ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാഞ്ചസ്റ്ററിൽ മലയാളി നേഴ്സിന് ഡ്യൂട്ടിക്കിടെ കുത്തേറ്റ സംഭവത്തിൽ വിചാരണ ജൂലൈ 14 – ന് ആരംഭിക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നു. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ റോയൽ ഓൾഡ്‌ഹാം ഹോസ്പിറ്റലിലെ അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ ഡ്യൂട്ടിയിലിരിക്കെയാണ് 57 വയസ്സുകാരിയായ അച്ചാമ്മ ചെറിയാൻ ആക്രമിക്കപ്പെട്ടത്. ജനുവരി 11 ശനിയാഴ്ച വൈകുന്നേരം നടന്ന സംഭവത്തിൽ 37 കാരനായ മുഹമ്മദ് റോമൻ ഹഖിനെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഏകദേശം രാത്രി 11. 30 ഓടെയാണ് യുകെയിലെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയുടെ കാര്യത്തിൽ കടുത്ത ചോദ്യങ്ങൾ ഉയർത്തിയ സംഭവം അരങ്ങേറിയത്. ഹോസ്പിറ്റലിന് വളരെ അടുത്താണ് അച്ചാമ്മയും ഭർത്താവ് അലക്സാണ്ടർ ചാണ്ടിയും താമസിച്ചിരുന്നത്.

കഴിഞ്ഞ 10 വർഷമായി റോയൽ ഓൾഡ്ഹാം ആശുപത്രിയിൽ ജോലി ചെയ്തു വരികയാണ് അച്ചാമ്മ ചെറിയാൻ.കഴുത്തിന് പിന്നിൽ കത്രിക കൊണ്ട് കുത്തേറ്റാണ് അച്ചാമ്മ ചെറിയാന് പരുക്കേറ്റത്. ഇപ്പോൾ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടെന്നാണ് ലഭ്യമായ വിവരം. നിലവിൽ റിമാൻഡിൽ തുടരുന്ന പ്രതിയെ സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. അക്യൂട്ട് മെഡിക്കൽ വിഭാഗം യൂണിറ്റിൽ ശസ്ത്രക്രിയയ്ക്കായി ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ച് യാതൊരു പ്രകോപനവുമില്ലാതെ റോമൻ ഹക്ക് അച്ചാമ്മയെ ആക്രമിക്കുക ആയിരുന്നു. കൊലപാതക ശ്രമത്തിനും ആയുധം കൈവശം വച്ചതിനുമുള്‍പ്പെടെയുള്ള കേസുകളാണ് പ്രതിക്ക്‌ എതിരെ ഉള്ളത്. ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംങ് സംഭവത്തിൽ നടുക്കവും ദുഃഖവും രേഖപ്പെടുത്തി. ആക്രമണത്തിന് ഇരയായ നേഴ്സിനും കുടുംബത്തിനും എല്ലാവിധമായ പിന്തുണയും നൽകുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. നേഴ്സുമാർക്ക് ഭയമില്ലാതെ സുരക്ഷിതമായി ജോലിചെയ്യാനുള്ള സാഹചര്യം ഉറപ്പുവരുത്തുമെന്ന് സംഭവത്തോട് പ്രതികരിച്ചുകൊണ്ട് മന്ത്രി പറഞ്ഞിരുന്നു .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എൻഎച്ച്എസിലെ മലയാളികൾ ഉൾപ്പെടെയുള്ള നേഴ്സുമാരുടെ സുരക്ഷയെ കുറിച്ച് കടുത്ത ആശങ്കയാണ് ഈ സംഭവങ്ങൾ ഉയർത്തുന്നത്. എൻഎച്ച്എസ് ജീവനക്കാർക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ട ശാരീരിക ആക്രമണങ്ങളിൽ 6% വർദ്ധനവ് ഉണ്ടായതായി യുകെയിലെ ഏറ്റവും വലിയ ഹെൽത്ത് യൂണിയൻ ആയ യൂണിസണിൻ്റെ റിപ്പോർട്ടിൽ പറയുന്നു. ഇതനുസരിച്ച് പ്രതിദിനം ശരാശരി 200 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ റിപ്പോർട്ടിൽ 75% എൻഎച്ച്എസ് ട്രസ്റ്റുകളുടെ ഡേറ്റ മാത്രമാണ് ഉള്ളത്. ശരിക്കുള്ള കണക്കുകൾ ഇതിലും ഉയർന്നതാണെന്നാണ് സൂചന . നോട്ടിംഗ്‌ഹാമിലെ ക്വീൻസ് മെഡിക്കൽ സെൻ്ററിൽ (ക്യുഎംസി), 2023 ഏപ്രിലിനും സെപ്‌റ്റംബറിനുമിടയിൽ 1,167 അക്രമണങ്ങളാണ് രേഖപ്പെടുത്തിയത്.