ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സയാമീസ് ഇരട്ടകളായ ലോറിയും ജോർജും വിടവാങ്ങി. പെൻസിൽവാനിയ യൂണിവേഴ്സിറ്റി ആശുപത്രിയിൽ വെച്ചാണ് മരണമടഞ്ഞത്. മരിക്കുമ്പോൾ ഇവർക്ക് 62 വയസ്സും 202 ദിവസവും പ്രായമുണ്ടായിരുന്നു.

1961 സെപ്റ്റംബർ 18 -ന് യുഎസിലെ പെൻസിൽവാനിയയിൽ ജനിച്ച ലോറിയുടെയും ജോർജിന്റെയും തലയോട്ടികൾ ഭാഗികമായി സംയോജിച്ച നിലയിലായിരുന്നു. ലോറിക്ക് മറ്റ് ശാരീരിക പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നെങ്കിലും ജോർജിന് നട്ടെല്ലിന് തകരാർ ഉണ്ടായിരുന്നതിനാൽ നടക്കാൻ സാധിച്ചിരുന്നില്ല. ലോറി നിയന്ത്രിക്കുന്ന ഒരു വീൽചെയറിൽ ആയിരുന്നു ഇവരുടെ സഞ്ചാരം . തങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് ഇവരുടെ പ്രവർത്തികൾ ലോക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കൺട്രി സിങ്ങർ എന്ന നിലയിൽ ജോർജിന് ഒട്ടേറെ ആരാധകർ ഉണ്ടായിരുന്നു. തൊണ്ണൂറുകളിൽ ലോറി ഒരു ഹോസ്പിറ്റലിൻ്റെ ലോൺട്രിയിൽ കുറെനാൾ ജോലി ചെയ്തിരുന്നു.

2003 -ലാണ് താൻ ഒരു ട്രാൻസ്ജെൻഡർ ആണെന്ന് ജോർജ് വെളിപ്പെടുത്തിയത്. ഇതോടെ ലോറിയും ജോർജും ഈ ഗണത്തിലുള്ള ലോകത്തിലെ ആദ്യത്തെ സയാമീസ് ഇരട്ടകളായി മാറി. പെൻസിൽവാനിയയിൽ ഇവരുടെ അപ്പാർട്ട്മെന്റിൽ രണ്ടുപേർക്കും വ്യത്യസ്ത മുറികൾ ഉണ്ടായിരുന്നു. ഓരോ മുറിയിലും ഒന്നിടവിട്ട ദിവസങ്ങളിൽ ചിലവഴിച്ച് കഴിവതും തങ്ങളുടെ സ്വതന്ത്ര വ്യക്തിത്വം കാത്ത് സൂക്ഷിക്കാൻ ഇവർ ശ്രമിച്ചിരുന്നു. 30 വയസ്സിന് മുകളിൽ ഇവർ ജീവിച്ചിരിക്കില്ലെന്നാണ് നേരത്തെ ഡോക്ടർമാർ അഭിപ്രായപ്പെട്ടിരുന്നത്.