മോട്ടോർ വാഹന വകുപ്പിന്‍റെ കസ്റ്റഡിയിലുള്ള വാൻ വിട്ട് നൽകണമെന്ന ഇ ബുൾ ജെറ്റ് (E Bull Jet) സഹോദരന്മാരുടെ ഹർജി തള്ളി കോടതി. വാഹനം നിയമാനുസൃതമായ രീതിയിൽ തിരികെ സ്റ്റേഷനിൽ സൂക്ഷിക്കണമെന്ന് തലശ്ശേരി അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. വാഹനത്തിലെ മുഴുവൻ അനധികൃത ഫിറ്റിങ്ങുകളും നീക്കം ചെയ്യണമെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ അഭിഭാഷകൻ അറിയിച്ചു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് നിയമവിരുദ്ധമായി വാഹനം രൂപമാറ്റം വരുത്തിയതിന് ഇ ബുൾജെറ്റ് വ്ളോഗർമാരുടെ വാൻ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തത്.

നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്‍റെ രജിസ്ട്രേഷന്‍ മോർട്ടോർവാഹന വകുപ്പ് നേരത്തെ റദ്ദാക്കിയിരുന്നു. വാഹനം മോടി പിടിപ്പിച്ചത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് വ്‌ളോഗര്‍ സഹോദരന്മാരായ എബിനും ലിബിനും മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വാഹനം രൂപമാറ്റം വരുത്തിയത് സംബന്ധിച്ചുള്ള വിഷയത്തില്‍ ഇവര്‍ നല്‍കിയ വിശദീകരണം തൃപ്‍തികരമല്ലാത്തതിനാലായിരുന്നു രജിസ്ട്രേഷൻ റദ്ദാക്കിക്കൊണ്ടുള്ള എംവിഡിയുടെ നടപടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓഗസ്റ്റ് ഒമ്പതിന് കണ്ണൂർ ആർടി ഓഫീസിൽ എത്തി ബഹളം വയ്ക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം നിൽക്കുകയും ചെയ്‍ത കേസില്‍ ഇ ബുൾ ജെറ്റ് സഹോദരങ്ങൾ അറസ്റ്റിലായിരുന്നു. റിമാൻഡിലായതിന്‍റെ പിറ്റേ ദിവസം മജിസ്ട്രേറ്റ് കോടതി ഇവർ‍ക്ക് ജാമ്യം അനുവദിച്ചു. നിരത്തുകളിലെ മറ്റ് വാഹനങ്ങള്‍ക്ക് പോലും ഭീഷണിയാകുന്ന തരത്തിലുള്ള ലൈറ്റുകളും ഹോണുകളുമാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളതെന്നാണ് മോട്ടോര്‍വാഹന വകുപ്പ് വ്യക്തമാക്കിയത്. നേരത്തെ പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ മജിസ്ട്രേറ്റ് കോടതിയിൽ ഇവർ 7000 രൂപ കെട്ടിവച്ചിരുന്നു. പത്ത് വകുപ്പുകളാണ് കണ്ണൂർ ടൗണ്‍ പൊലീസ് ഇവ‍ർക്കെതിരെ ചുമത്തിയിട്ടുള്ളത്.