ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഹോസ്പിറ്റൽ സ്‌ട്രോക്ക് യൂണിറ്റിലെ രോഗികൾക്ക് മയക്കുമരുന്ന് നൽകി അതിനെപ്പറ്റി തമാശ പറഞ്ഞ നേഴ്സുമാരുടെ സംഭവത്തിൽ വിചാരണ തുടങ്ങി. 54 കാരിയായ കാതറിൻ ഹഡ്‌സണും 48 കാരിയായ ഷാർലറ്റ് വിൽമോട്ടും ബ്ലാക്ക്‌പൂൾ വിക്ടോറിയ ഹോസ്പിറ്റലിലെ തങ്ങൾക്ക് താല്പര്യമില്ലാത്ത രോഗികളെ ലക്ഷ്യം വച്ചതായി കോടതി കേട്ടു. രോഗികളെ കൊല്ലുന്നതിനെക്കുറിച്ചോ മയക്കുന്നതിനെക്കുറിച്ചോ ഇരുവരും തമാശ പറഞ്ഞതായും വെളിപ്പെടുത്തൽ ഉണ്ട്. പ്രതികൾ രോഗികളോട് കരുതലോടെയും അനുകമ്പയോടെയും അല്ല, മറിച്ച് അവജ്ഞയോടെയാണ് പെരുമാറിയതെന്ന് പ്രെസ്റ്റൺ ക്രൗൺ കോടതിയിൽ കേസ് ആരംഭിച്ച് പ്രോസിക്യൂട്ടർ പീറ്റർ റൈറ്റ് പറഞ്ഞു.
“ഇന്ന് ബ്ലൂ ബേയിൽ എനിക്ക് മനോഹരമായ ദിവസമായിരുന്നു. പ്രശ്‌നമുണ്ടാക്കുന്നവരെയെല്ലാം മയക്കുമരുന്ന് നൽകി മയക്കി.” ഹഡ്‌സന്റെ സന്ദേശം ഇപ്രകാരമായിരുന്നു. ബാൻഡ് 5 രജിസ്റ്റർ ചെയ്ത നേഴ്‌സായ ഹഡ്‌സണും ബാൻഡ് 4 അസിസ്റ്റന്റ് പ്രാക്ടീഷണറായ വിൽമോട്ടും തമ്മിൽ പങ്കുവെച്ച സന്ദേശത്തിൽ ബെഡ് 5ലെ രോഗിയെ കൊല്ലാൻ പോകുന്നതായി ഹഡ്‌സൺ പറയുന്നുണ്ട്.
2017 ഫെബ്രുവരിക്കും 2018 നവംബറിനും ഇടയിലാണ് ഈ സംഭവങ്ങൾ നടന്നത്. നാല് രോഗികളോട് മോശമായി പെരുമാറിയെന്ന കുറ്റമാണ് ഹഡ്‌സന്റെ മേൽ ആരോപിക്കപ്പെട്ടിരിക്കുന്നത്. മറ്റൊരു രോഗിയോട് മോശമായി പെരുമാറാൻ ഗൂഢാലോചന നടത്തിയതിന് രണ്ട് പ്രതികളും കുറ്റം സമ്മതിച്ചിട്ടില്ല. കോടതിയിൽ വിചാരണ തുടരും.
Leave a Reply