തിരുവനന്തപുരം: ഫോണ്‍വിളിയെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പാലോട് കുറുപുഴ വെമ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷിജു(37)വിനെയാണ് ഭാര്യ സൗമ്യ കല്ലും ടൈലും കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സൗമ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഷിജുവിന്റെ ഫോണ്‍വിളിയില്‍ സൗമ്യയ്ക്കുണ്ടായ സംശയവും ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

പത്ത് ദിവസം മുമ്പാണ് ഷിജു ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയത്. ചൊവ്വാഴ്ച ദമ്പതിമാര്‍ വീടിന് തൊട്ടടുത്ത ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തില്‍ പങ്കെടുത്തിരുന്നു. രാത്രി 10.30-ഓടെ സൗമ്യ തിരികെ വീട്ടില്‍ എത്തിയപ്പോള്‍ ഷിജു അടുക്കളയുടെ പുറത്തുനിന്ന് ഫോണ്‍ ചെയ്യുന്നത് കണ്ടു. തുടര്‍ന്ന് ഷിജുവിന്റെ ഫോണ്‍ സൗമ്യ ചോദിച്ചെങ്കിലും ഫോണ്‍ നല്‍കാന്‍ ഭര്‍ത്താവ് തയ്യാറായില്ല. പിന്നാലെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും ഫോണ്‍ ചെയ്തുകൊണ്ടിരുന്ന ഷിജുവിനെ പിന്നിലൂടെ എത്തിയ സൗമ്യ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നുമാണ് വിവരം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അടുക്കളയുടെ സമീപത്തുണ്ടായിരുന്ന കല്ലും ടൈലും ഉപയോഗിച്ചാണ് സൗമ്യ ആക്രമണം നടത്തിയത്. തല്‍ക്ഷണം മരിച്ച ഷിജുവിന്റെ തല ചിന്നിച്ചിതറിയ നിലയിലായിരുന്നു. സംഭവസമയം ഇരുവരും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കൃത്യം നടത്തിയ ശേഷം തിരികെ ഉത്സവസ്ഥലത്ത് എത്തിയ സൗമ്യ, താന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതായി ബന്ധുക്കളോട് പറയുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഷിജുവിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

റൂറല്‍ എസ്.പി. അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കസ്റ്റഡിയിലെടുത്ത സൗമ്യയെ വിശദമായി ചോദ്യംചെയ്യാനായിട്ടില്ലെന്നും ഇവര്‍ മാനസിക വിഭ്രാന്തിയുള്ളതുപോലെയാണ് പെരുമാറുന്നതെന്നും പോലീസ് പറഞ്ഞു. ഷിജുവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.