ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ബ്രിട്ടണിൽ എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ജൂൺമാസം തുടക്കത്തിൽ നാലുദിവസത്തെ ബാങ്ക് അവധി നൽകുവാൻ തീരുമാനമായിരിക്കുകയാണ്. രാജ്ഞി അധികാരത്തിലെത്തിയിട്ട് എഴുപതു വർഷം ആകുന്നതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. മെയ് മാസത്തിലെ അവസാന തിങ്കളാഴ്ചയിൽ ഉണ്ടാകുന്ന സ്പ്രിംഗ് ബാങ്ക് അവധി ജൂൺ രണ്ടിലേക്ക് നീക്കുവാനും തീരുമാനമായിട്ടുണ്ട്. ഇതു കൂടാതെ ജൂൺ 3 ന് പൊതു ബാങ്ക് അവധി നൽകാനും തീരുമാനമായി. ഇതോടെ ആഴ്ച അവസാനം നാല് അവധികൾ ജീവനക്കാർക്ക് ലഭിക്കും. ബ്രിട്ടണിൽ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ആദ്യത്തെ രാജ്ഞിയാണ് എലിസബത്ത് ll. യുകെയിലും കോമൺവെൽത്ത് രാജ്യങ്ങളിലും വിവിധ പരിപാടികളാണ് ഇതിനോടനുബന്ധിച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്.
ജൂൺ രണ്ടിന് ട്രൂപിങ് ദി കളർ എന്ന പേരിൽ ബ്രിട്ടീഷ് ആർമി റെജിമെന്റുകളുടെ പരേഡ് ഉണ്ടാകും. ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാൽക്കണിയിൽ ഇരുന്ന് രാജകുടുംബാംഗങ്ങൾ ഈ പരേഡ് സാക്ഷ്യം വഹിക്കും എന്നാണ് രാജകുടുംബം അറിയിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി 1500 ബീക്കണുകൾ യുകെയിലും കോമൺവെൽത്ത് രാജ്യങ്ങളിലും കത്തിക്കുവാനും തീരുമാനമായിട്ടുണ്ട്. ജൂൺ 3 വെള്ളിയാഴ്ച ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിൽ നന്ദി സൂചകമായ കുർബാന നടത്തുവാനും തീരുമാനമുണ്ട്. ജൂൺ നാലിനു രാജകുടുംബാംഗങ്ങൾ സറിയിലെ എപ്സമിൽ നടക്കുന്ന ഡെർബി കുതിരയോട്ട മത്സരത്തിൽ പങ്കെടുക്കും. ഇതിനുശേഷം ബക്കിങ്ഹാം കൊട്ടാരത്തിൽ പ്ലാറ്റിനം പാർട്ടിയും ഉണ്ടാകും. ജൂൺ അഞ്ചിനാണ് ആഘോഷങ്ങൾ അവസാനിക്കുന്നത്. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 8 നഗരങ്ങൾക്ക് സിറ്റി പദവിയും രാജ്ഞി നൽകിക്കഴിഞ്ഞു.. പരിപാടികളുടെ ലൈവ് ബിബിസി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
Leave a Reply