തിരുവനന്തപുരം: എടപ്പാളില്‍ പത്തുവയസുകാരിക്ക് നേരെ പീഡനമുണ്ടായ സംഭവത്തില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതില്‍ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി. ഇതേതുടര്‍ന്ന് അറസ്റ്റ് നിയമപരമാണോയെന്നറിയാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടു നിയമോപദേശം തേടി.
മലപ്പുറം ചങ്ങരംകുളം തിയേറ്ററില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ശാരദ തിയറ്റര്‍ ഉടമ സതീശിനെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസിനെ വിവരം അറിയിക്കാന്‍ വൈകിയെന്നതായിരുന്നാരോപിച്ചായിരുന്നു അറസ്റ്റ്. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നും പൊലീസ് ആരോപിച്ചു. തിയേറ്റര്‍ ഉടമയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
എന്നാല്‍ പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. വിമര്‍ശനവുമായി വനിതാകമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍, മുന്‍ ഡിജ.പി ടി.പി.സെന്‍കുമാര്‍ തുടങ്ങിയവര്‍ രംഗത്തെത്തി.
ദുബായില്‍ ജ്വല്ലറി ഉടമയായ തൃത്താല സ്വദേശി മൊയ്തീന്‍കുട്ടിയാണു തിയേറ്ററില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ചത്. തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങളില്‍ സൂചന കിട്ടിയ ഉടനെ തിയേറ്റര്‍ ഉടമ ചൈല്‍ഡ്‌ലൈന്‍ മുഖേന പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പ്രതി മൊയ്തീന്‍കുട്ടിക്കെതിരേ ആദ്യം കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസായിരുന്നു പുറത്ത് വിട്ടത്. ഇതോടെ മൊയ്തീന്‍ കുട്ടി അറസ്റ്റിലാവുകയും സംഭവത്തില്‍ വീഴ്ച വരുത്തിയ ചങ്ങരംകുളം എസ്.ഐ കെ.ജെ ബേബിയെ തൃശ്ശൂര്‍ റെയ്ഞ്ച് ഐ.ജി എം.കെ അജിത്കുമാര്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാര നടപടിയെന്നോണമാണ് തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതെന്ന ആരോപണവുമുണ്ടായിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ആദ്യം മുതല്‍ പൊലീസ് തിയേറ്റര്‍ ഉടമയെ കുടുക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി പത്ത് തവണ മൊഴിയെടുക്കാനെന്ന പേരില്‍ ഇയാളെ വിളിപ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ ചോദ്യം ചെയ്യാനെന്ന രീതിയില്‍ ചങ്ങരംകുളം പൊലീസ് സ്‌റ്റേഷനില്‍ വിളിപ്പിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ ചൈല്‍ഡ് ലൈനിനെതിരെയും നടപടി ഉണ്ടാകുമെന്നാണു സൂചന.











Leave a Reply