ഖഷോഗിയെ കൊല്ലാൻ സൗദി കിരീടാവകാശി ഉത്തരവിട്ടെന്ന് സിഐഎ റിപ്പോർട്ട്; കുരുക്ക് മുഹമ്മദ് ബിൻ സൽമാന് നേർക്ക്

ഖഷോഗിയെ കൊല്ലാൻ സൗദി കിരീടാവകാശി ഉത്തരവിട്ടെന്ന് സിഐഎ റിപ്പോർട്ട്; കുരുക്ക് മുഹമ്മദ് ബിൻ സൽമാന് നേർക്ക്
November 17 12:00 2018 Print This Article

മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകക്കേസിൽ സൗദി ഭരണകൂടത്തിനെതിരെ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്. സൗദി കിരീടാവാകാശി മുഹമ്മദ് ബിൻ സൽമാന്റെ ഉത്തരവനുസരിച്ചാണ് കൊലപാതകമെന്ന് സി.ഐ.എ നിഗമനത്തിലെത്തിയതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, റിപ്പോർട്ട് നിഷേധിച്ച് യു.എസിലെ സൗദി സ്ഥാനപതി രംഗത്തെത്തി.

രഹസ്യാന്വേഷണ വിവരങ്ങൾ വിശദമായി പരിശോധിച്ചശേഷമാണ് സിഐഎ നിഗമനത്തിലെത്തിയതെന്നാണ് റിപ്പോർട്ട്. സൗദി സർക്കാരിന്റെ എയർക്രാഫ്റ്റിലാണ് പതിനഞ്ച് ഉദ്യോഗസ്ഥർ ഇസ്താംബുളിലെ സൗദി കോൺസുലേറ്റിലെത്തി ഖഷോഗിയെ വധിച്ചതെന്ന് സിഐഎ കണ്ടെത്തിയതായാണ് റിപ്പോർട്ട്. സൗദി കിരീടാവകാശിയുടെ സഹോദരനും യുഎസിലെ സൗദി സ്ഥാനപതിയുമായ ഖാലിദ് ബിൻ സൽമാൻ, ഖഷോഗിയുമായി ഫോണിൽ സംസാരിച്ചതിന്റെ രേഖകളും ഏജൻസി പരിശോധിച്ചു. ഖാലിദ് ബിൻ സൽമാന്റെ നിർദേശപ്രകാരമാണ് രേഖകൾ വാങ്ങാൻ ഖഷോഗി ഇസ്താംബുളിലെത്തിയതെന്നാണ് നിഗമനം.

കൊലപാതകത്തിൽ മുഹമ്മദ് ബിൻ സൽമാന് പങ്കില്ലെന്ന് സൗദി ഭരണകൂടം ആവർത്തിക്കുന്നതിനിടെയാണ് റിപ്പോർട്ട് പുറത്തുവരുന്നത്. അതേസമയം, വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട് നിഷേധിച്ച് ഖാലിദ് ബിൻ സൽമാൻ ട്വീറ്റുചെയ്തു. ഖഷോഗിയുമായി സന്ദേശം കൈമാറിയത് ഒരുവർഷം മുന്‍പാണെന്നും തെളിവുകൾ പുറത്തുവിടാൻ അമേരിക്കൻ സർക്കാർ തയ്യാറാകണമെന്നുമാണ് പ്രതികരണം.

മാധ്യമ റിപ്പോർട്ടിനോട് പ്രതികരിക്കാൻ സിഐഎ തയ്യാറായിട്ടില്ല. ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ചു കൊല്ലപ്പെട്ട ഖഷോഗിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല കൊലക്കുറ്റത്തിന് 23 പേരാണ് സൗദിയിൽ കസ്റ്റഡിയിലുള്ളത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 5 പേർക്ക് വധശിക്ഷ നൽകണമെന്ന് പബ്ളിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടിരുന്നു.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles