ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- യു കെയിലെ കാർ മോഷണങ്ങളെ സംബന്ധിച്ച് പുറത്തുവന്നിരിക്കുന്ന പുതിയ ഡാറ്റ അവിശ്വസനീയമാണ്. വടക്കൻ അയർലൻഡിലുള്ളവരെ അപേക്ഷിച്ച് ഇംഗ്ലണ്ടിൽ കാർ മോഷണങ്ങൾക്കുള്ള സാധ്യത എട്ട് മടങ്ങ് കൂടുതലാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിൽ തന്നെ ലണ്ടനെ പുറകിലാക്കി വെസ്റ്റ് മിഡ്‌ലാൻഡ്സ് ആണ് കാർ മോഷ്ടാക്കളുടെ ഹോട്ട്സ്പോട്ട് ആയി കണക്കുകൾ സൂചിപ്പിച്ചിരിക്കുന്നത്. ഇവിടെ മലയാളികൾ തിങ്ങിനിറഞ്ഞ് പാർക്കുന്ന സ്ഥലമായതിനാൽ തന്നെ മലയാളി സമൂഹത്തിനും ഈ വാർത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനിടെ മോഷണം പോകുന്നത് നാലുവർഷത്തിനും 12 വർഷത്തിനും ഇടയിൽ പഴക്കമുള്ള കാറുകളാണ് എന്നതും ശ്രദ്ധ അർഹിക്കുന്നതാണ്. വാട്ട് കാര്‍ എന്ന വാഹന മാസികയാണ് കാർ മോഷണങ്ങളെ സംബന്ധിച്ച് ഈ ഡാറ്റ പുറത്തുവിട്ടിരിക്കുന്നത്. ഈ വിവരങ്ങള്‍ പുറത്തു വന്നതോടെ മിഡ്ലാന്‍ഡ്‌സിലെ കാർ ഉടമകളുടെ ഈ വര്‍ഷത്തെ ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ വർധിക്കാനുള്ള സാധ്യത ഏറെയാണ്.
വെസ്റ്റ് മിഡ്‌ലാൻഡ്‌സിൽ മോഷണം എളുപ്പമായതിനാലാണ് മോഷ്ടാക്കൾ ഇവിടേക്ക് ആകർഷിക്കപ്പെടുന്നത് എന്നാണ് പ്രാഥമിക നിഗമനം. മോഷ്ടിച്ച കാറുകളെ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയക്കാനുള്ള സൗകര്യവും ഇവിടെ മോഷ്ടാക്കൾക്ക് ലഭിക്കുന്നു. വെസ്റ്റ് മിഡ്‌ലാൻഡ്‌സിൽ നിന്നും രണ്ടോ മൂന്നോ മണിക്കൂർ യാത്ര കൊണ്ട് ബ്രിട്ടന്റെ അതിർത്തി കടക്കാം എന്നതും മോഷ്ടാക്കളെ സഹായിക്കുന്ന ഘടകമാണ്. ഇതോടൊപ്പം തന്നെ ഈ ഭാഗങ്ങളിൽ ഉള്ള പോലീസ് നിരീക്ഷണ സംവിധാനങ്ങൾ കുറയുന്നുവെന്ന് ആരോപണവും ശക്തമാണ്. ഇത് മോഷ്ടാക്കൾ പെരുകുന്നതിന് ഇടയാക്കുന്നതായി ജനങ്ങൾ വ്യക്തമാക്കുന്നു. മോഷ്ടാക്കള്‍ 2024ല്‍ വെസ്റ്റ് മിഡ്ലാന്‍ഡ്‌സില്‍ നിന്നും കടത്തിയത് 7694 കാറുകളാണ്. അതായത് ആയിരം പേരില്‍ 2.64 പേരെ മോഷണം ബാധിച്ചു എന്നാണ് പോലീസ് നല്‍കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഗ്രേറ്റര്‍ ലണ്ടന്‍ ബറോകളില്‍ വെസ്റ്റ് മിഡ്ലാന്‍ഡ്‌സിലേക്കാള്‍ കൂടുതല്‍ കാറുകൾ മോഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിലും, അവിടെ ജനസംഖ്യ വളരെ കൂടുതലായതിനാല്‍ ശരാശരി കണക്കില്‍ വെസ്റ്റ് മിഡ്ലാന്‍ഡ്സ് ആദ്യ സ്ഥാനത്ത് എത്തുകയായിരുന്നു. 2024-ൽ 5 മില്യൺ പൗണ്ടിലധികം വിലമതിക്കുന്ന ടോപ്പ്-എൻഡ് എക്സോട്ടിക്കയും സൂപ്പർകാറുകളും മോഷ്ടിക്കപ്പെട്ടതായും മാസിക പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. അതിൽ ബെന്റ്ലികൾ, ഫെരാരികൾ, ലംബോർഗിനികൾ, റോൾസ് റോയ്‌സ് മോഡലുകൾ എന്നിവ ഉൾപ്പെടുന്നു. എന്നാൽ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതൽ കാറുകള്‍ മോഷണം പോയത് ഫോര്‍ഡ് ഫിയസ്റ്റ ആണെന്നും ഡിവിഎല്‍എ പറയുന്നു. ആകെ 61,343 കാറുകള്‍ പോയ വര്‍ഷം മോഷണം പോയതില്‍ 4446 എണ്ണവും ഫോര്‍ഡ് ഫിയസ്റ്റ ആണെന്നത് ആ ബ്രാന്‍ഡിന് തന്നെ ദോഷമായി മാറും. ഇൻഷുറൻസ് പ്രീമിയം തുകകൾ വർധിക്കാനുള്ള കാരണമാകും ഇതെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
Leave a Reply