സ്വന്തം ലേഖകൻ
യു കെ :- കാലാവസ്ഥ വ്യതിയാനം സങ്കീർണ്ണമാകുന്ന സാഹചര്യത്തിൽ, 2030 തോടുകൂടി കാർബൺ പുറം തള്ളുന്നത് 68 ശതമാനം കുറയ്ക്കുവാൻ ബ്രിട്ടൻ ലക്ഷ്യമിട്ടിരിക്കുകയാണ് എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. മറ്റ് രാജ്യങ്ങളെക്കാൾ വേഗത്തിൽ കാർബൺ എമിഷൻ കുറയ്ക്കുവാൻ ഇതു രാജ്യത്തെ സഹായിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. ഡിസംബർ 12ന് നടക്കുന്ന വിർച്വൽ ക്ലൈമറ്റ് സമ്മിറ്റിന് പങ്കുചേർന്ന്, തന്റെ പാത മാതൃകയാക്കാനും മറ്റു രാജ്യങ്ങൾക്ക് അദ്ദേഹം ആഹ്വാനം നൽകി. ശാസ്ത്രജ്ഞർ പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു, എന്നിരുന്നാലും ഇത്തരം ഒരു തീരുമാനം കൊണ്ട് മാത്രം കാലാവസ്ഥവ്യതിയാനം പൂർണ്ണമായി ഇല്ലാതാവുകയില്ല. അതിനു ആവശ്യമായ നടപടികൾ ഗവണ്മെന്റിന്റെ ഭാഗത്തു നിന്ന് ഉണ്ടാവേണ്ടതും അത്യന്താപേഷിതമാണെന്ന് അവർ ഓർമ്മിപ്പിച്ചു.
രാജ്യത്തിന് ഇത് സാധ്യമാകുമെന്നും, എല്ലാവരും ഒരുമിച്ചു ഈ ലക്ഷ്യത്തിൽ പങ്കാളികളാവണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇതിൽ മറ്റു രാജ്യങ്ങളുടെയും പങ്കാളിത്തം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ തീരുമാനം അഭിനന്ദനർഹമാണെന്നും, എന്നാൽ അതിനാവശ്യമായ നടപടികൾ ഉണ്ടായാലേ ഫലപ്രദമാകുകയുള്ളൂ എന്നും യുകെയിലെ പ്രധാന കാലാവസ്ഥ ശാസ്ത്രജ്ഞരിൽ ഒരാളായ പ്രൊഫസർ ബ്രയൻ ഹോസ്കിൻസ് രേഖപ്പെടുത്തി. അടുത്തയിടെ റെയിൽ ലിങ്കിംഗ് പദ്ധതിക്കായി, ചാൻസലർ റിഷി സുനക് 127 ബില്യൺ പൗണ്ടാണ് പ്രഖ്യാപിച്ചത്. ഈ പദ്ധതി കാർബൺ എമിഷൻ വർദ്ധിക്കുന്നതിന് മാത്രമേ സഹായിക്കുകയുള്ളൂ. അതിനാൽ ഇത്തരത്തിലുള്ള തീരുമാനങ്ങൾ ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
അടുത്ത ആഴ്ച നടത്തുന്ന കാലാവസ്ഥ സമ്മേളനത്തിൽ എല്ലാ രാജ്യങ്ങളും പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. യുഎസ്, ചൈന തുടങ്ങിയ മറ്റ് സാമ്പത്തിക ശക്തികളും ബ്രിട്ടന്റെ നിലപാടിനെ അനുകൂലിക്കുമെന്ന പ്രതീക്ഷയിലാണ് ലോകം.
Leave a Reply