.6 ശതമാനം കൃത്യത കണ്ടെത്തിയത് വളരെ നല്ല വാർത്തയാണെന്ന് യുകെ–ആർടിസി മേധാവി ക്രിസ് ഹാൻഡ് പറഞ്ഞു.
ഈ വർഷംതന്നെ ആയിരക്കണക്കിന് ടെസ്റ്റ് കിറ്റുകൾ വാങ്ങുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പ് യുകെ-ആർടിസിയുമായി ചർച്ചകൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ടെസ്റ്റ് കിറ്റിനുള്ള അന്തിമ അനുമതി അടുത്ത ആഴ്ചയോടു കൂടി മാത്രമെ ലഭിക്കൂ.
എങ്കിലും ഇതിനോടകം തന്നെ ആയിരക്കണക്കിനു പ്രോട്ടോടൈപ്പുകൾ യുകെയിലെ വിവിധ ഫാക്ടറികളിലായി നിർമിച്ചു കഴിഞ്ഞു. സൂപ്പർ മാർക്കറ്റുകൾക്ക് പകരം ഓൺലൈൻ വിപണിയിൽ ആന്റിബോഡി ടെസ്റ്റ് കിറ്റ് ലഭ്യമാക്കുന്നതിനാണ് സർക്കാർ ശ്രമം.
Leave a Reply