ബാലസജീവ് കുമാർ

കഴിഞ്ഞ തവണത്തെ യുക്മ നാഷണൽ കമ്മിറ്റിയുടെ പ്രധാന പ്രവർത്തന നേട്ടങ്ങളിൽ ഒന്നായിരുന്നു യു കെ മലയാളികൾക്കും അംഗ അസ്സോസിയേഷനുകൾക്കും പ്രയോജനകരമാകുന്ന രീതിയിൽ യുക്മ ചാരിറ്റി ഫൗണ്ടേഷൻ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചത്. യു കെയിൽ മരണമടഞ്ഞ മലയാളികളുടെ സംസ്കാരകർമ്മൾക്ക് ആവശ്യമായ തുക നൽകുന്നതിനായി രൂപീകരിച്ച യുക്മ സാന്ത്വനം പദ്ധതിയിലേക്കുള്ള സംഭാവനകളും, ഏതെങ്കിലും തരത്തിൽ ദുരന്തങ്ങൾക്ക് ഇരയായി ദുരിതത്തിലായ അംഗ അസ്സോസിയേഷനുകളിലെ അംഗങ്ങൾക്ക് സഹായകമാകുവാനുള്ള സംഭാവനകൾ സ്വീകരിക്കുവാനും, മറ്റ് ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള ഫണ്ടുകൾ സ്വരൂപിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് യുക്മ ചാരിറ്റി ഫൗണ്ടേഷന് കഴിഞ്ഞു.

എന്നാൽ പുതിയ ഭരണസമിതി അധികാരമേറ്റെടുത്തപ്പോൾ ചാരിറ്റി ട്രസ്റ്റീ ബോർഡിലുണ്ടായിരുന്ന ജനകീയ മുഖങ്ങളെ പുറത്താക്കി പുതിയ ട്രസ്റ്റികളെ അവരോധിക്കുകയും, നമ്മൾ കടന്നുപോരുന്ന ഈ ദുരന്ത കാലഘട്ടത്തിൽ യു കെ മലയാളികൾക്ക് പലതരത്തിലും സഹായകമാകേണ്ടിയിരുന്ന ഈ ചാരിറ്റിയുടെ പ്രവർത്തനങ്ങളെ നിർത്തിവക്കുകയും ചെയ്ത് കുറ്റകരമായ അനാസ്ഥയാണ് സമൂഹത്തോട് കാണിച്ചിരിക്കുന്നത്. കോവിഡ് കാലഘട്ടത്തിൽ, യുകെയിൽ മരണമടഞ്ഞ വിവിധ മലയാളികളുടെ സംസ്കാരകർമ്മങ്ങൾക്കും, കുടുംബ സഹായത്തിനായി യുക്മ അംഗ അസോസിയേഷനുകൾ പോലും സംഭാവനകൾ ശേഖരിച്ചപ്പോൾ യുക്മ നാഷണൽ കമ്മിറ്റിയും, അതിന്റെ ഉടമസ്ഥതയിലുള്ള യുക്മ ചാരിറ്റിയും നിഷ്ക്രിയമായിരുന്നു.

കേരളത്തിൽ ഉണ്ടായ ആദ്യ പ്രളയ സമയത്ത് പ്രളയ ദുരിതാശ്വാസത്തിനായി ഉപയോഗിക്കുവാനും പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീടുകൾ പണിത് നൽകാനും, ശുചീകരണപ്രവർത്തനങ്ങൾക്കുമെന്ന പേരിൽ യു കെ മലയാളികളിൽ നിന്നും പിരിച്ചെടുത്ത തുക വിനിയോഗിക്കാതെ, രണ്ടര വർഷമായി കൈവശം വച്ചിരിക്കുന്നതിൽ ദുരൂഹതയുണ്ട്. പ്രളയദുരിതാശ്വാസത്തിനും, വീടുപണിയുന്നതിനും വേണ്ടി ശേഖരിച്ച തുകയിൽ പതിനായിരം പൗണ്ട് ബഹുമാനപ്പെട്ട കേരള ഗവൺമെന്റ് ദേവസ്വം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന് കൈമാറിയതും, അതിന്റെ ചിലവിലേക്കായി 500 പൗണ്ട് ഉപയോഗിച്ചതുമല്ലാതെ പിരിവെടുക്കുന്നതിന് ഉദ്ദേശ്യലക്ഷ്യമായി പറഞ്ഞിരുന്ന സന്നദ്ധപ്രവർത്തനങ്ങളോ ഭവനനിർമ്മാണമോ നാളിതുവരെ നടത്തിയിട്ടില്ല. ബഹുമാനപ്പെട്ട ശശി തരൂർ എം പി യും യുകെ യിലെ മലയാളി മേയർമാരും, കൗൺസിലർമാരും അവരുടെ ഓഫിസ് മുഖേനയും പൊതുസദസ്സുകൾ മുഖേനയും യുക്മയെ വിശ്വസിച്ച് സമാഹരിച്ച തുക കേരളത്തിൽ വീണ്ടും പ്രളയവും, ദുരന്തങ്ങളും വന്നു ചേർന്നപ്പോഴും വിനിയോഗിക്കാത്തതും, യു കെയിൽ കോവിഡ് എന്ന മഹാമാരിയുടെ ഫലമായി മരണമടഞ്ഞ മലയാളികൾ മറ്റ് ചാരിറ്റികളെയോ സോഷ്യൽ മീഡിയ കാമ്പയിനിനെയോ ആശ്രയിക്കേണ്ടി വരുകയോ ചെയ്ത സാഹചര്യത്തിൽ മുപ്പതിനായിരം പൗണ്ടിൽ അധികം വരുന്ന ഈ തുക ദുർവ്യയം ചെയ്യപ്പെടും എന്ന് ആശങ്കയുണ്ട്. പ്രളയസമയത്ത് യുക്മ ചാരിറ്റി ഫൗണ്ടേഷൻ മുഖേന സമാഹരിച്ച് കേരളത്തിലേക്ക് അയച്ച സാധനങ്ങൾ രാഷ്ട്രീയ ലക്ഷ്യ സാഫല്യത്തിനായി അനർഹർക്ക് വിതരണം ചെയ്തു എന്ന ആക്ഷേപവും നിലവിലുണ്ട്.

ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടന എന്ന നിലയിൽ വിരാജിക്കുന്ന യുക്മയുടെ ഭരണസമിതിയും, അവർ അധികാരമേറ്റതിനു പിന്നാലെ വന്ന യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റീ ബോർഡും, യു കെ മലയാളികൾക്ക് ദുരന്താവസരങ്ങളിലോ അവരുടെ ആവശ്യങ്ങളിലോ സഹായകമായില്ല. കൂടാതെ, സമാഹരിച്ച തുക വിനിയോഗിക്കാതെ, മുൻ യുക്മ പ്രവർത്തകരെ പുറത്താക്കിയും, അച്ചടക്ക നടപടികൾ സ്വീകരിച്ചും, ഭീഷണിക്കത്തുകൾ അയച്ചും നിശ്ശബ്ദരാകാൻ പ്രേരിപ്പിക്കുന്നത് ഈ തുക ദുർവ്യയം ചെയ്യാനാണ് എന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.

ആയതിനാൽ യുക്മയെയും, യുക്മ ചാരിറ്റിയെയും സംരക്ഷിക്കണം എന്ന ലക്ഷ്യത്തോടെ പ്രവർത്തനമാരംഭിച്ച ആക്ഷൻ കൗൺസിൽ യുക്മ നാഷണൽ സെക്രട്ടറിക്ക് അയച്ച കത്തിന്റെ പൂർണ്ണ രൂപം ചുവടെ

“ബഹുമാനപ്പെട്ട യുക്മ നാഷണൽ സെക്രട്ടറി അലക്സ് വർഗീസ് യു കെ യിലെ മലയാളീ സമൂഹത്തിന്റെ പ്രത്യാശയായി കാലങ്ങളിലൂടെ പ്രവർത്തകർ വളർത്തിക്കൊണ്ടുവന്ന യുക്മ എന്ന പ്രസ്ഥാനത്തിന്റെ ചാരിറ്റി സംരംഭമായ യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റ് ഇന്ന് പൂർണ്ണമായും നിഷ്ക്രിയവും, നിർജ്ജീവവും ആയി നിരുത്തരവാദികളായ ട്രസ്റ്റീ ബോർഡിന്റെ അധീനതയിൽ ആയിരിക്കുന്നതിനെ പറ്റി യുക്മ നാഷണൽ കമ്മിറ്റിയെ ബോദ്ധ്യപ്പെടുത്തുന്നതിനും യുക്മ നാഷണൽ കമ്മിറ്റി ഉടനടി ഇടപെട്ട് ചാരിറ്റി ഫൗണ്ടേഷനെയും ആസ്തികളെയും സംരക്ഷിക്കണമെന്നും ആവശ്യപ്പെടാനാണ് ഈ കത്ത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2018 ൽ രജിസ്‌ട്രേഷൻ ലഭിച്ച യുക്മ ചാരിറ്റി ഫൗണ്ടേഷൻ, ആദ്യ വർഷം തന്നെ വിവിധങ്ങളായ ചാരിറ്റി പ്രവർത്തനങ്ങൾ ആദ്യ ട്രസ്റ്റീ ബോർഡിന്റെ നേതൃത്വത്തിൽ ചെയ്തു. യു കെ യിൽ മരണമടയുന്ന മലയാളികളുടെ അന്ത്യകർമ്മങ്ങൾക്ക് ഉപകരിക്കപ്പെടും വിധം യുക്മ സാന്ത്വനം പദ്ധതിയിലൂടെ പലരെയും സഹായിക്കുവാൻ ചാരിറ്റി അക്കൗണ്ട് ഉപയോഗിച്ചു. യുക്മ അംഗ അസ്സോസ്സിയേഷനുകളിലെ അംഗങ്ങൾക്ക് അവരുടെ ദുരന്തസമയത്ത് അസ്സോസ്സിയേഷൻ മുഖേന സഹായം അഭ്യർത്ഥിക്കുന്നതിനും യുക്മ ചാരിറ്റി അക്കൗണ്ട് സഹായകമായി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ ആദ്യ പ്രളയസമയത്ത്, ദുരന്തത്തിൽ അകപ്പെട്ടവർക്ക് ദുരന്തനിവാരണത്തിനായും, വീടുകൾ നഷ്ടപ്പെട്ടവർക്ക് വീടുകൾ പണിതുനൽകുമെന്ന വാഗ്ദാനം പൊതുജനങ്ങൾക്ക് നൽകിയും യു കെ മലയാളികളിൽ നിന്നും പണം സ്വരൂപിച്ചതും യുക്മ ചാരിറ്റി ഫൗണ്ടേഷൻ ആണ്. ഇത്തരത്തിൽ വിവിധങ്ങളായ സാമൂഹ്യ സേവന പ്രവർത്തനത്തിലൂടെ വിശ്വാസ്യതയാർജ്ജിച്ച യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ കഴിഞ്ഞ യുക്മ ഇലക്ഷനു ശേഷം ചാരിറ്റി ട്രസ്റ്റീ ബോർഡിൽ അഴിച്ചുപണി നടത്തി പുതിയ ആൾക്കാരെ നിയമിച്ചതിനു ശേഷം ക്രിയാത്മകമായി നടക്കുന്നതായി കാണുന്നില്ല.

കേരളത്തിൽ വീടുകൾ നിർമ്മിക്കാനും, സാനിട്ടയ്‌സേഷനും, ദുരന്തനിവാരണത്തിനും എന്ന് പത്രമാദ്ധ്യമങ്ങളിൽ കൂടിയും, സോഷ്യൽ മീഡിയകളിൽ കൂടിയും പരസ്യം നൽകി വ്യക്തികളിൽ നിന്നും, സംഘടനകളിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും പിരിച്ചെടുത്ത പണം ഈയാവശ്യത്തിനായി വിനിയോഗിക്കാതെ മുപ്പത്തിനായിരത്തിൽ അധികം പൗണ്ട് ഇപ്പോഴും കൈവശം വച്ചിരിക്കുന്നത് ദുർവ്യയം ചെയ്യപ്പെടാനുള്ള സാദ്ധ്യത മുന്നിൽ കാണുന്നു. കേരളത്തിൽ വീണ്ടും പ്രളയവും, കെടുതികളും വന്നിട്ടും വാഗ്ദാനം ചെയ്ത വികസനപ്രവർത്തനങ്ങൾ നടത്താത്തത് യുക്മ ചാരിറ്റി ഫൗണ്ടേഷന്റെയും അതിലൂടെ യുക്മ എന്ന മഹാ പ്രസ്ഥാനത്തിന്റെയും വിശ്വാസ്യത തകർക്കുമെന്നും ആശങ്കപ്പെടുന്നു.

യു കെ യിൽ ഈ യുക്മ നാഷണൽ കമ്മിറ്റി അധികാരമേറ്റെടുത്തതിനും യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റീ ബോർഡ് പുനർനിർണ്ണയം ചെയ്തതിനും ശേഷം ഉണ്ടായ കെടുതികളിൽ അംഗ അസ്സോസിയേഷനുകൾക്കോ യു കെ യിലെ ജനങ്ങൾക്കോ ഉപകാരപ്പെടുന്ന തരത്തിലുള്ള യാതൊരുവിധ പ്രവർത്തനങ്ങളിലും ചാരിറ്റി ഫൗണ്ടേഷൻ ഏർപ്പെട്ടിട്ടില്ല എന്നത് ആശ്ചര്യമുളവാക്കുന്നു.മലയാളികൾ മരണമടഞ്ഞപ്പോൾ പത്രത്തിലൂടെ ആദരാഞ്ജലികൾ മുഴക്കിയതല്ലാതെ, മറ്റൊന്നും ചെയ്യാതെ അവരുടെ അസ്സോസിയേഷനുകളെ മറ്റ് ചാരിറ്റികളിലേക്ക് തള്ളിവിടുകയോ, സ്വന്തമായി സോഷ്യൽ മീഡിയ കാമ്പയിനിലൂടെ പണം സ്വരൂപിക്കാനോ ഉള്ള അവരമുണ്ടാക്കുകയാണ് ചെയ്തത് എന്നത് ലജ്ജിപ്പിക്കുന്നു.

ഇക്കാരണങ്ങൾ കൊണ്ട് യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റിനെ സംരക്ഷിക്കണമെന്ന ആവശ്യവുമായി Action Council to Save UUKMA Charity Foundation Trust എന്ന പേരിൽ ചാരിറ്റി ഫൗണ്ടേഷന്റെ വെർജിൻ മണി ലിങ്ക് വഴി പണം സംഭാവന ചെയ്ത അഭ്യുദയകാംക്ഷികൾ ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ച വിവരം യുക്മ നാഷണൽ കമ്മിറ്റിയെ അറിയിക്കാൻ താങ്കളെ ചുമതലപ്പെടുത്തുന്നു.

ഇപ്പോഴത്തെ യുക്മ നാഷണൽ കമ്മിറ്റിയും ചാരിറ്റി ട്രസ്റ്റീ ബോർഡും, വ്യക്തവും, യുക്തിസഹവുമായ കാരണങ്ങൾ കാണിക്കാതെ മുൻ ചാരിറ്റി ട്രസ്റ്റീ ബോർഡ് തുടർന്നുപോന്ന പ്രവർത്തനങ്ങളിൽ പിന്തുടർച്ച നടത്താത്തത് കുറ്റകരമായ അനാസ്ഥയും യുക്മയെ അപകീർത്തിപ്പെടുത്താനും ശുഷ്കപ്പെടുത്താനുമാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നതിനാൽ ഈ കത്ത് ഇമെയിലായി അയക്കുന്ന ഇന്നേദിവസം മുതൽ 14 ദിവസത്തിനകം വാഗ്ദാനപ്രകാരം അർഹരായവർക്ക് വീട് വച്ചുകൊടുക്കാനും മറ്റു ചാരിറ്റി പ്രവർത്തനങ്ങൾക്കുമായി ശേഖരിച്ച ഫണ്ട് വിനിയോഗിക്കുകയും, നിരുത്തരവാദപരമായ പെരുമാറ്റം കൊണ്ട് യുക്മയുടെ വിശ്വാസ്യതക്ക് കളങ്കമുണ്ടാക്കിയ ട്രസ്റ്റീ ബോർഡംഗങ്ങളുടെ മേൽ നടപടി എടുക്കുകയും ചെയ്യാത്ത പക്ഷം ചാരിറ്റി കമ്മീഷന് രേഖാമൂലം പരാതി നൽകുന്നതാണ് എന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

താങ്കൾക്ക് ഈ കത്തയച്ച വിവരം പത്രവാർത്തയായി പ്രസിദ്ധീകരിക്കുന്നതും, സോഷ്യൽ മീഡിയയിൽ കാമ്പയിൻ നടത്തി സംഭാവന നൽകിയ അഭ്യുദയകാംക്ഷികളെ നിരുത്തരവാദപരമായ പെരുമാറ്റങ്ങൾ ബോദ്ധ്യപ്പെടുത്തുന്നതും, അറിയിച്ച ആവശ്യത്തിന് വിനിയോഗിക്കാത്ത തുകയിൽ നിന്ന് അവരവർ സംഭാവന ചെയ്ത തുക ചാരിറ്റി കമ്മീഷൻ മുഖേന തിരികെ വാങ്ങിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതുമാണ്