ന്യൂയോര്‍ക്ക്: ഇത് ശരിക്കും അത്ഭുതമാണെന്ന് പറയുകയാണ് മരുന്ന് പരീക്ഷണത്തിലൂടെ അര്‍ബുദം പൂര്‍ണമായും ഭേദമായ ഇന്ത്യന്‍ വംശജ നിഷ വര്‍ഗീസ്.‘ഡോസ്ടാർലിമാബ്’ എന്ന പുതിയ മരുന്ന് പരീക്ഷിക്കാന്‍ തയാറായ 18 അര്‍ബുദ ബാധിതരില്‍ ഒരാളായിരുന്നു നിഷ. നിഷ ഉള്‍പ്പെടെ പരീക്ഷണത്തില്‍ പങ്കാളികളായ എല്ലാവരിലും രോഗം ഭേദമായി. മരുന്ന് കഴിച്ചതോടെ അര്‍ബുദം പൂര്‍ണമായി ഭേദമായെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘ശരിക്കും മിറക്കിള്‍, അത്രയ്ക്ക് അദ്ഭുതം സമ്മാനിച്ച നിമിഷമായി അത്. ആ ദിവസം ട്യൂമര്‍ കാണാനുണ്ടിയിരുന്നില്ല. ട്യൂമര്‍ എവിടെ പോയി എന്ന് ഞാന്‍ ചിന്തിച്ചു. അത് എവിടെയെങ്കിലും മറഞ്ഞിരിക്കുന്നതാകും എന്ന് കരുതി. ഡോക്ടര്‍ എന്നോട് പറഞ്ഞു, ട്യൂമര്‍ പൂര്‍ണമായും ഭേദമായി. ഇത് ശരിക്കും അത്ഭുതമാണ്’,- രോഗം പൂര്‍ണമായി ഭേദമായതായി ഡോക്ടര്‍ പറഞ്ഞ ദിവസം നിഷ ഓര്‍ത്തെടുക്കുന്നു.
നിഷ വര്‍ഗീസിലും പരീക്ഷണത്തില്‍ പങ്കെടുത്ത മറ്റ് രോഗികളിലും അര്‍ബുദബാധ ഏതാണ്ട് സമാന അവസ്ഥയിലായിരുന്നു. മലാശയത്തെ പൂര്‍ണമായി അര്‍ബുദം ബാധിച്ചിരുന്നെങ്കിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നിരുന്നില്ല. എല്ലാവരും കീമോതെറാപ്പി, ശസ്ത്രക്രിയ, റേഡിയേഷന്‍ എന്നീ ചികിത്സാരീതികളിലൂടെ കടന്നുപോയവരുമായിരുന്നു.
ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലൊവാന്‍ കെറ്ററിങ് കാന്‍സര്‍ സെന്ററിലായിരുന്നു മരുന്നിന്റെ പരീക്ഷണം. പരീക്ഷണത്തിന്റെ ഭാഗമായി രോഗബാധിതര്‍ ആറുമാസമാണ് മരുന്ന് കഴിച്ചത്. ശേഷം പരിശോധനയ്ക്ക് വിധേയരായപ്പോള്‍ എല്ലാവരിലും അര്‍ബുദകോശങ്ങള്‍ അപ്രത്യക്ഷമായെന്നാണ് റിപ്പോര്‍ട്ട്. എന്‍ഡോസ്‌കോപി, പെറ്റ്, എം. ആര്‍.ഐ. സ്‌കാന്‍ എന്നിവയിലൂടെയാണ് അര്‍ബുദകോശങ്ങള്‍ അപ്രത്യക്ഷമായതായി സ്ഥിരീകരിച്ചത്.
മൂന്നാഴ്ചയില്‍ ഒരിക്കല്‍വീതം ആറുമാസത്തേക്കാണ് രോഗികള്‍ക്ക് ഡോസ്ടാര്‍ലിമാബ് നല്‍കിയത്. അടുത്തഘട്ടമെന്ന നിലയില്‍ പരീക്ഷണത്തിലൂടെ കടന്നുപോകാമെന്ന് കരുതിയാണ് രോഗികളെല്ലാം എത്തിയത്. എന്നാല്‍ അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് മരുന്നുകഴിച്ച് ആറുമാസത്തിനുശേഷം അര്‍ബുദ വളര്‍ച്ച പൂര്‍ണമായും നിലച്ചു. രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാവരും അര്‍ബുദം പിടിവിട്ടു പുതുജീവിതം നയിക്കുന്നുതായി ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
എല്ലാവരിലും ഒരുപോലെ മരുന്ന് ഫലംകണ്ടുവെന്നത് ചരിത്രത്തില്‍ ആദ്യമാണെന്ന് പരീക്ഷണത്തിനു നേതൃത്വം നല്‍കിയ ഡോ. ലൂയി എ. ഡയസ് ജൂനിയര്‍ പറഞ്ഞു. മുഴുവന്‍പേര്‍ക്കും രോഗമുക്തി നേടാനായത് വലിയ പ്രതീക്ഷ നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. സൈമണ്‍ ആന്‍ഡ് ഈവ് കോളിന്‍ ഫൗണ്ടേഷന്‍, ഗ്‌ളാക്‌സോ സ്മിത്ത്‌ക്ലൈന്‍, സ്റ്റാന്‍ഡ് അപ്പ് ടു കാന്‍സര്‍, സ്വിം എക്രോസ് അമേരിക്ക, നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പരീക്ഷണം നടന്നത്.
Leave a Reply