തിരുവനന്തപുരം പാറശാലയിലെ ഷാരോണിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഒക്ടോബർ ഒന്നു മുതല്‍ ആരംഭിക്കും. കേസില്‍ ഹൈക്കോടതി ജാമ്യത്തില്‍ കഴിയുന്ന പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. പ്രതികളായ ഗ്രീഷ്മ, അമ്മ സിന്ധു, അമ്മാവൻ നിർമല്‍കുമാർ നായർ എന്നിവരെയാണ് നെയ്യാറ്റിൻകര അഡീഷണല്‍ സെഷൻസ് കോടതി കുറ്റപത്രം വായിപ്പിച്ച് കേള്‍പ്പിച്ചത്.
അതേസമയം കുറ്റപത്രം വായിച്ചുകേട്ട പ്രതികള്‍ കുറ്റം നിഷേധിച്ചു. കേസിലെ ഒന്നാം പ്രതിയും ഷാരോണിന്റെ പെണ്‍സുഹൃത്തുമായ ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമല്‍കുമാർ നായർ എന്നിവരെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയത്. സംഭവത്തെ തുടർന്ന് അറസ്റ്റിലായ പ്രതികള്‍ നിലവില്‍ ഹൈക്കോടതിയുടെ ജാമ്യത്തിലാണ്.
62 പേജുകളും ആയിരത്തി അഞ്ഞൂറോളം രേഖകളും മറ്റനുബന്ധ തെളിവുകളും ഉള്‍പ്പെടെയുള്ളതാണ് കുറ്റപത്രം. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. വി.ടി.രാശിത്തായിരുന്നു കുറ്റപത്രം സമർപ്പിച്ചത്.
കുറ്റപത്രപ്രകാരം കൊലപാതകം (302), കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തട്ടിക്കൊണ്ടുപോകല്‍ (364), വിഷം നല്‍കി കൊലപ്പെടുത്തല്‍ (328), തെളിവ് നശിപ്പിക്കല്‍ (201), കുറ്റം ചെയ്തത് മറച്ചുവെയ്ക്കല്‍ (203) എന്നീ വകുപ്പുകളാണ് പ്രതികളുടെ പേരില്‍ ചുമത്തിയിട്ടുള്ളത്. കുറ്റപത്രം വായിച്ചു കേട്ട പ്രതികള്‍ ഇത് നിഷേധിച്ചു. കേസില്‍ അറസ്റ്റിലായിരുന്ന രണ്ടാം പ്രതി സിന്ധുവും അമ്മാവൻ നിർമല്‍കുമാർ നായരും നേരത്തെ ജാമ്യം നേടിയിരുന്നു.
Leave a Reply