അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
യുകെയിൽ ആദ്യമായി പ്രതിരോധകുത്തിവെയ്പ്പ് എടുത്ത മാർഗരറ്റ് കീനൻ 3 ആഴ്ചകൾക്ക് ശേഷം രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചു. 91 വയസ്സുകാരിയായ മാർഗരറ്റ് പ്രതിരോധ കുത്തിവെയ്പ്പിൻെറ ആദ്യ ഡോസ് സ്വീകരിച്ചത് ഡിസംബർ എട്ടാം തീയതിയായിരുന്നു. സമാനമായ രീതിയിൽ പ്രതിരോധ കുത്തിവെയ്പ്പിൻെറ ആദ്യ ഡോസ് സ്വീകരിച്ച എല്ലാവർക്കും 21 ദിവസങ്ങൾക്ക് ശേഷം രണ്ടാം ഡോസ് നൽകുന്ന നടപടികളുമായി എൻഎച്ച്എസ് മുന്നോട്ടു പോകുകയാണ്.
ഇതിനിടെ രോഗവ്യാപനം ബ്രിട്ടനിൽ ദിനംപ്രതി കുതിച്ചു കയറുകയാണ്. ഇന്നലെ മാത്രം 53135 കേസുകളാണ് രാജ്യത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പോർട്സ് മൗത്തിൽ താമസിച്ചിരുന്ന കോട്ടയം സ്വദേശി അജി ജോസഫ് ഉൾപ്പെടെ 414 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. വർദ്ധിച്ചു വരുന്ന രോഗവ്യാപനതോതിനെ നേരിടാൻ കടുത്ത നടപടികളിലേയ്ക്ക് ഗവൺമെൻറ് നീങ്ങാനാണ് സാധ്യത. ഇതിൻറെ ഭാഗമായി ഇംഗ്ലണ്ടിൻെറ മൂന്നിൽ രണ്ടു ഭാഗങ്ങളും ടയർ – 4 നിയന്ത്രണങ്ങളുടെ പരിധിയിലാകുമെന്ന സൂചനകൾ പുറത്തുവന്നുകഴിഞ്ഞു.
ലണ്ടനിലെ രോഗ വ്യാപനവും ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുള്ള രോഗികളുടെ എണ്ണവും സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി വളരെ രൂക്ഷമാണ്. ലണ്ടനിലെ സ്ഥിതി രൂക്ഷമായതിനാൽ തീവ്രപരിചരണം ആവശ്യമായ രോഗികളെ യോർക്ക്ഷെയറിലെ ഹോസ്പിറ്റലുകളിലേയ്ക്ക് തുടർ ചികിത്സയ്ക്കായി മാറ്റാനുള്ള നടപടികൾ എൻഎച്ച്എസ് ആരംഭിച്ചു. പുറത്തുവന്ന വിവരങ്ങൾ പ്രകാരം ലണ്ടനിലെ പല ആശുപത്രികളും താങ്ങാവുന്നതിൽ കൂടുതൽ രോഗികളാൽ നിറഞ്ഞിരിക്കുകയാണ്. മിക്കവാറും ആശുപത്രികളിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്നതിൽ 60 ശതമാനം രോഗികളും കോവിഡ് ബാധിതരാണ്.
Leave a Reply