വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൂന്നാം ദിനം തൊട്ട ആവേശകരമായ വോട്ടെണ്ണലിൽ ഇഞ്ചോടിഞ്ച് ആവേശവുമായി ഡമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡനും നിലവിലെ യുഎസ് പ്രസിഡന്റ് കൂടിയായ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന്റെയും ക്യാംപുകൾ. ചാഞ്ചാടി നിൽക്കുന്ന സ്റ്റേറ്റുകളിൽ ഡോണൾഡ് ട്രംപിന്റെ ഭൂരിപക്ഷം കുറയുകയും നെവാഡയിൽ ജോ ബൈഡന്റെ ഭൂരിപക്ഷം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ബൈഡൻ ചരിത്ര വിജയത്തിനരികെ എന്നാണു സൂചന.
നൊവാഡയിലും അരിസോണയിലും മുന്നേറുന്ന ബൈഡന്‍ ട്രംപിന്റെ ശക്തികേന്ദ്രമെന്നു കരുതിയ ജോര്‍ജിയയിലും പെന്‍സില്‍വേനിയയിലും ശക്തമായ പ്രകടമാണു കാഴ്ചവയ്ക്കുന്നതെന്നാണു റിപ്പോര്‍ട്ട്. യുഎസിലെ മിക്ക മാധ്യമങ്ങളും ബൈഡന് 264 ഇലക്ടറല്‍ വോട്ടുകൾ സ്ഥിരീകരിക്കുന്ന റിപ്പോർട്ടുകളാണ് നൽകിയത്. നെവാഡയിലെ ആറു വോട്ടുകൾ കൂടി ലഭിച്ചാൽ 270 എന്ന മാന്ത്രികസംഖ്യ ബൈഡൻ സ്വന്തമാക്കും. 538 ഇലക്ടറൽ വോട്ടുകളിൽ 270 ആണ് ഭൂരിപക്ഷത്തിനു വേണ്ടത്. ട്രംപ് പക്ഷത്തിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ വരെയുള്ള കണക്കുകൾ പ്രകാരം 214 ഇലക്ടറൽ വോട്ടുകളായി. ഭൂരിപക്ഷത്തിൽനിന്ന് 56 വോട്ട് കുറവ്. ഇപ്പോൾ മുന്നിൽ നിൽക്കുന്ന സ്റ്റേറ്റുകളിൽ എല്ലാം ജയിച്ചാലും ട്രംപിന് ഭൂരിപക്ഷം നേടാനാകില്ലെന്ന സ്ഥിതി.
ജോർജിയ (16), നോർത്ത് കാരലൈന (15), പെൻസിൽവേനിയ (20), അലാസ്‌ക (3) എന്നിവിടങ്ങളിലാണ് ട്രംപ് മുന്നിൽ. ഇവയെല്ലാം ജയിച്ചാലും ലഭിക്കുക 268 വോട്ട്. ഈ സാഹചര്യത്തിലാണ് നെവാഡയിലെ ഫലം നിർണായകമാകുന്നത്. ലീഡ്‌നില മാറിമറിയുന്ന ജോർജിയയും അന്തിമഫലത്തിൽ നിർണായകമാകും. അതേസമയം, സിഎൻഎൻ പോലുള്ള ചാനലുകൾ ബൈഡന് 253 വോട്ടുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വോട്ടെണ്ണൽ തുടരുന്ന അരിസോണയിലെ 11 വോട്ടുകൾ ഒഴിവാക്കിയതിനാലാണിത്. അതിനിടെ, തുടർച്ചയായ ട്വീറ്റുകളിലൂടെ പോസ്റ്റല്‍ വോട്ടുകൾക്കെതിരെ ആഞ്ഞടിക്കുന്നത് ട്രംപ് തുടരുകയാണ്. പല സ്റ്റേറ്റുകളിലും കോടതികളെ റിപ്പബ്ലിക്കൻസ് സമീപിച്ചു കഴിഞ്ഞു. വോട്ടെണ്ണൽ നിരീക്ഷിക്കണമെന്നോ നിർത്തി വയ്ക്കണമെന്നോ ആണ് ആവശ്യം. എന്നാൽ വോട്ടെണ്ണൽ തുടരട്ടെ, വിജയം അരികെയാണെന്നായിരുന്നു ബൈഡന്റെ വാക്കുകൾ.
ഇതിനിടെ ജോർജിയ, മിഷിഗൺ എന്നീ സംസ്ഥാനങ്ങളിലെ കോടതികളില്‍ ട്രംപ് ക്യാംപ് ഫയല്‍ ചെയ്ത കേസുകൾ തള്ളി. ജോർജിയയിൽ വൈകി എത്തിയ 53 ബാലറ്റുകൾ കൂട്ടിക്കലർത്തിയെന്നായിരുന്നു ആരോപണം. മിഷിഗണിലും സമാനമായ ആരോപണമാണ് ഉന്നയിച്ചത്. ഇവിടെ വോട്ടെണ്ണൽ തടയാനും ട്രംപ് അനുകൂലികൾ ശ്രമിച്ചിരുന്നു. ചോദ്യം ചെയ്യപ്പെട്ട ബാലറ്റുകൾ അസാധുവാണെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ജോർജിയയിലെ ജഡ്ജി ജെയിംസ് ബാസ് പറഞ്ഞു.
പരാജയപ്പെട്ടാൽ പ്രസിഡന്റ് സ്ഥാനത്തിരുന്നു വീണ്ടും മൽസരിച്ചു പരാജയപ്പെടുന്ന ആളെന്ന പേരാകും ട്രംപിന് ചാർത്തിക്കിട്ടുക. 1992 ൽ ജോർജ് എച്ച്. ഡബ്ല്യു. ബുഷിനുശേഷം പ്രസിഡന്റായിരുന്നവർ വീണ്ടും മൽസരിക്കുമ്പോൾ പരാജയപ്പെട്ട ചരിത്രമില്ല. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നാണ് ട്രംപിന്റെ നിലപാട്. ബൈഡൻ ജയിച്ച മിഷിഗൻ(16 ഇലക്ടറൽ വോട്ട്), വിസ്കോൻസെൻ(10), പെൻസിൽവേനിയ(20) സ്റ്റേറ്റുകളിൽ ട്രംപ് അനുയായികൾ തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യംചെയ്ത് കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. അന്തിമഫലമറിയാൻ നിയമയുദ്ധത്തിലേക്ക് കാര്യങ്ങൾ ചെന്നെത്തുമെന്ന സൂചനയും ഇതോടെ ശക്തമായി.
ജോ ബൈഡന് സുരക്ഷ വർധിപ്പിച്ച് കൂടുതൽ ഉദ്യോഗസ്ഥരെ യുഎസ് സീക്രട്ട് സർവീസ് അയച്ചതായി വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. നിലവിൽ ഡെലാവറിലെ വിൽമിങ്ടണിലാണ് ബൈഡൻ. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബൈഡൻ വിജയത്തിലേക്ക് അടുത്തതോടെയാണിത്.
Leave a Reply