യുകെ മലയാളികളെ മുഴുവൻ ദുഃഖത്തിലാഴ്ത്തി വിടവാങ്ങിയ മഞ്ജുഷ് മാണിയുടെ പൊതുദർശനം സെന്റ് മേരീസ് ആന്റ് സെൻറ് വിൽഫ്രഡ് പള്ളിയിൽ നടന്നു. ശുശ്രൂഷകൾക്ക് ഫാ. ജോസ് അന്ത്യാംകുളം നേതൃത്വം നൽകി. ലീഡ്സ് സെന്റ് മേരീസ് ആൻറ് സെന്റ് വിൽഫ്രഡ് ഇടവകയുടെ മുൻ വികാരിയും സെൻറ് തോമസ് മോർ മിഷന്റെയും കാതറീൻ മിഷന്റെയും ഡയറക്ടറായ ഫാ. മാത്യു മുളയോലിയും ഷെഫീൽഡിലെ സെൻ്റ്. മറിയം ത്രേസ്യ മിഷൻ ഡയറക്ടറായ ജോം മാത്യു കിഴക്കാരക്കാട്ടും ശുശ്രൂഷകളിൽ പങ്കെടുക്കാനും മഞ്ജുഷിന് ആദരാഞ്ജലികൾ അർപ്പിക്കാനും എത്തിയിരുന്നു.
വെയ്ക്ക് ഫീൽഡിലെ സൗമ്യതയുടെയും പുഞ്ചിരിയുടെയും മുഖമായ മഞ്ജുഷിന്റെ വിയോഗം താങ്ങാനാവാത്തതിലുള്ള ദുഃഖത്തിലാണ് വെസ്റ്റ് യോർക്ക് ഷെയറിലെ മലയാളികൾ .
മഞ്ജുഷിന്റെ വിയോഗത്തിൽ വിഷമിക്കുന്ന ഭാര്യ ബിന്ദുവിനെയും കുട്ടികളായ ആൻമേരിയേയും അന്നയെയും ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ ബന്ധുക്കളും മിത്രങ്ങളും വിഷമിക്കുന്ന കാഴ്ച ആരുടെയും കണ്ണ് നിറയ്ക്കുന്നതായിരുന്നു. മഞ്ജുഷ് വിടവാങ്ങിയത് ഓരോരുത്തർക്കും ഓർമ്മിക്കാൻ ഒട്ടേറെ ഓർമ്മകൾ ബാക്കി വച്ചായിരുന്നു. അതുകൊണ്ടുതന്നെ മഞ്ജുഷിന്റെ അന്ത്യ യാത്രാമൊഴി ഏവരെയും കണ്ണീരണിയിക്കുന്നതായിരുന്നു.
22-ാം തീയതി ശനിയാഴ്ച മൂന്നുമണിയോടുകൂടി മഞ്ജുഷിന്റെ ഭൗതികശരീരം വെയ്ക് ഫീൽഡിലെ സ്വഭവനത്തിൽ എത്തിച്ചിരുന്നു. അവിടെനിന്നാണ് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിലാപ യാത്രയായി മൃതദേഹം സെന്റ് മേരീസ് ആന്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിൽ എത്തിച്ചത്. വിലാപയാത്രയിൽ പങ്കെടുക്കാനായി നിരവധി മലയാളികളാണ് യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മഞ്ജുഷിന്റെ താമസസ്ഥലത്ത് എത്തിച്ചേർന്നത്.
മഞ്ജുഷിനു വേണ്ടി ചെയ്ത സേവനങ്ങൾക്ക് അദ്ദേഹത്തിൻറെ ഭാര്യ ബിന്ദുവിന്റെ സഹോദരൻ ബിനു ആൻറണി ലീഡ്സ് ഇടവക സമൂഹത്തിനും അസോസിയേഷനും മഞ്ജുഷിനെ വിഷമസന്ധിയിൽ സഹായിച്ച എല്ലാവർക്കുമുള്ള നന്ദി അറിയിച്ചു.
വെയിക് ഫീൽഡിൽ കുടുംബസമേതം താമസിച്ചിരുന്ന മഞ്ജുഷ് മാണി (48) ക്യാൻസർ ബാധിച്ച് ഏപ്രിൽ 17 തിങ്കളാഴ്ചയാണ് മരണമടഞ്ഞത് . ഭാര്യയും പറക്കമുറ്റാത്ത രണ്ടു പെൺകുട്ടികളെയും തനിച്ചാക്കിയാണ് മഞ്ജുഷ് ഈ ലോകത്തോട് യാത്ര പറഞ്ഞത്. ഷെഫായിട്ട് ജോലി ചെയ്തു കൊണ്ടിരുന്ന മഞ്ജുഷിന്റെ ഭാര്യ ബിന്ദു എൻഎച്ച്എസിൽ നേഴ്സായി ആണ് ജോലി ചെയ്യുന്നത്. മഞ്ജുഷ് ബിന്ദു ദമ്പതികളുടെ രണ്ട് പെൺമക്കളായ ആൻ മേരിയും, അന്നയും യഥാക്രമം എ ലെവലിലും പത്താം ക്‌ളാസ്സിലുമാണ് പഠിക്കുന്നത്.
രണ്ട് വർഷം മുൻപാണ് തനിക്കു ക്യാൻസർ പിടിപെട്ടിരിക്കുന്ന കാര്യം മഞ്ജുഷ് തിരിച്ചറിഞ്ഞത്. എല്ലാവരെയും ചിരിച്ചുകൊണ്ട് സ്വാഗതം ചെയ്യുന്ന, ആരോടും സൗഹൃദം കൂടുന്ന നല്ലൊരു മനസ്സിനുടമയായിരുന്നു മഞ്ജുഷ്. അതുകൊണ്ടു തന്നെ ഈ മരണം വെയിക്ഫീൽഡ് മലയാളികളുടെ നൊമ്പരമായി മാറിയത്. പിറവം മൈലാടിയിൽ കുടുംബാംഗമായ മഞ്ജുഷിന്റെ ആവശ്യപ്രകാരം നാട്ടിലാണ് സംസ്‌കാരം നടത്തുന്നത്.
വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷനുവേണ്ടി പ്രസിഡൻറ് ജോസ് പരപ്പനാട്ട്, സെക്രട്ടറി ടോണി പാറടിയിൽ, യുക്മയ്ക്ക് വേണ്ടി വെസ്റ്റ് യോർക്ക് ഷെയർ റീജിനൽ വൈസ് പ്രസിഡൻറ് സിബി മാത്യു , വെയ്ക്ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് പ്രസിഡൻറ് ജിമ്മി ദേവസ്യകുട്ടി ,മലയാളം യുകെ ന്യൂസിനു വേണ്ടി ജോജി തോമസ് എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു. ലീഡ്സ് ഇടവക ദേവാലയത്തെ പ്രതിനിധീകരിച്ച് സിബി തോമസ് സംസാരിച്ചു. പിറവം സംഗമം യുകെയുടെ പ്രതിനിധികളും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു
Leave a Reply