ഗാസയിലെ യുദ്ധത്തിന് ഇന്ന് രണ്ട് വർഷം പൂർത്തിയായപ്പോൾ, ഈജിപ്തിലെ ഷാർം അൽ ഷെയ്ഖ് റിസോർട്ടിൽ ആരംഭിച്ച സമാധാന ചർച്ചയിലേക്കാണ് ലോകത്തിന്റെ ശ്രദ്ധ. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുന്നോട്ടുവച്ച 20 ഇനങ്ങളടങ്ങിയ സമാധാന പദ്ധതിയെ അടിസ്ഥാനമാക്കി ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ദീർഘകാലമായി നീണ്ടുനിൽക്കുന്ന ഗാസാ സംഘർഷത്തിന് സമാധാനപരമായ പരിഹാരം കാണാമെന്ന പ്രതീക്ഷയിലാണ് അന്തർദേശീയ സമൂഹം.
ആദ്യ ഘട്ട ചർച്ചകളിൽ ബന്ദികളുടെ മോചനവും പലസ്തീൻ തടവുകാരുടെ കൈമാറ്റവുമാണ് പ്രധാന വിഷയങ്ങൾ. ഹമാസ് പ്രതിനിധിസംഘം ഇന്നലെ രാവിലെയും ഇസ്രയേൽ സംഘം വൈകിട്ടുമാണ് ഈജിപ്തിലെത്തിയത്. ഗാസയിലെ മാനവിക പ്രതിസന്ധി പരിഹരിക്കാൻ വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ ചർച്ചകൾ, ഇരുപാർട്ടികളും നേരിട്ട് പങ്കെടുക്കുന്ന അപൂർവ അവസരമായി കണക്കാക്കപ്പെടുന്നു.
ഇസ്രയേൽ പ്രതിനിധി സംഘത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വിദേശനയ ഉപദേഷ്ടാവ് ഒഫിർ ഫോക്, ബന്ദി വിഷയ ചുമതലയുള്ള ഗാൽ ഹിർഷ്, മൊസാദ്, ഷിൻ ബെറ്റ് എന്നീ ചാരസംഘടനകളിലെ ഉദ്യോഗസ്ഥർ എന്നിവരുണ്ട്. സ്ട്രാറ്റജിക് അഫയേഴ്സ് മന്ത്രി റോൺ ഡെർമർ ഈ ആഴ്ചയുടെ അവസാനത്തോടെ ഈജിപ്തിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഹമാസ് സംഘത്തെ മുതിർന്ന നേതാവ് ഖലീൽ അൽ ഹയ്യ നയിക്കുന്നു. ഖത്തറിലെ ദോഹയിൽ അദ്ദേഹത്തെ ലക്ഷ്യമിട്ടാണ് അടുത്തിടെ ഇസ്രയേൽ ആക്രമണം നടത്തിയതെന്നതാണ് ചർച്ചകളുടെ പശ്ചാത്തലത്തിൽ കൂടുതൽ ശ്രദ്ധേയമായത്.
Leave a Reply