അയർക്കുന്നം: യുകെ മലയാളിയുടെ നാട്ടിലെ അയർക്കുന്നം ചേന്നമറ്റത്തുള്ള വീട്ടിൽ ഉണ്ടായ മോഷണത്തിൽ ഉണ്ടായ കാര്യങ്ങളെക്കുറിച്ചു നാടോടി കഥയെ വെല്ലുന്ന തരത്തിൽ വാർത്തകൾ പടച്ചുവിടുമ്പോൾ സത്യം എന്താണ് എന്ന് അറിയുവാനുള്ള യുകെ മലയാളികളുടെ താല്പര്യത്തെ മുൻനിർത്തി മലയാളം യുകെ, എന്താണ് സത്യത്തിൽ ഉണ്ടായത് എന്ന് വെളിപ്പെടുത്തുന്നു.
പ്രസ്‌തുത സംഭവത്തിൽ ഉൾപ്പെട്ട യുകെ മലയാളിയെ വ്യക്തിപരമായി അറിയുന്നതുകൊണ്ടും അവരുടെ അഭ്യർത്ഥന മാനിച്ചുമാണ് മലയാളം യുകെ വാർത്ത കൊടുക്കാതിരുന്നത്. കാരണം വാർത്തയെ തുടർന്നുണ്ടാകുന്ന ഫോൺ കോളുകൾക്ക് എല്ലാം മറുപടി പറയാൻ തക്ക മാനസികാവസ്ഥയിൽ അല്ല അവർ എന്ന് അറിവുള്ളതും കൊണ്ടും കൂടിയാണ്. അവർക്കുണ്ടായ നഷ്ടത്തെക്കാളേറെയായി അവർക്കുണ്ടായ മാനസിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കി വാർത്ത ഒഴിവാക്കിയപ്പോൾ അവിടെയും ഇവിടെയും കേട്ടത് വച്ച് വാർത്തകൾ ചിലർ പരമ്പരയാക്കിയതുകൊണ്ടാണ് ഇത് ഇപ്പോൾ പുറത്തുവിടുന്നത്.
സംഭവം ഇങ്ങനെ.. ഈ കഴിഞ്ഞ ബുധനാഴ്ച്ച ഉച്ചയോടെ ആണ് സംഭവം.. സ്വകര്യ ആവശ്യങ്ങൾക്കായി വീട്ടുടമസ്ഥൻ ചങ്ങനാശ്ശേരിക്ക് പുറപ്പെട്ടത്തിന് ശേഷമാണ് ഉണ്ടാകുന്നത്. ഈ സമയം യുകെ മലയാളിയുടെ ‘അമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. മാസ്ക് വച്ച് വീട്ടിൽ കയറിവന്ന മുപ്പതിന് അടുത്ത് പ്രായം തോന്നിക്കുന്ന ആൾ സ്വയം പരിചയപ്പെടുത്തുകയാണ്. സർക്കാർ നടപ്പാക്കുന്ന വാക്‌സിൻ സംബന്ധമായിട്ടാണ് ഞാൻ വരുന്നതെന്നും ഫോൺ തന്നാൽ ആപ്പ് ഡൗൺ ലോഡ് ചെയ്‌തു ബുക്ക് ചെയ്‌തു തരാമെന്നും പറയുകയായിരുന്നു. എന്നാൽ ഇവിടെ ആർക്കും കൊറോണ ഇല്ലെന്നും ഭർത്താവ് തിരിച്ചുവരുമ്പോൾ വേണ്ടത് ചെയ്തുകൊള്ളുമെന്നും പറഞ്ഞ് യുകെ മലയാളിയുടെ ‘അമ്മ അവരെ മടക്കി വിടാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ അല്പം തണുത്ത വെള്ളം തരുമോ എന്നായി കയറിവന്ന യുവാവിന്റെ ആവശ്യം. നന്നായി ഡ്രസ്സ് ചെയ്ത് നിൽക്കുന്ന ആളെ സംശയക്ക തക്ക ഒന്നും ഇല്ലായിരുന്നു. അങ്ങനെയാണ് ‘അമ്മ അകത്തുപോയി വെള്ളം ഫ്രിഡ്ജിൽ നിന്നും കള്ളനായ യുവാവ് കൊടുത്ത കുപ്പിയിൽ വെള്ളം എടുത്തുനൽകിയത്.
കുപ്പിയിൽ കൊടുത്ത തണുത്ത വെള്ളം കള്ളൻ കുടിച്ചത് തിരിഞ്ഞു നിന്നതിന് ശേഷം മാസ്ക് മാറ്റിയായിരുന്നു. തിരിച്ചു മാസ്ക് ഇട്ടശേഷമാണ് അമ്മക്ക് അഭിമുഖമായി യുവാവ് തിരിഞ്ഞത്. അതുകൊണ്ട് അമ്മക്ക് യഥാർത്ഥ മുഖം കാണുവാനുള്ള സാഹചര്യം ഇല്ലാതാക്കുക ആയിരുന്നു കള്ളനായ യുവാവിന്റെ ലക്ഷ്യം. വീണ്ടും കുറച്ചുക്കൂടി തണുത്ത വെള്ളം കുപ്പിയിൽ ആവശ്യപ്പെടുകയും, കൊറോണയുടെ പടർച്ച തുടരുന്ന കേരളത്തിൽ സ്വയം സംരക്ഷണം എന്ന രീതിയിൽ മുറ്റത്തുള്ള ടാപ്പ് ‘അമ്മ കാണിച്ചു കൊടുക്കുകയും ചെയ്‌തു.
എന്നാൽ വീണ്ടും തണുത്ത വെള്ളം എന്ന ആവശ്യം ഉന്നയിക്കുകയും, കുപ്പിയിൽ തിരിച്ചും തണുത്ത വെള്ളം നിറച്ചു കൈപ്പറ്റിയശേഷം കള്ളൻ പുറത്തേക്ക് നടക്കുന്നതും കണ്ടിട്ടാണ് ‘അമ്മ വീടിനുള്ളിൽ കടന്നു കതക് അടച്ചശേഷം ടീവി കാണുവാനായി ഇരുന്നത്. ടി വി യിലെ പരസ്യത്തെ തുടർന്ന് അടുക്കളയിലേക്ക് പോയ ‘അമ്മ പാത്രം കഴുകുന്നതിനിടയിൽ പുറകിൽ ആരോ വന്ന് നിൽക്കുന്നത് കാണുന്നത്. പോയി എന്ന് കരുതിയ യുവാവ്, പൂട്ടാതെ കിടന്ന വാതിലിൽ കൂടി ഉള്ളിൽ പ്രവേശിക്കുകയായിരുന്നു.
നിനക്ക് വെള്ളം തന്നതല്ലേ പിന്നെ എന്തിനാണ് ഉള്ളിൽ വന്നത് എന്ന് ‘അമ്മ ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ.. ഞാൻ വെള്ളം കുടിക്കാൻ വന്നതല്ലെന്നും മോഷ്ടിക്കാൻ ആണ് വന്നതെന്നും പറയുകയുണ്ടായി. തോക്കെടുത്തു കാണിച്ച ശേഷം ഒച്ച വച്ചാൽ കൊന്നുകളയുമെന്നും ഭീഷണപ്പെടുത്തി.
ഇതിനിടയിൽ അടുക്കള വാതിലിലൂടെ രക്ഷപെടുവാൻ ശ്രമിച്ച അമ്മയുടെ കഴുത്തിനാണ് കള്ളൻ പിടുത്തമിട്ടത്. കൂടുതൽ ഭീഷണികൾ മുഴക്കിയ കള്ളൻ തുടന്ന് അമ്മയുടെ കൈകൾ തുണിയെടുത്തു കൂട്ടി കെട്ടുകയും ചെയ്‌തു. അമ്മയുടെ നെറ്റിയുടെ നേരെ തോക്ക് ചൂണ്ടിയാണ് മറ്റു മുറികളിലേക്ക് അമ്മയെ കൊണ്ടുപോയത്.
ഇതിനോടകം കഴുത്തിൽ കിടന്ന മാല ആവശ്യപ്പെട്ട കള്ളൻ അത് ബലമായി ഊരി എടുത്തിരുന്നു. തുടർന്ന് ഓരോ മുറികളിലും അമ്മയെ കൊണ്ടുപോവുകയും അവസാനം കയറിയ മുറിയിലെ അലമാരയിൽ താക്കോൽ കിടക്കുന്നതും അതിൽ ഉണ്ടായിരുന്ന സ്വർണ്ണം അടങ്ങുന്ന പെട്ടി കൈയിലാക്കുകയും ചെയ്‌തു. ഡയമണ്ട് മോതിരം ഉൾപ്പെടെയുള്ള പെട്ടിയാണ് നഷ്ടപ്പെട്ടത്.
പണം ഉണ്ടായിരുന്ന ഒരു ബാഗ് കള്ളന്റെ കണ്ണിൽ പെട്ടെങ്കിലും കുലുക്കിനോക്കി തിരികെ വയ്ക്കുകയാണ് ചെയ്‌തത്.
ഇതിനിടെ പുറത്തു കിടന്ന കാറിന്റെ കീ ചോദിച്ചെങ്കിലും അത് ചങ്ങനാശ്ശേരിക്ക് പോയ ഭർത്താവിന്റെ കൈയിലാണ് എന്ന് പറയുകയും ചെയ്‌തു. വീട്ടിൽ ഉണ്ടായിരുന്ന കീ കള്ളൻ കാണാത്തതുകൊണ്ട് കാർ എടുക്കാൻ സാധിച്ചില്ല.
തുടർന്ന് അമ്മയുടെ വായിൽ തുണി തിരുകി വയ്ക്കുകയും, തോർത്ത് കൊണ്ട് പുറമെ കെട്ടുകയും ചെയ്‌തശേഷം മുറിയിൽ ആക്കി പുറത്തുനിന്നും പൂട്ടിയ ശേഷം കള്ളൻ കടന്നു കളയുകയാണ് ഉണ്ടായത്. വളരെ പരിശ്രമിച്ചാണ് ‘അമ്മ കൈയിലെ കേട്ട് അഴിച്ചത്. ജനാല വഴിയുള്ള ഉച്ചത്തിലുള്ള വിളി കേട്ട അടുത്ത് താമസിച്ചിരുന്ന ഭർത്താവിന്റെ സഹോദര ഭാര്യയാണ് ആണ് ഓടിയെത്തി വീട് തുറന്നത്. പിന്നീട് എത്തിയ നാട്ടുകാർ ചങ്ങനാശ്ശേരിക്ക് പുറപ്പെട്ട് പാതി വഴിക്ക് എത്തിയ കുടുംബനാഥനെ വിവരം അറിയിക്കുന്നത്.
അറിയിച്ചതനുസരിച്ചു അയർക്കുന്നം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മോഷണം നടത്തിയത് നീല ഷർട്ടും കറുത്ത പാന്റ്സും ധരിച്ച ആളാണെന്നു ‘അമ്മ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
വലിയ ഒരു ആപത്തിൽ നിന്നും രക്ഷപെട്ട അവരുടെ അമ്മയെ ആശ്വസിപ്പിക്കുന്ന ദുഃഖിതരായ യുകെ മലയാളി കുടുംബത്തെ നമ്മൾ നഷ്ടപ്പെട്ട സാധനങ്ങളുടെ കണക്കെടുപ്പിനായി വിളിച്ചു ശല്യപ്പെടുത്താതെ സഹകരിക്കുക. നാട്ടിൽ ഇനിയാർക്കും ഇങ്ങനെ സംഭവിക്കാതിരിക്കാൻ ഈ വാർത്ത ഉപകാരപ്പെടെട്ടെ എന്നും മുൻകരുതൽ എടുക്കുന്നതിൽ സഹായിക്കട്ടെ എന്നും ആശിക്കുന്നു. അതുപോലെ തന്നെ യുകെയിലെ മലയാളികളുടെ ഇടയിലേക്ക് ഇട്ടുകൊടുക്കുന്ന ഊതിപ്പെരുപ്പിച്ച ‘പരമ്പര’ വാർത്തകൾക്ക് വിരാമമാകുമെന്നും പ്രതീക്ഷിക്കാം.
Leave a Reply