ആശുപത്രിയിലെത്തി മടങ്ങുകയായിരുന്ന വയോധികയുടെ മാല കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍. തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി അമ്മു (26) വിനെയാണ് ഇരിഞ്ഞാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു സംഭവം. വയോധികയെ വീട്ടിലെത്താന്‍ സഹായിക്കാമെന്ന് പറഞ്ഞ് ഓട്ടോ വിളിച്ച് കയറ്റി കൊണ്ടുപോയി യാത്രയ്ക്കിടെ മാല കവരുകയായിരുന്നു
ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ എത്തിയശേഷം മുരിയാടുള്ള വീട്ടിലേക്ക് പോകാന്‍ ബസ് കാത്ത് നിന്നിരുന്ന വിയ്യത്ത് തങ്കമണി എന്ന വയോധികയെയാണ് യുവതി കബളിപ്പിച്ച് ഓട്ടോയില്‍ കയറ്റിയത്. തങ്കമണിയെ യുവതി ആശുപത്രിയില്‍ വെച്ച് പരിചയപ്പെട്ട ശേഷമാണ് തട്ടിപ്പ് നടത്തിയത്.
ഓട്ടോയില്‍നിന്നും ഇറങ്ങി വീട്ടിലേക്ക് നടക്കവെയാണ് തങ്കമണി മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. രണ്ടേമുക്കാല്‍ പവന്‍ തൂക്കമുള്ളതായിരുന്നു മാല. തുടര്‍ന്ന് നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
ഇതിനിടെ കോഴിക്കോട് നിന്നും മറ്റൊരു കേസില്‍ പിടിക്കപ്പെട്ട അമ്മുവിനെ തിരിച്ചറിയുകയും ഇരിങ്ങാലക്കുടയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. അമ്മു തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഒരു മോഷണക്കേസില്‍ പ്രതിയാണ്. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷാജന്‍.എം.എസ്, ജൂനിയര്‍ എസ്.ഐ. സഹദ്, എ.എസ്.ഐ. മെഹറുന്നീസ, സി.പി.ഒ. മാരായ മുരളീകൃഷ്ണന്‍, ഹബീബ്.എം.എ, ടെസ്‌നി ജോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Leave a Reply