ന്യൂസ് ഡെസ്ക് മലയാളം യുകെ
വാഷിംഗ്‌ടൺ : ഈ നൂറ്റാണ്ടിന്റെ നിക്ഷേപമാർഗമായി ക്രിപ്‌റ്റോ കറൻസികൾ മാറികഴിഞ്ഞു. ക്രിപ്‌റ്റോ നിക്ഷേപകർക്കും വിപണികൾക്കും കരുത്തുപകരുന്ന രാജ്യമായി അമേരിക്ക മാറുകയാണ്. ക്രിപ്റ്റോകറൻസികൾ നിരോധിക്കാൻ താൽപ്പര്യമില്ലെന്ന് വ്യക്തമാക്കിയത് യു.എസ്. കേന്ദ്ര ബാങ്കായ ഫെഡ് റിസർവിന്റെ ചെയർമാനായ ജെറോം പവലാണ്. പവലിന്റെ പ്രസ്താവനയ്ക്കു പുറമേ ബിറ്റ്‌കോയിൻ മൂല്യം ഉയർന്നിരുന്നു. ഒക്‌ടോബർ 6 ന് , യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ (എസ്‌ഇസി) തലവൻ ഗാരി ജെൻസ്‌ലറും ക്രിപ്റ്റോകറൻസി നിരോധിക്കില്ലെന്ന് പറഞ്ഞിരുന്നു. ക്രിപ്‌റ്റോകറൻസി നിരോധിക്കുന്നത് എസ്ഇസിയുടെ ഉത്തരവിന് കീഴിലല്ലെന്നും ഡിജിറ്റൽ ആസ്തികൾ നിയമപരമായി നിരോധിക്കാനുള്ള ഏക മാർഗം കോൺഗ്രസിലൂടെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൂല്യത്തിൽ സ്ഥിരത പുലർത്തുന്ന കോയിനുകൾക്കായി കൂടുതൽ നിയമങ്ങൾ കൊണ്ടുവരികയാണു വേണ്ടതെന്ന് പവൽ അഭിപ്രായപ്പെട്ടിരുന്നു. ക്രിപ്‌റ്റോകറൻസി വളരാൻ യുഎസ് അനുവദിക്കുമെന്നും വ്യവസായത്തെ നിയന്ത്രിക്കുന്നതിനുള്ള മികച്ച വഴികൾ ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ കുറച്ചു മാസങ്ങളായി ക്രിപ്റ്റോ തകർച്ചയുടെ വക്കിലായിരുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈന ക്രിപ്‌റ്റോ കറൻസികൾക്കു നിരോധനമേർപ്പെടുത്തിയതാണ് വിപണി തകരാൻ കാരണം. ബിറ്റ് കോയിന്റെ മൂല്യം 39,000 ഡോളർ വരെ താഴ്ന്നിരുന്നെങ്കിലും പിന്നീട് കുതിച്ചുയർന്നു.
അമേരിക്കൻ നിയമനിർമ്മാതാക്കൾ പോലും ബിറ്റ് കോയിൻ വാങ്ങുന്നുണ്ടെന്ന വാർത്ത ക്രിപ്റ്റോയുടെ വളർച്ചയ്ക്ക് ഗതിവേഗം പകരുന്നുണ്ട്. 50,001 ഡോളറിനും 100,000 ഡോളറിനും ഇടയിൽ വിലമതിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസി ആഗസ്റ്റ് 16-ന് താൻ സ്വന്തമാക്കിയതായി യുഎസ് സെനറ്റർ സിന്തിയ ലുമ്മിസ് വെളിപ്പെടുത്തിയിരുന്നു. യുഎസ് ഗവൺമെന്റ് ക്രിപ്‌റ്റോകറൻസികൾ നിരോധിക്കാത്തതിനാലും അമേരിക്കൻ രാഷ്ട്രീയക്കാർ അവയിൽ നിക്ഷേപം നടത്തുന്നതിനാലും മൂല്യം ഇനിയും ഉയർന്നേക്കും. ബിറ്റ്‌കോയിൻ, ബ്ലോക്ക്‌ചെയിൻ ടെക്‌നോളജി, മറ്റ് ക്രിപ്‌റ്റോകറൻസികൾ എന്നിവ സ്വീകരിക്കുമെന്നും രാജ്യം വ്യക്തമാക്കികഴിഞ്ഞു.
Leave a Reply