ലണ്ടന്‍: യുകെയിലെ ഏറ്റവും മോശം വിമാനത്താവളം ഏതാണെന്ന് കണ്ടെത്തി. വിച്ച് എന്ന ഉപഭോക്തൃ സംഘം നടത്തിയ സര്‍വേയില്‍ ലണ്ടന്‍ ലൂട്ടന്‍ വിമാനത്താവളമാണ് ഏറ്റവും മോശമെന്ന് കണ്ടെത്തിയത്. വിമാനത്താവളത്തിലെ ഷോപ്പുകള്‍, ഫുഡ് ഔട്ട്‌ലെറ്റുകള്‍, ടോയ്‌ലെറ്റുകള്‍, ജീവനക്കാര്‍ തുടങ്ങി 10 കാറ്റഗറികളിലായി നടത്തിയ സര്‍വേയിലാണ് ഉപയോക്താക്കള്‍ ബെഡ്‌ഫോര്‍ഡ്ഷയറില്‍ സ്ഥിതിചെയ്യുന്ന വിമാനത്താവളത്തിന് ഏറ്റവും മോശം റേറ്റിംഗ് നല്‍കിയത്. ഈ പത്ത് കാറ്റഗറികളില്‍ ആകെ സിംഗിള്‍ സ്റ്റാര്‍ റേറ്റിംഗ് മാത്രമാണ് വിമാനത്താവളത്തിന് ലഭിച്ചത്.
കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന്‍ വെറും 29 ശതമാനം മാത്രമാണ്. ഉപയോക്താക്കള്‍ ഈ വിമാനത്താവളത്തെ മറ്റൊരാള്‍ക്ക് നിര്‍ദേശിക്കുന്നതിന്റെ നിരക്കും ഇതു തന്നെ. 435 പേര്‍ ഇതിനെ ഏറ്റവും മോശം എന്നാണ് വിലയിരുത്തിയത്. ആളുകള്‍ നിറഞ്ഞതും ആകെ അലങ്കോലപ്പെട്ടതും ആണെന്ന് ഇവര്‍ വിലയിരുത്തുന്നു. 110 മില്യന്‍ പൗണ്ട് ചെലവഴിച്ചുകൊണ്ടുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നു വരികയാണ്. ഇതാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാകാന്‍ കാരണമെന്ന് വിശദീകരിച്ചാലും അഞ്ച് വര്‍ഷങ്ങളായി വിച്ച് റേറ്റിംഗില്‍ ഈ വിമാനത്താവളം ഏറ്റവും പിന്നിലാണ്.
ബഹുഭൂരിപക്ഷം വരുന്ന തങ്ങളുടെ യാത്രക്കാരുടെ അഭിപ്രായം കണക്കിലെടുക്കാതെയുള്ള സര്‍വേയാണ് നടന്നതെന്നായിരുന്നു വിമാനത്താവളം വക്താവ് പ്രതികരിച്ചത്. 2016 മെയ് മാസത്തിനും 2017 മെയ്ക്കുമിടയില്‍ ഇവിടെ നിന്ന് യാത്ര ചെയ്ത 435 പേരെ മാത്രമാണ് സര്‍വേയില്‍ പങ്കെടുപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ നടന്നു വരുന്ന കസ്റ്റമര്‍ സര്‍വീസ് ട്രാക്കിംഗില്‍ പങ്കെടുത്ത 1.7 മില്യന്‍ യാത്രക്കാര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.
Leave a Reply