ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകം മുഴുവനും കോവിഡ്-19 എന്ന മഹാമാരിയുടെ പിടിയിൽ അമർന്നിരിക്കുന്ന ഈ സമയത്ത്, ഇതിന്‍റെ ഭവിഷ്യത്ത് ഏറ്റവും ദോഷകരമായി ബാധിക്കുന്നവരിൽ ഒരു വലിയ ജനവിഭാഗം നമ്മുടെ പ്രവാസി സഹോദരങ്ങളാണ്. കൊച്ചു കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണ് പ്രവാസികൾ. ഉറ്റവരെയും ഉടയവരെയും മനസില്ലാമനസോടെ നാട്ടിൽ തനിച്ചാക്കി ലോകത്തിന്റെ പല രാജ്യങ്ങളിലേക്കും ജോലി തേടിപോയവർക്കാണ് ഈ ദുരിതകാലത്തിൽ നാം ആദരമൊരുക്കേണ്ടത്. എന്നാൽ കേരള സർക്കാർ നടപ്പിലാക്കിവരുന്ന ക്വാറന്റീൻ നിയമങ്ങൾ യഥാർത്ഥത്തിൽ പ്രവാസിമലയാളികളുടെ ചെറിയ ചെറിയ സ്വപ്നങ്ങളെയാണ് തട്ടിത്തെറിപ്പിക്കുന്നത്. പ്രവാസികൾക്കുള്ള നിർബന്ധിത ക്വാറന്റീൻ സർക്കാർ ഇതുവരെയും ഒഴിവാക്കിയിട്ടില്ല.

രോഗവ്യാപന ഭീതിയുടെ പേരിൽ നാല് ചുവരുകൾക്കുള്ളിൽ ഏഴ് ദിവസം അടച്ചിടുമ്പോൾ അവർ അനുഭവിക്കേണ്ടിവരുന്ന മാനസിക സംഘർഷം പ്രവാസ ജീവിതത്തേക്കാൾ ദുഷ്കരമാണ്. പ്രതിദിന കോവിഡ് കേസുകൾക്ക് പ്രാധാന്യം നഷ്ടപെട്ട ഈ സാഹചര്യത്തിൽ, നിയന്ത്രണങ്ങൾ വെറും കടലാസിൽ മാത്രം ഒതുങ്ങുന്ന ഈ കാലത്തിൽ, രോഗവ്യാപന ഭീതിയില്ലാതെ പൊതുജനങ്ങൾ തെരുവോരങ്ങൾ കയ്യടക്കുന്ന ഈ കാലത്തിൽ, പ്രവാസികൾക്കുള്ള നിർബന്ധിത ക്വാറന്റീനും ഒഴിവാക്കപ്പെടേണ്ടതുണ്ട്. ഗൾഫ് രാജ്യങ്ങളിലും യുകെ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലുമുള്ള പ്രവാസി സഹോദരങ്ങൾ രണ്ടാഴ്ചത്തെ അവധിയ്ക്ക് വേണ്ടിയാവും നാട്ടിലെത്തുന്നത്. അതിൽ ക്വാറന്റീൻ എന്ന നിയന്ത്രണത്തിന് കീഴിൽ വിലപ്പെട്ട ഏഴു ദിനങ്ങൾ ഹോമിച്ചാണ് അവർ പുറത്തെത്തുന്നത്.

മാതാപിതാക്കളുടെ ശവസംസ്കാരത്തിന് എത്തിയവർ അവരുടെ കൂടെ അവസാനമായി ഒന്നിരിക്കാൻ പോലും ഭാഗ്യമില്ലാത്തവരായി മാറുന്ന കാഴ്ചയും നാം കണ്ടുകഴിഞ്ഞു. കേന്ദ്ര- കേരള സർക്കാറുകൾ നിഷ്‌കർഷിക്കുന്ന എല്ലാ നിബന്ധനകളും പാലിച്ചിട്ടും അവസാനമായി സ്വന്തം പിതാവിന് ഒരു അന്ത്യ ചുബനം നൽകാൻ എന്ന് മാത്രമല്ല സെമിത്തേരിയിൽ എത്തി ഒരു പിടി മണ്ണ് ഇടുവാനുള്ള ആഗ്രഹം പോലും നടക്കാതിരുന്ന യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിനടുത്തുള്ള ക്രൂവിൽ താമസിക്കുന്ന മലയാളിയായ മനു .എൻ . ജോയിയുടെ അനുഭവം മലയാളം യുകെ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

കേരളത്തിൽ അങ്ങോളമിങ്ങോളം ഉത്സവങ്ങളും പെരുന്നാളുകളും നടക്കുന്നു. ചന്തയിൽ ആളുകൾ കൂട്ടംകൂടി കുശലം പറയുന്നു. സിനിമാശാലകൾ തുറന്ന് പ്രവർത്തിക്കുന്നു. വിവാഹ സൽക്കാരങ്ങൾ ആഘോഷപൂർവ്വം നടത്തപ്പെടുന്നു. എന്തിനേറെ പറയുന്നു തിരഞ്ഞെടുപ്പും പ്രകടനങ്ങളും ഡിജെ പാർട്ടികളും വരെ നടന്നുകഴിഞ്ഞു. എന്നാലോ… വിദേശത്തുനിന്ന് എത്തുന്നവർക്ക് മാത്രം നിർബന്ധിത ക്വാറന്റീൻ. ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് ഈ നിയന്ത്രണം നിലവിൽ നടപ്പാക്കിവരുന്നത്. എന്തിനാണ്​ കേരളത്തിൽ പ്രവാസികൾക്ക്​ മാത്രം ക്വാറന്റീൻ ? നെഗറ്റിവ്​ സർട്ടിഫിക്കറ്റുമായി വിദേശത്തുനിന്ന്​ എത്തിയാൽ ക്വാറന്റീൻ ഒഴിവാക്കുന്ന സംവിധാനം ഏർപ്പെടുത്തണം. നാട്ടിൽ സാധാരണപോലെ എല്ലാം നടക്കുന്ന സാഹചര്യത്തിൽ പ്രവാസികൾക്ക്​ മാത്രം നിർബന്ധിത ക്വാറൻന്റീൻ അനീതിയാണ്​. ഇന്ത്യയിലെ മറ്റ്​ സംസ്ഥാനങ്ങളിൽ ക്വാറന്റീൻ ഒഴിവാക്കിയിട്ടുണ്ടെന്നതും ഇതിനോട്​ ചേർത്ത്​ വായിക്കണം. പ്രിയപെട്ടവരോടൊപ്പമിരിക്കാൻ എത്തുന്ന പ്രവാസികൾക്ക്​ വിമാനത്താവളത്തിൽ പരിശോധന നടത്തുകയും ഫലം നെഗറ്റിവായാൽ നാട്ടിലിറങ്ങി നടക്കാനുമുള്ള സൗകര്യം നൽകേണ്ടതുണ്ട്. ചില നിയമങ്ങളൊക്കെ തിരുത്തിയെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കോട്ടയം ജില്ലാ പഞ്ചായത്ത്‌ മെമ്പറും പി. സി. ജോർജിന്റെ മകനുമായ അഡ്വ. ഷോൺ ജോർജ് ഈ വിഷയത്തിൽ തന്റെ നിലപാട് അറിയിച്ചുകഴിഞ്ഞു. പ്രവാസികൾക്ക് മാത്രമായുള്ള ക്വാറന്റീൻ അനീതിയാണെന്നും മുഖ്യമന്ത്രി ഈ വിഷയത്തിൽ ഉചിതമായ തീരുമാനം കൈകൊള്ളണമെന്നും അദ്ദേഹം അറിയിച്ചു. അഡ്വ. ഷോൺ ജോർജിന്റെ വീഡിയോ സന്ദേശം താഴെ കാണാം.