ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യുകെയിൽ കാർ മോഷണം വർധിച്ചുവരുന്നതായി റിപ്പോർട്ടുകൾ. ഡ്രൈവർ ആന്റ് വെഹിക്കിൾ ലൈസൻസിംഗ് ഏജൻസിയുടെ കണക്കുകൾ പ്രകാരം, ഏകദേശം 48,500 കാറുകൾ കഴിഞ്ഞ വർഷം മോഷ്ടിക്കപ്പെട്ടു. 2020 ൽ ഇത് 46,800 ആയിരുന്നു. ഫോർഡ് ഫിയസ്റ്റ, വോക്സ്ഹാൾ കോർസ തുടങ്ങിയ ജനപ്രിയ കാറുകളാണ് ഏറ്റവും കൂടുതൽ മോഷണം പോകുന്നത്. 2021 ജനുവരി 1 നും ഡിസംബർ 31 നും ഇടയിൽ 48,493 കാറുകൾ മോഷണം പോയതായി പോലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. ബ്രിട്ടനിൽ ഓരോ ദിവസവും ശരാശരി 133 കാറുകൾ മോഷ്ടിക്കപ്പെടുന്നുണ്ട്. ആഴ്ചയിൽ 933 എണ്ണം.
ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെട്ട കാറുകളുടെ പട്ടികയിൽ ഒന്നാമത് ഫോർഡ് ഫിയസ്റ്റയാണ്. കഴിഞ്ഞ വർഷം 3,909 ഫോർഡ് ഫിയസ്റ്റ കാറുകളാണ് മോഷണം പോയത്. റേഞ്ച് റോവറും വ്യാപകമായി മോഷ്ടിക്കപ്പെട്ടു. കഴിഞ്ഞ വർഷം 3,754 ലാൻഡ് റോവർ എസ്യുവികൾ മോഷണം പോയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം മോഷണങ്ങൾ തടയാൻ സിസിടിവി ക്യാമറകളുള്ള സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യണമെന്ന് പോലീസും മോട്ടോർ അസോസിയേഷനുകളും ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി.
ബ്രിട്ടനിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെട്ട കാർ മോഡലുകൾ – എണ്ണം
• ഫോർഡ് ഫിയസ്റ്റ – 3,909
• ലാൻഡ് റോവർ റേഞ്ച് റോവർ – 3,754
• ഫോർഡ് ഫോക്കസ് – 1,912
• വിഡബ്ല്യു ഗോൾഫ് – 1,755
• മെഴ്സിഡസ്-ബെൻസ് സി-ക്ലാസ് – 1,474
• ബിഎംഡബ്ല്യു 3 സീരീസ് – 1,464
• ലാൻഡ് റോവർ ഡിസ്കവറി – 1,260
• വോക്സ്ഹാൾ കോഴ്സ – 1,218
• വോക്സ്ഹാൾ ആസ്ട്ര – 1,096
• മെഴ്സിഡസ് ബെൻസ് ഇ ക്ലാസ്സ് – 818
Leave a Reply