അടിമാലി: പീഡനക്കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ വ്യാപാരിയില്‍നിന്നു തട്ടിയെടുത്ത സംഭവത്തില്‍ അഭിഭാഷകനും യുവതിയും ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍. അടിമാലി ബാറിലെ അഭിഭാഷകനായ ചാറ്റുപാറ മറ്റപ്പിള്ളില്‍ ബെന്നി മാത്യു (56), ഇരുമ്പുപാലം പടിക്കപ്പ് പരിശകല്ല് ചവറ്റുകുഴിയില്‍ ഷൈജന്‍ (43), പടിക്കപ്പ് തട്ടായത്ത് ഷെമീര്‍ (38), കല്ലാര്‍കൂട്ടി കത്തിപ്പാറ പഴക്കാളിയില്‍ ലതാ ദേവി (32) എന്നിവരെയാണ് അടിമാലി സി.ഐ. അനില്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ടൗണിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപം ചെരുപ്പു വ്യാപാരം നടത്തുന്ന പുളിയിലക്കാട്ട് വിജയനാണു തട്ടിപ്പിനിരയായത്. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: ”കഴിഞ്ഞ ജനുവരി 26നു വിജയന്റെ വീട്ടില്‍ ഒന്നാം പ്രതി ലതയെത്തി. വിജയന്റെ ബന്ധുവിന്റെ ഒന്‍പതര സെന്റ് ഭൂമി വാങ്ങാനെന്ന പേരിലായിരുന്നു സന്ദര്‍ശനം. സംസാരിക്കുന്നതിനിടെ വിജയനുമായി അടുത്തിടപഴകുന്ന ചിത്രങ്ങള്‍ ലത ഫോണില്‍ പകര്‍ത്തി. ഫെബ്രുവരി നാലിനു റിട്ട. ഡി വൈ .എസ്.പിയെന്നു പരിചയപ്പെടുത്തി ഷൈജന്‍ വിളിച്ചു വിജയനെ ഭീഷണിപ്പെടുത്തി. വീട്ടിലെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നും അതിനുള്ള തെളിവ് കൈവശമുണ്ടെന്നും അറിയിച്ചു. സംഭവം ഒതുക്കിത്തീര്‍ക്കുന്നതിന് ഏഴര ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടു. പണം അഭിഭാഷകനായ ബെന്നിയെ ഏല്‍പിക്കാനും നിര്‍ദേശിച്ചു.

വിജയന്‍ പിറ്റേന്ന് എഴുപതിനായിരം രൂപയുമായി ബെന്നിയുടെ ഓഫീസിലെത്തി. ഡി വൈ .എസ്.പി. വിളിച്ചു പറഞ്ഞ പണമല്ലേ എന്ന ചോദ്യത്തോടെ ബെന്നി അതു വാങ്ങി. പിന്നീട് പലപ്പോഴായി പ്രതികള്‍ വിജയനെ ഭീഷണിപ്പെടുത്തി 1.37 ലക്ഷം രൂപ വാങ്ങിയെടുത്തു. ഫെബ്രുവരി 10നു കേസിലെ മറ്റൊരു പ്രതിയായ ഷെമീറിന്റെ വാഹനത്തില്‍ വിജയനെ കൊണ്ടുവന്നു ബെന്നിയുടെ ഓഫീസില്‍വച്ച് ഏഴു ലക്ഷം രൂപ മൂന്നു ചെക്കുകളിലായി ബലമായി എഴുതി വാങ്ങി. ഭീഷണി തുടര്‍ന്നതോടെയാണു വിജയന്‍ ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

െഹെക്കോടതി ജഡ്ജിയെന്ന പേരിലും വിജയനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ രണ്ടുപേര്‍ക്കുകൂടി പങ്കുള്ളതായി സൂചനയുണ്ട്. അതിനിടെ, പതിനാലാം മൈല്‍ മച്ചിപ്ലാവ് സ്വദേശി ജോയി എന്നയാളില്‍നിന്നു സമാനമായ രീതിയില്‍ കാല്‍ ലക്ഷം രൂപ ഇതേ സംഘത്തിലെ മൂന്നു പേര്‍ ചേര്‍ന്ന് അപഹരിച്ചതായി മറ്റൊരു കേസ് ഇന്നലെ പോലീസ് രജിസ്റ്റര്‍ ചെയ്തു.

ആദിവാസി സ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഉള്‍പ്പെടുത്തുമെന്നു ഭീഷണി മുഴക്കിയാണ് ഈ തട്ടിപ്പ് നടത്തിയത്. 2017 സെപ്റ്റംബര്‍ 18നു കല്ലാര്‍കുട്ടിയിലെ പോസ്റ്റ്മാസ്റ്ററായിരുന്ന കമ്പിളികണ്ടം സ്വദേശിയെ ഭീഷണിപ്പെടുത്തി എഴുപതിനായിരം രൂപ തട്ടിയെടുത്തതും ഇതേ കേസിലെ പ്രതികളായ ലതയും ഷൈജനും ചേര്‍ന്നാണെന്നു പോലീസ് പറഞ്ഞു. മേഖലയില്‍ നിരവധി തട്ടിപ്പുകള്‍ ഇതേ സംഘം നടത്തിയതായി സൂചനയുണ്ട്.