ഉക്രൈന്‍ അധിനിവേശത്തിന് പിന്നാലെ റഷ്യക്കെത്തിരെ നിലപാട് കടുപ്പിച്ച് ലോക ബാങ്ക്. റഷ്യയിലും ബെലാറൂസിലും നടന്നുകൊണ്ടിരിക്കുന്ന എല്ലാ പദ്ധതികളും അടിയന്ത്രമായി നിര്‍ത്തി വയ്ക്കുന്നതായി ലോക ബാങ്ക് അറിയിച്ചു. ഉക്രൈന്‍ ആക്രമണത്തില്‍ റഷ്യയ്ക്ക് ബെലാറൂസ് പിന്തുണ അറിയിച്ചിരുന്നു. അതിനാലാണ് ബെലാറൂസിനെതിരെയും ഉപരോധം ഏര്‍പ്പെടുത്തിയത്.

റഷ്യക്കെതിരെ രാജ്യാന്തര നീതിന്യായക്കോടതിയില്‍ ഉക്രൈന്‍ പരാതി നല്‍കിയിരുന്നു. യുദ്ധക്കുറ്റം ചെയ്‌തെന്ന് പരാതിയില്‍ റഷ്യക്കെതിരെ അന്വേഷണം ഉണ്ടാകും. അന്താരാഷ്ട്ര ക്രഡിറ്റ് റേറ്റിങ് ഏജന്‍സി ഫിച്ച് റേറ്റിങ് റഷ്യയുടെ റേറ്റിങ് താഴ്ത്തിയിട്ടുണ്ട്.

ലോക ബാങ്ക് റഷ്യക്കും ബെലാറൂസിനും അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുകയും, അംഗങ്ങള്‍ക്ക് നയപരമായ ഉപദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ 2014 മുതല്‍ റഷ്യക്ക് പുതിയ വായ്പകളോ നിക്ഷേപങ്ങളോ അംഗീകരിച്ചിട്ടില്ല. 2020 പകുതി മുതല്‍ ബെലാറൂസിനും പുതിയ വായ്പകള്‍ അനുവദിച്ചിട്ടില്ല. ബെലാറൂസില്‍ മൊത്തം 1.2 ബില്യണ്‍ ഡോളറിന്റെ 11 പ്രോജക്റ്റുകള്‍ ഉണ്ട്. ഊര്‍ജ്ജം, വിദ്യാഭ്യാസം, ഗതാഗതം, കോവിഡ് പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ടുള്ള പദ്ധതികളാണിത്.

റഷ്യയില്‍, 370 മില്യണ്‍ ഡോളര്‍ ചെലവ് വരുന്ന നാല് പ്രോജക്റ്റുകള്‍ മാത്രമാണുള്ളത്. നയപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയുളള പദ്ധതികളായിരുന്നു ഇത്. ഈ പദ്ധതികള്‍ എല്ലാം നിര്‍ത്തി വയ്ക്കുന്നതായാണ് ലോക ബാങ്ക അറിയിച്ചത്.

അതേസമയം യുദ്ധത്തില്‍ തകര്‍ന്ന ഉക്രൈനിനായി 3 ബില്യണ്‍ ഡോളറിന്റെ സഹായ പാക്കേജ് തയ്യാറാക്കുന്നതായി ലോക ബാങ്ക് ചൊവ്വാഴ്ച അറിയിച്ചിരുന്നു. 350 മില്യണ്‍ ഡോളര്‍ ഉടനടി നല്‍കും.ഉക്രൈനിന് അടിയന്തര സഹായം നല്‍കുമെന്ന് ഐ.എം.എഫും അറിയിച്ചിട്ടുണ്ട്.