മക്കള്‍ക്ക് വ്യത്യസ്തവും ആരും കേട്ടിട്ടില്ലാത്ത പേരുകളും ഇടാനാണ് ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കുന്നത്. ഫിലിപ്പൈന്‍സില്‍ നിന്നുള്ള ഒരു പിതാവ് തന്റെ ആണ്‍കുഞ്ഞിന് ‘ഹൈപ്പര്‍ടെക്സ്റ്റ് മാര്‍ക്ക്അപ്പ് ലാംഗ്വേജ് റായോ പാസ്‌ക്വല്‍'( ‘HTML’) എന്ന് പേരിട്ടിരിക്കുകയാണ്. വെബ് ഡെവലപ്പറായ പിതാവ് മാക് പാസ്‌ക്വലാണ് കുഞ്ഞിന് വ്യത്യസ്തമായ പേര് നല്‍കിയിരിക്കുന്നത്. തന്റെ ജോലിയോടുള്ള സ്‌നേഹം കൊണ്ടാണ് ഇദ്ദേഹം കുട്ടിക്ക് ഈ വ്യത്യസ്തമായ പേരിടാന്‍ കാരണം.
കുഞ്ഞിന്റെ പിതാവിന്റെ സഹോദരിയായ സിന്‍സിയേര്‍ലി പാസ്‌ക്വല്‍ ആണ് ഫേസ്ബുക്കില്‍ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയുള്ള കുറിപ്പ് പോസ്റ്റ് ചെയ്തത്. മക്കള്‍ക്ക് വ്യത്യസ്തമായ പേരുകള്‍ നല്‍കുന്ന ചരിത്രമാണ് തന്റെ കുടുംബത്തിന് ഉള്ളതെന്ന് ദി ഇന്‍ക്വയര്‍.നെറ്റിന് (The Inquirer.net) നല്‍കിയ അഭിമുഖത്തില്‍ സിന്‍സിയേര്‍ലി പാസ്‌ക്വല്‍ പറഞ്ഞു.
തന്റെ സഹോദരനും എച്ച്ടിഎംഎല്ലിന്റെ പിതാവുമായ മാക്കിന്റെ യഥാര്‍ത്ഥ പേര് ‘മാക്രോണി 85’ എന്നും സഹോദരിയുടെ പേര് ‘സ്‌പെഗറ്റി 88’ എന്നും ആണെന്ന് സിന്‍സിയേര്‍ലി പറഞ്ഞു. സ്‌പെഗറ്റിയുടെ മക്കള്‍ക്ക് നല്‍കിയിരിക്കുന്ന പേര് ‘ചീസ് പിമിയന്റോ’, ‘പാര്‍മെസന്‍ ചീസ്’ എന്നിങ്ങനെയാണ്. ഇവരുടെ വീട്ടിലെ വിളിപ്പേര് യഥാക്രമം ചിപ്പി, പ്യൂവി എന്നിങ്ങനെയാണ്. ഇവര്‍ക്ക് ‘ഡിസൈന്‍’, ‘റിസര്‍ച്ച്’ എന്നീ പേരുകളുള്ള കസിന്‍സുമുണ്ട്.
Leave a Reply