ജോജി തോമസ്
ഒരു ദേശവും ഒരു ജനതയും അതിജീവനത്തിനായി നടത്തുന്ന പോരാട്ടത്തിനെ ഒറ്റപ്പെടുത്താനും പരാജയപ്പെടുത്താനും ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റുകളിൽ ഒന്നിന്റെ പണക്കൊഴുപ്പിന്റെ അകമ്പടിയോടെ നടത്തുന്ന ശ്രമങ്ങളാണ് കഴിഞ്ഞ ഏതാനും നാളുകളായി വിഴിഞ്ഞത്തുനിന്ന് കേൾക്കുന്നത്. വിഴിഞ്ഞത്തെ ജനങ്ങളുടെ ഇടയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നതിനും, സമരം ഒരു സമുദായത്തിന്റെ മാത്രം ആവശ്യമായി ചിത്രീകരിക്കുന്നതിലും അദാനി സ്പോൺസേർഡ് ഗ്രൂപ്പ് വിജയിച്ചതിന്റെ തെളിവാണ് രാഷ്ട്രീയ പ്രബുദ്ധതയിൽ മുന്നിൽ നിൽക്കുന്ന കേരളത്തിലെ പൊതുപ്രവർത്തകരുടെയും, മാധ്യമങ്ങളുടെയും നിശബ്ദത . വിഴിഞ്ഞത്തെ സമരം അക്രമമായതിനു പിന്നിൽ കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ഇടപെടലിലൂടെ ഉണ്ടായ സംഘടനയുടെയും, ബോധപൂർവ്വം ഉള്ള ചില പോലീസ് നടപടികളും എത്രമാത്രം കാരണമായെന്ന് മാധ്യമങ്ങൾ മറച്ചു വയ്ക്കുന്ന സത്യമാണ്.
സമാധാനപരമായി നടന്ന സമരത്തെ പരാജയപ്പെടുത്താനുള്ള കുത്സിത ശ്രമങ്ങളുടെ ഭാഗമായി വിഴിഞ്ഞം തുറമുഖത്തിന് അനുകൂല നിലപാടുള്ള സംഘടന ഉണ്ടാക്കുകയാണ് ആദ്യം ചെയ്തത്. അദാനിയുടെ പണത്തിന്റെ പിൻബലമുള്ള സംഘടനയെ സഹായിക്കാൻ കേന്ദ്രവും , സംസ്ഥാനവും ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ അഭിപ്രായവ്യത്യാസം മാറ്റിവെച്ച് മത്സരിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അക്രമത്തിന്റെ തുടക്കം തുറമുഖം വേണമെന്ന് വാദിക്കുന്ന ഈ സംഘടനയിൽ നിന്നായിരുന്നു. ജനങ്ങളെ പ്രകോപിപ്പിക്കാനും അങ്ങനെ ഒരു കലാപ സാഹചര്യത്തിലേയ്ക്ക് കാര്യങ്ങൾ ചെന്നെത്തിക്കാനും പോലീസിന്റെ ഭാഗത്തുനിന്നും ബോധപൂർവ്വമായ ശ്രമങ്ങളുണ്ടായി. ഇത്തരം സത്യങ്ങൾക്ക് നേരെ മാധ്യമങ്ങൾ കണ്ണടയ്ക്കുകയും, രാഷ്ട്രീയ പാർട്ടികൾ നിശബ്ദത പാലിക്കുകയും ചെയ്തപ്പോഴാണ് 2018 -ലെ പ്രളയകാലത്തെ വീരന്മാർ ദേശദ്രോഹികളായത്. ഒരു മന്ത്രി തന്നെ കടലിന്റെ മക്കളെ ദേശദ്രോഹികളായി ചിത്രീകരിച്ചത് 2018 – ൽ ജീവൻ പണയപ്പെടുത്തി വള്ളവുമായി മധ്യതിരുവിതാംകൂറിൽ വരെ രക്ഷാപ്രവർത്തനം നടത്തിയ തീരദേശവാസികളുടെ ചരിത്രം മറന്നാണ്.
തീരദേശവാസികളുടെ സമരം അവരുടെ ജീവിതത്തിനും മണ്ണിനുമായാണ് . തുറമുഖം വന്നാൽ തീര ശോഷണം സംഭവിക്കുകയും കിടപ്പാടം നഷ്ടപ്പെടുകയും, ഉപജീവനമാർഗ്ഗം അടയുകയും ചെയ്യുമെന്നാണ് പ്രധാന പരാതി. വേൾഡ് ബാങ്കിലും ഏഷ്യൻ ഡെവലപ്മെൻറ് ബാങ്കിലും മറ്റും ജോലി ചെയ്തിരുന്ന സ്വതന്ത്ര വിലയിരുത്തൽ വിഭാഗം ഡയറക്ടറായിരുന്ന വിനോ തോമസ് ഉൾപ്പെടെ പരിസ്ഥിതി വിഷയങ്ങളിൽ അവഗാഹം ഉള്ള നിരവധി വിദഗ്ധർ തീരദേശവാസികളുടെ ആശങ്കയോട് ചേർന്നു പോകുന്ന ചിന്തയുള്ളവരാണ്. വിഴിഞ്ഞം തുറമുഖം വന്നാൽ ശ്രീലങ്കയിലെ കൊളംബോ തുറമുഖം പൂട്ടിപ്പോകുമെന്നും വൻ വികസനമുണ്ടാകുമെന്നുമാണ് അവകാശവാദം. ഇതേ അവകാശവാദങ്ങളുമായി 3000 ത്തിലേറെ കോടി ചിലവഴിച്ച് നിർമ്മിച്ച വല്ലാർപാടം കണ്ടയ്നർ തുറമുഖം ഇപ്പോൾ വർഷംതോറും നൂറുകണക്കിന് കോടി രൂപ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്.
7525 കോടി രൂപ മുതൽമുടക്കുള്ള വിഴിഞ്ഞം പദ്ധതിയിൽ കേന്ദ്രസർക്കാർ 1635 കോടിയും , കേരള സർക്കാർ 2454 കോടിയും മുതൽമുടക്കും. അദാനി ഗ്രൂപ്പിൻറെ മുതൽമുടക്ക് 2454 കോടിയുടെതാണ് . 2454 കോടി രൂപ മുതൽമുടക്കുള്ള അദാനി ഗ്രൂപ്പിനാണ് തുറമുഖത്തിന്റെ 40 വർഷത്തെ നടത്തിപ്പ് ചുമതല. 20 വർഷം കൂടി നടത്തിപ്പ് ചുമതലയുടെ കാലാവധി നീട്ടി കൊടുക്കാൻ കരാറിൽ വ്യവസ്ഥകളുണ്ട്. കരടു കരാറിൽ 10 വർഷം മാത്രം നടത്തിപ്പ് ചുമതലയുണ്ടായിരുന്ന അദാനി ഗ്രൂപ്പിന് 40 വർഷത്തെ നടത്തിപ്പ് ചുമതല നൽകിയതിലൂടെ സംസ്ഥാന ഖജനാവിന് 60,000 കോടിയിലേറെ രൂപ നഷ്ടമുണ്ടായതായി കൺട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടുണ്ട് . ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്ത് ആരംഭിച്ച വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ 600 കോടി രൂപയുടെ അഴിമതി ഇപ്പോഴത്തെ ഭരണകക്ഷിയായ സിപിഎം ആരോപിച്ചിരുന്നു.
വിഴിഞ്ഞത്ത് നടക്കുന്ന സമരം വികസനത്തിനോ, തുറമുഖത്തിനോ എതിരല്ല. കിടപ്പാടവും, തൊഴിലും നഷ്ടപ്പെടുന്ന ഒരു ജനതയുടേതാണ്. അർഹമായ പുനരധിവാസമാണ് അവരുടെ ആവശ്യം. സർക്കാർ വാഗ്ദാനങ്ങളെല്ലാം ജലരേഖയായപ്പോഴാണ് അവരീ സമരത്തിന് തുനിഞ്ഞിറങ്ങിയത്. പുനരധിവാസമെന്ന പേരിൽ സിമൻറ് ഗോഡൗണിലാണ് കുടിയൊഴിപ്പിക്കപ്പെട്ടവർ വർഷങ്ങളായി കഴിയുന്നത്. തീരദേശവാസികളെ ദേശദ്രോഹികളാക്കിയ മന്ത്രിമാരും കുടുംബവും ഒരു ദിവസമെങ്കിലും അവിടെ പോയി താമസിക്കാൻ തയ്യാറാകുമോ എന്നതാണ് പ്രസക്തമായ വിഷയം. കടലിനോട് മല്ലിട്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന തീരദേശവാസികൾ തുഴ പിടിച്ച കൈകളുടെ ശക്തിക്ക് മുന്നിൽ തോറ്റു പോകാതിരിക്കണമെങ്കിൽ സർക്കാരും അദാനിയും മാന്യമായ ഒരു ഒത്തുതീർപ്പിന് തയ്യാറാകണം.
Leave a Reply