ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- നിങ്ങളുടെ കൈയ്യിലുള്ള വിസ ഏത് തരത്തിലുള്ളതായാലും ഡിസംബർ 31 ന് അകം അത് ഇ-വിസ ആക്കേണ്ടത് അനിവാര്യമായി മാറുന്ന നിയമമാണ് യുകെയിൽ ഇപ്പോൾ നിലവിൽ വന്നിരിക്കുന്നത്. യുകെ വിസ ആൻഡ് ഇമിഗ്രേഷൻ (യുകെവിഐ) വിഭാഗം ഫിസിക്കൽ ഇമിഗ്രേഷൻ ഡോക്യുമെൻ്റുകൾക്ക് പകരം ഇ-വിസ എന്ന ഓൺലൈൻ റെക്കോർഡ് സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ. നിങ്ങളുടെ വിസ പുതുക്കേണ്ട തീയതി ആയില്ലെങ്കിൽ പോലും, ഇ – വിസയിലേക്ക് മാറേണ്ടത് അനിവാര്യമാണ്. ഇതിനായി പ്രത്യേകം ഫീസോ മറ്റൊന്നും തന്നെയില്ല. നിങ്ങളുടെ വീട്ടിൽ ഇരുന്നുകൊണ്ടു തന്നെ മൊബൈലിലോ ലാപ്ടോപ്പിലോ ഇതിനാവശ്യമായ നടപടികൾ പൂർത്തീകരിക്കാവുന്നതാണ്. നിങ്ങൾക്ക് പിആർ ഉണ്ടെങ്കിൽ പോലും ഇ – വിസയിലേക്ക് മാറേണ്ടത് അത്യന്താപേക്ഷിതമാണെന്ന് നിയമങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.
യുകെയില്‍ നിങ്ങളുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് എന്താണ് എന്നുള്ളതിന്റെ ഡിജിറ്റല്‍ തെളിവാണ് ഇ -വിസ. ബയോമെട്രിക് റെസിഡന്‍സ് പെര്‍മിറ്റ് (ബി ആര്‍ പി), അല്ലെങ്കില്‍ ബയോമെട്രിക് റെസിഡന്‍സ് കാര്‍ഡ് (ബി ആര്‍ സി) എന്നിവ പോലുള്ള നിങ്ങളുടെ എല്ലാ ഫിസിക്കല്‍ ഇമിഗ്രേഷന്‍ രേഖകള്‍ക്കും പകരമുള്ളതാണിത്. ഈ ഡിജിറ്റൽ രജിസ്ട്രേഷൻ പൂർത്തിയാക്കി കഴിഞ്ഞാൽ നിങ്ങളുടെ എമിഗ്രേഷൻ സ്റ്റാറ്റസ് ഇതിലൂടെ നിങ്ങൾക്ക് കാണുവാൻ സാധിക്കും. 2025 ഓടെ നിങ്ങളുടെ പക്കൽ ഇപ്പോഴുള്ള ബിആർപി കാർഡ് നിങ്ങൾക്ക് ഇമിഗ്രേഷൻ സ്റ്റാറ്റസ് തെളിയിക്കുന്നതിനായി നൽകുവാൻ സാധിക്കുന്നതല്ല. ഇ വിസയ്ക്കായി അപേക്ഷിക്കണമെങ്കിലോ, നിങ്ങളുടെ ഇ വിസ ആക്സസ് ചെയ്യണമെങ്കിലോ, നിങ്ങള്‍ ആദ്യം സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഒരു യു കെ വി ഐ അക്കൗണ്ട് തുറക്കേണ്ടതുണ്ട്. യുകെ വിഐ അക്കൗണ്ട് സൃഷ്ടിക്കുന്നതിനായി നിങ്ങള്‍ക്ക് ഒരു സ്മാര്‍ട്ട്‌ഫോണ്‍, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ വിലാസം എന്നിവ ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. യുകെയിലെ മലയാളികളെ സംബന്ധിച്ചിടത്തോളം ഈ വാർത്ത പ്രധാനമാണ്.
Leave a Reply