ന്യൂസ് ഡെസ്ക് മലയാളം യുകെ
ഗ്രെറ്റൽ പതിവായി രാവിലെ നടക്കാൻ പോകാറുണ്ടായിരുന്നു, എന്നാൽ അന്ന് പതിവിൽ നിന്നും കുറച്ചേറെ ദൂരം മുന്നോട്ട് പോയി. പട്ടിക്കാട് പഞ്ചായത്തിനടുത്തുള്ള ലൈൻ മുറികളിൽ ഒന്നിൽ നിന്ന് ഒരു പെൺകുട്ടിയുടെ കരച്ചിൽ കേൾക്കാമായിരുന്നു. അവിടെ നിന്നും ഒരു പുരുഷൻ വെപ്രാളപ്പെട്ട് ഓടിയിറങ്ങി അപ്പുറത്തെ മുറിയുടെ വാതിലിൽ തട്ടുന്നതും ശ്രദ്ധിച്ചു. പക്ഷെ പറഞ്ഞ വാക്കുകൾ വ്യക്തമായില്ല, അൽപ്പസമയത്തിന് ശേഷമാണ് ‘കൊച്ചു വരുന്നു ‘ എന്നു മനസ്സിലായത്. ആ വാക്കുകൾ കേട്ടതും രണ്ടാമതൊന്നു ചിന്തിക്കാൻ നിൽക്കാതെ ഓടി മുറിക്കുള്ളിൽ കയറി.
കാണുന്ന കാഴ്ച ഒരല്പം ഭയപ്പെടുത്തുന്നതായിരുന്നു, കുഞ്ഞു പുറത്തേക്ക് വന്നു തുടങ്ങുന്നു, അമ്മയാകട്ടെ വേദന കൊണ്ട് പുളഞ്ഞു നിലവിളിക്കുകയാണ്. ഹോസ്പിറ്റലിൽ ആയിരുന്നുവെങ്കിൽ ഫസ്റ്റ് പ്രൊസീജിയറിനുള്ള നേരമാണ്,കയ്യിൽ മെഡിക്കൽ സാധനങ്ങൾ ഒന്നും തന്നെയില്ല.
കുഞ്ഞു മുഴുവനായി പുറത്ത് വന്നിട്ടും കരയാതെയായത് കണ്ടിട്ട് ഭയന്ന്പോയി, തലകീഴായി തൂക്കി എടുത്തു തട്ടിയിട്ടാണ് കുട്ടി കരഞ്ഞത്. പൊക്കിൾ കൊടി മുറിച്ചു മാറ്റി. പക്ഷെ ക്ലാമ്പ് ചെയ്യാൻ ഒന്നും കയ്യിൽ ഉണ്ടായിരുന്നില്ല.
കുട്ടിയുടെ അച്ചൻ വേദന തുടങ്ങും മുൻപ് ആംബുലൻസ് വിളിച്ചിരുന്നുവെങ്കിലും, എത്താൻ വൈകിയതാണ് പ്രശ്നമായത്. അമ്മയ്ക്ക് അപ്പോഴേക്കും രക്തസ്രാവം മൂർച്ഛിച്ചു മോശമായ അവസ്ഥയിൽ എത്തിയിരുന്നു. കൈയിൽ കിട്ടിയ തുണിയെടുത്തു കുഞ്ഞിനെ തുടച്ചതും, അതു വഴി നടക്കാൻ എത്തിയ മറ്റൊരു സ്ത്രീയുടെ കയ്യിൽ കുഞ്ഞിനെ കൊടുത്തിട്ട് അമ്മയെ പരിശോധിച്ചതുമൊക്കെ സ്വപ്നം പോലെയാണ് ഗ്രെറ്റലിനു തോന്നിയത്.
പ്രതിസന്ധി ഘട്ടത്തിൽ ഉണ്ടായ അസാമാന്യ ധൈര്യത്തിന്റെ ബാക്കിയെന്ന നിലയിൽ രണ്ടു ജീവനുകൾ രക്ഷിക്കാനായി.
Leave a Reply