സ്റ്റോക്ക് ഓൺ ട്രെൻഡ്: സ്റ്റോക്ക് ഓൺ ട്രെന്റിലുള്ള മലയാളികളായ നേഴ്‌സുമാരെ സംബന്ധിച്ചിടത്തോളം ഇത് കഷ്ടകാലത്തിന്റെ ദിനങ്ങളോ? ഒരു വശത്തു കോവിഡ് 19 എന്ന മഹാമാരി… ഭയം എല്ലാവരിലും ഒന്നുപോലെ ഉണ്ടെങ്കിലും പഠിച്ച ജോലിയോടുള്ള ആത്മാർഥതയും രോഗികളോട് ഉള്ള അനുകമ്പയും സ്വയം മറന്ന് പണിയെടുക്കുവാൻ മലയാളി നഴ്‌സുമാരെ പ്രാപ്തരാക്കുന്നു. മിക്ക അവസരങ്ങളിലും ബന്ധുക്കളെയും മിത്രങ്ങളെയും സഹായിക്കുവാൻ സാധിക്കുന്നതും അവർക്ക് മറ്റുള്ളവരെക്കുറിച്ചുള്ള ഈ സ്നേഹവും കരുതലും കൊണ്ട് ആണ്.
യുകെയുടെ പല ഭാഗങ്ങളിൽ നിന്നായി ഒരുപാട് മലയാളികൾ സ്റ്റോക്കിൽ എത്തിച്ചേർന്നിട്ടുണ്ട്. എല്ലാവരും തന്നെ നഴ്സുമാർ ആണ് താനും. പല സമയങ്ങളിൽ ആയി സ്റ്റോക്ക് ഓൺ ട്രെന്റിൽ ഒരു പിടി മലയാളികളുടെ ഭവനങ്ങൾ മോഷണത്തിന് ഇരയായിട്ടുണ്ട്. കൊറോണ വൈറസിന്റെ വ്യാപനത്തോടെ ഉണ്ടായ ലോക് ഡൗൺ കള്ളൻമാരെ വീട് കയറിയുള്ള മോഷണത്തിന് തടയിട്ടപ്പോൾ ഇതാ ഹോസ്‌പിറ്റൽ കാർ പാർക്കുകൾ ആണ് ഇപ്പോഴത്തെ ഹോട്ട്സ്പോട്ട്..
കഴിഞ്ഞ മാർച്ച് (21/03/2020 – 26/03/2020) വരെ മലയാളി നഴ്‌സുമാർക്ക് നഷ്ടപ്പെട്ടത് നാല് കാറുകൾ ആണ്. ജീവൻ പണയപ്പെടുത്തി വാർഡുകളിൽ പന്ത്രണ്ട് മണിക്കൂർ കോവിഡ് രോഗികളെ പരിചരിച്ചു പുറത്തുവന്നപ്പോൾ കള്ളൻമാർ തന്റെ കാറുകളോട് ചെയ്തത് ഉൾക്കൊള്ളുവാൻ അത്ര എളുപ്പമായിരുന്നില്ല. എല്ലാവരും ഓടിച്ചിരുന്നത് ഹോണ്ട ജാസ്.. നഷ്ടപ്പെട്ടത് കാറ്റലിക് കൺവെർട്ടർ… വണ്ടി വിലയേക്കാൾ കൂടുതൽ പണം മുടക്കിയാൽ മാത്രമേ വീണ്ടും ഓടിക്കാൻ സാധിക്കൂ. കൂടാതെ ക്ലെയിമയാൽ അതിന് കൊടുക്കുന്നതോടൊപ്പം പിന്നീട് ഇൻഷുറൻസ് തുക വർദ്ധിക്കുകയും ചെയ്യുന്നു. നോ ക്ലെയിം പ്രൊട്ടക്ഷൻ ഇല്ലെങ്കിൽ അതും നഷ്ടപ്പെടുന്നു. മിക്കവാറും വണ്ടി പാട്ട വിലക്ക് ഒഴിവാക്കേണ്ട അവസ്ഥ.
ടോയോട്ട ഹൈബ്രിഡ്, ഹോണ്ട ജാസ് എന്നിവയാണ് കള്ളൻമാരുടെ നോട്ടപ്പുള്ളി. ഇത്തരത്തിൽ നഷ്ടപ്പെട്ടവരുടെ ഇടയിലെ അവസാനത്തെ മലയാളി ആണ് നേഴ്‌സായ സിജി ബിനോയി. പതിവുപോലെ ജോലി കഴിഞ്ഞു പുറത്തെത്തിയ സിജി കാർ സ്റ്റാർട്ട് ചെയ്തപ്പോൾ പതിവില്ലാത്ത ഒരു ശബ്‌ദം. എന്താണ് പറ്റിയത് എന്ന് സിജിക്ക് മനസിലായില്ല. അടുത്തായതുകൊണ്ട് ഡ്രൈവ് ചെയ്‌തു വീട്ടിൽ എത്തി. പിറ്റേദിവസം ഭർത്താവ് ബിനോയ് സ്റ്റാർട്ട് ചെയ്‌തപ്പോഴും അസാധാരണമായ സൗണ്ട് വന്നപ്പോൾ ആർ എ സി യെ വിളിക്കുകയും ആണ് ചെയ്തത്. അങ്ങനെ അവർ പറഞ്ഞപ്പോൾ ആണ് മോഷണം ആണ് നടന്നിട്ടുള്ളത് എന്ന കാര്യം തന്നെ തിരിച്ചറിയുന്നത്.
ഇതേ ആശുപത്രിയിൽ നേഴ്‌സായി ജോലി നോക്കുന്ന ജോബി പീറ്റർ, സോഫി കുര്യക്കോസ്, നിനി ആൽബർട്ട് എന്നിവരുടെ കാറിന്റെ കാറ്റലിക് കൺവെർട്ടർ നഷ്ടപ്പെട്ടത് ഒരേ ദിവസം ആണ്. കുറച്ചു നാളുകൾക്ക് മുൻപ് ജുമോൾ തങ്കപ്പൻ എന്ന മലയാളി നേഴ്സിനും ഇതേ അനുഭവം ഉണ്ടായിരുന്നു. ഇതിൽ ജോബിയുടെ കാറിൽ നിന്നും ഉള്ള മോഷണം സി സി ടി വി യിൽ വളരെ വ്യക്തമായി കാണാം. രണ്ട് മിനിറ്റ് മാത്രമാണ് എടുത്തത് കട്ട് ചെയ്‌തു മാറ്റുവാൻ.
പ്രസ്‌തുത സംഭവങ്ങൾക്ക് ശേഷം ആശുപത്രി അധികൃതർ കൂടുതൽ സെക്യൂരിറ്റി ഏർപ്പെടുത്തിയെങ്കിലും ഒന്നും സംഭവിച്ചില്ല എന്ന് മാത്രമല്ല മോഷണം വീണ്ടും നടക്കുകയും ചെയ്തിരിക്കുകയാണ്. എന്തായാലും പോലീസ് അന്വോഷണം നടത്തുന്നു എങ്കിലും നഷ്ടപ്പെട്ട കാറും അതുണ്ടാക്കുന്ന മനോവിഷമവും പറഞ്ഞറിയിക്കാൻ സാധിക്കില്ല. കൊറോണ രോഗികളെ പരിചരിക്കുന്നത്തിൽ നിന്നും ഉള്ള ഭയം ഒരു വശത്തുള്ളപ്പോൾ മറുവശത്തു വീട്ടിലെ കുട്ടികളുമായി ഇടപഴുകുന്നതിൽ ഉള്ള ആശങ്ക… എല്ലാറ്റിനുമുപരിയായി ഇത് ഉണ്ടാക്കി വയ്ക്കുന്ന സാമ്പത്തിക ബാധ്യത… ഇതെല്ലാം പരിഹരിക്കാൻ എങ്ങനെ സമയം കണ്ടെത്തും… എല്ലാം നേരിടാനുള്ള കരുത്തു നൽകട്ടെ എന്ന് ആശംസിക്കുക എന്നല്ലാതെ എന്ത് ചെയ്യാൻ..
[…] […]